മലയാള സിനിമയുടെ ഇതിഹാസം നടൻ മധുവിനെ സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ദേവി ചന്ദന. നടന്‍ മധുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടതിനെ കുറിച്ച് പറയുന്ന വിഡിയോയും ദേവി പോസ്റ്റ് ചെയ്തു. മധുവിന് മധുരം നല്‍കി പൊന്നാട അണിയിക്കുന്നതും വിഡിയോയിൽ കാണാം. ‘ഓമലാളെ കണ്ടു ഞാന്‍’ എന്നു തുടങ്ങുന്ന പാട്ടാണ് വിഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.
‘എക്കാലത്തെയും ഏറ്റവും മികച്ച നിമിഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന് പ്രത്യേകിച്ച് ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ല. ദൂരദര്‍ശനിലെ എന്റെ ആദ്യ സീരിയലായിരുന്നു മരുഭൂമിയില്‍ പൂക്കളം. അതിന്റെ ഓര്‍മ്മകള്‍ ഇതിഹാസമായ മധു സാറുമായി പങ്കിടുകയായിരുന്നു. പിന്നെ തന്റെ ഡാന്‍സ് അക്കാദമിയില്‍ ആദ്യ അരങ്ങേറ്റം കുറിച്ച എന്റെ കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. നിങ്ങള്‍ എന്താണോ അതിന് നന്ദി പറയാന്‍ കഴിയില്ല. സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ ഭാഗ്യമുണ്ടായി’എന്നാണ് ദേവി ചന്ദന വിഡിയോയ്ക്കൊപ്പം കുറിച്ചത്.