മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സത്യൻ അന്തിക്കാടും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചിത്രത്തിന്റെ പൂജ വിഡിയോ ആശിർവാദ് സിനിമാസിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
മാളവിക മോഹനനാണ് ചിത്രത്തിൽ നായിക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ പൂണൈ ആണ്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്. അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതും സിനിമയിൽ മുഴുനീള വേഷത്തിലുണ്ട്. നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.