മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരച്ഛനും മകനുമായിരുന്നു അത്. ഒരു ഉത്സവകാലചിത്രത്തിനുണ്ടായിരിക്കേണ്ട എലമെന്റുകൾ തീരെയുമില്ല. എങ്കിലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ആ അച്ഛനേയും മകനേയും ഏറ്റെടുത്തു. ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറുകയുണ്ടായി. ചിത്രം ‘കിഷ്ക്കിന്ധാകാണ്ഡം’. മറവിയുടേയും കുറ്റബോധത്തിന്റേയും കിഷ്കിന്ധാകാണ്ഡത്തിലകപ്പെട്ടുപോയ അപ്പുപ്പിള്ളയുടേയും അജയന്റേയും കഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു ഇതിഹാസകാണ്ഡം എഴുതിച്ചേർക്കുകയായിരുന്നു തലശ്ശേരിക്കാരനായ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. തിയറ്ററുകളിൽ ഇപ്പോഴും ശ്രദ്ധപിടിച്ചു പറ്റി മുന്നേറുന്ന ‘കിഷ്ക്കിന്ധാകാണ്ഡ’ത്തിന്റെ സംവിധായകൻ ‘വനിത ഓൺലൈനോട്’ മനസ് തുറക്കുന്നു.
‘കക്ഷി അമ്മിണിപ്പിള്ള’യായിരുന്നല്ലോ ആദ്യ പടം. അതിനു ശേഷം ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ‘കിഷ്ക്കിന്ധാകാണ്ഡം’. അമ്മിണിപ്പിള്ളക്ക് മുമ്പുള്ള കാലം എങ്ങനെയായിരുന്നു ?
അനിമേറ്ററെന്ന നിലയിൽ കുടുംബമായി ചെന്നൈയിലും ബാംഗ്ലൂരിലുമായി ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് സിനിമയാണ് എന്റെ വഴിയെന്ന് തീരുമാനിക്കുന്നത്. എനിക്കും കുടുംബത്തിനും അതൊരു ടഫ് ഡിസിഷ്യനായിരുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാലത്താണ് കൊച്ചിയിൽ വന്നിറങ്ങുന്നത്. ഡബിൾ ബാരൽ, 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ഡയറക്ടറായിരുന്നു. സംവിധാനത്തിലേക്ക് വരുമ്പോൾ ഒരു പടം പോലും അസിസ്റ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒരു ആക്ടറെ പ്രോജെക്റ്റിലേക്കെത്തിക്കുക എളുപ്പമായിരുന്നില്ല. ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ആസിഫ് യെസ് പറഞ്ഞതോടെയാണ് ആദ്യ പ്രൊജക്റ്റ് ഓണാകുന്നത്.
അമ്മിണിപ്പിള്ളക്ക് ശേഷം എന്തുകൊണ്ടാണ് ഇത്രയും കാലത്തെ ഇടവേളയുണ്ടായത് ?
നല്ലൊരു തിരക്കഥ ലഭിക്കാത്തതാണ് അമ്മിണിപ്പിള്ളക്കും കിഷ്കിന്ധാകാണ്ഡത്തിനുമിടയിൽ ഒരിടവേളയുണ്ടായത്. എന്നെ സന്തോഷിപ്പിക്കാത്ത ഒരു സിനിമ ചെയ്യേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അവസരങ്ങളുണ്ടായെങ്കിലും എക്സൈറ്റ് ചെയ്യിക്കുന്ന ഒരു സ്ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ് നല്ലതെന്ന് തോന്നി. കുറച്ചു കാലത്തിനിടയിൽ പ്രേക്ഷകരുടെ ആസ്വാദന നിലവാരം നമുക്ക് അളക്കാവുന്നതിനുമപ്പുറം വളർന്നു കഴിഞ്ഞിരിക്കുന്നു. ലോകത്തിൽ എവിടെയും സൃഷ്ടിക്കപ്പെടുന്ന ഏത് കണ്ടന്റും കാണാനുള്ള അവസരം ഈ ജനറേഷന് ലഭിച്ചു കഴിഞ്ഞു. അവരെ തൃപ്തിപ്പെടുത്താൻ നമ്മളും ചാലഞ്ചിങ്ങായ സബ്ജക്റ്റുമായി വന്നേ പറ്റൂ.

അനിമേഷൻ ബാക് ഗ്രൗണ്ടിനെക്കുറിച്ച് ?
പൂനെയിലെ റിലയൻസ് എന്റർടൈൻമെന്റിലാണ് അനിമേറ്ററായുള്ള കരിയർ തുടങ്ങുന്നത്. കിഷ്കിന്ധാകാണ്ഡത്തിലെ കുരങ്ങന്മാരുടെ രംഗങ്ങൾ സി ജി അല്ലേ, നന്നായിട്ടുണ്ടെന്ന് പലരും പറയാറുണ്ട്. എന്റെ അനിമേഷൻ ബാക്ക്ഗ്രൗണ്ട് അറിയാവുന്നത് കൊണ്ടാണ് അങ്ങിനെ ചോദിക്കുന്നത്. സത്യത്തിൽ സിനിമയിലെ കുരങ്ങന്മാരെല്ലാം ഒറിജിനലാണ്. അനിമേഷൻ പശ്ചാത്തലം സിനിമയിൽ ഒരുപാട് സഹായകരമായിട്ടുണ്ട്. കൃത്യമായി സ്റ്റോറി ബോർഡുകൾ വച്ച് ഷൂട്ടിങ് പ്ലാൻ ചെയ്യുമ്പോൾ അനാവശ്യമായോ, അമിതമായോ സീനുകളെടുക്കേണ്ടി വരാറില്ല. ആനിമേഷന് പ്രാധാന്യമുള്ള സിനിമ ചെയ്യണമെന്നുണ്ട്. പക്ഷേ ആനിമേഷൻ മേഖലയിൽ നിന്നുള്ള ആളായത്കൊണ്ട് മാത്രം ഒരു പ്രൊജക്റ്റ് ചെയ്യില്ല. നല്ല സബ്ജെക്റ്റ് ആണെങ്കിൽ മാത്രം അത്തരം സിനിമകൾ ചെയ്യും.

കിഷ്ക്കിന്ധാകാണ്ഡത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ?
കോവിഡ് കാലത്താണ് ബാഹുൽ നല്ലൊരു ത്രെഡ് കിട്ടിയിട്ടുണ്ട് നമുക്കൊന്ന് വർക്ക് ഔട്ട് ചെയ്താലോയെന്ന് പറയുന്നത്. എട്ടു ദിവസത്തിന് ശേഷം ഫുൾ സ്ക്രിപ്റ്റുമായാണ് ബാഹുൽ വരുന്നത്. ആദ്യ വായനയിൽ തന്നെ ഞാൻ ഫ്ലാറ്റായി. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ഒരു കഥ. പൂർണ്ണമായും ഒറിജിനൽ കണ്ടെന്‍റ്. അപ്പോൾ തന്നെ ഇത് നമ്മൾ ചെയ്യുന്നുവെന്ന് തീരുമാനിച്ചു. ആ നിമിഷം തന്നെ നായക കഥാപാത്രമായി ആസിഫ് അലിയേയും ഉറപ്പിച്ചു. പിന്നീടെല്ലാം പ്രതീക്ഷിച്ചതിലും വേഗത്തിൽ നടന്നു.
ഷൂട്ടിങ്ങൊക്കെ എങ്ങനെയായിരുന്നു ?
കിഷ്ക്കിന്ധാകാണ്ഡത്തിന്റെ ഷൂട്ടിങ് അത്ര റിലാക്സ്ഡായിരുന്നില്ല. സിനിമയുടെ പ്രധാന ഭാഗങ്ങൾ നടക്കുന്ന വീട് ആകെ ഇരുപത് ദിവസത്തേക്ക് മാത്രമാണ് ഷൂട്ടിങ്ങിന് ലഭിക്കുന്നത്. നമ്മുടെ ദിവസങ്ങൾ കഴിഞ്ഞാലുടനെ ഭ്രമയുഗത്തിന്റെ ഷൂട്ടിങ് തുടങ്ങേണ്ടതാണ്. പോരാത്തതിന് നല്ല മഴയും. നല്ല പ്രഷറിലാണ് ഷൂട്ടിങ് മുന്നോട്ട് പോയത്. പക്ഷേ മഴയുണ്ടാക്കിയ പച്ചപ്പും ഫ്രഷ്‌നസും സിനിമയുടെ വിഷ്വൽസ് മികച്ചതാക്കിയെന്നതാണ് സത്യം. ചില സമയങ്ങളിൽ എല്ലാ കാര്യങ്ങളും നമുക്കായി ഒരുക്കിവച്ചത് പോലെ ഒത്തുവരാറുണ്ട്. അതാണ് കിഷ്കിന്ധാകാണ്ഡത്തിലുമുണ്ടായത്. സിനിമയുടെ ഓണം റിലീസ് പോലും അങ്ങിനെ സംഭവിച്ചതാണ്.

അപ്പുക്കുട്ടൻ നായരും അജയനും, സിനിമയിലെ വിജയരാഘവന്റെ അച്ഛൻ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു ?
ഒരച്ഛനും മകനും തമ്മിലുള്ള ഇമോഷണൽ സംഘർഷങ്ങൾ തന്നെയാണ് കിഷ്കിന്ധാകാണ്ഡം. അജയന് ആസിഫ് അലി ഫസ്റ്റ് ചോയിസാണ്. മികച്ച നടനാണ്. നല്ലൊരു സുഹൃത്താണ്. ഏതു കാര്യവും പറയാനുള്ള അടുപ്പവും സ്വതന്ത്ര്യവും ആസിഫ് തരാറുണ്ട്. അമ്മിണിപ്പിള്ളയിലെ തലശ്ശേരിക്കാരനായ വക്കീൽ പ്രദീപൻ മഞ്ഞോടി അതുവരെ ആസിഫ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തനായിരുന്നു. അപ്പുപ്പിള്ള കുട്ടേട്ടനെ ഏൽപ്പിക്കാനുള്ള തീരുമാനമാണ് ഡയറക്ടറെന്ന നിലയിൽ ഈ സിനിമയിലെ എന്റെ ഏറ്റവും ബെസ്റ്റ് ഡിസിഷ്യൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം വളരെ മനോഹരമായ രീതിയിൽ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
കുടുംബം ?
തലശേരി കുട്ടിമാക്കൂലിലെ അയ്യത്താൻ ദിവാകരന്റേയും വസന്തയുടേയും മകനാണ്. ഭാര്യയുടെ പേര് ശർമിള. രണ്ട് മക്കൾ. ധ്യാൻ, ദേവ്.