ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്സൈസ് ചോദ്യം ചെയ്യലിൽ താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും നടൻ ഷൈൻ ടോം ചാക്കോ. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു മൊഴി നൽകി. തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ എക്സൈസ് സംഘം തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ചികിത്സാ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ ആലപ്പുഴ എക്സൈസ് ഓഫിസിൽ എത്തിയിരുന്നു. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാരേഖയാണ് ഹാജരാക്കിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്നു മോചനം നേടണമെന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തിയത്. രാവിലെ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതിൽ ഷൈൻ ടോം ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തന്റെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു താഴത്തെ നിലയിലേക്ക് വന്ന ഷൈൻ പിന്നീട് അഭിഭാഷകനെ കണ്ട ശേഷം തിരികെ എക്സൈസ് ഓഫിസിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഷൈനിനെ ചോദ്യം ചെയ്തു തുടങ്ങിയത്. രാവിലെ 10 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഷൈൻ രണ്ടര മണിക്കൂറിനു മുന്നേ എത്തുകയായിരുന്നു.