ADVERTISEMENT

തമിഴ് നടൻ രവി മോഹനെതിരെ ഭാര്യ ആരതി രംഗത്ത്. സുഹൃത്ത് കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ‘എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നു’ എന്ന ആമുഖത്തോടെ അവര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘ഒരു വര്‍ഷമായി ഞാന്‍ ഒന്നിനെക്കുറിച്ചും ആരോടും സംസാരിച്ചിരുന്നില്ല. നിശബ്ദത പാലിച്ചു. എന്നാല്‍ അത് ഞാന്‍ ദുര്‍ബലയായതുകൊണ്ടല്ല. മറിച്ച് എന്റെ ആ വാക്കുകളേക്കാള്‍ എന്റെ മക്കള്‍ക്ക് സമാധാനം ആവശ്യമായിരുന്നതുകൊണ്ടാണ്. എനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും എല്ലാ കുറ്റപ്പെടുത്തലുകളും എല്ലാ ക്രൂരമായ പരിഹാസങ്ങളും ഞാന്‍ ഏറ്റുവാങ്ങി. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല. എനിക്ക് സത്യം അറിയാത്തതുകൊണ്ടല്ല, മറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുന്നതിന്റെ സമ്മര്‍ദ്ദം എന്റെ മക്കള്‍ക്കുണ്ടാകരുത് എന്ന് കരുതിയാണ്.

ADVERTISEMENT

കാണുന്നതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് യാഥാര്‍ഥ്യം. എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ 18 വര്‍ഷം എന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ഒപ്പം നിന്ന മനുഷ്യന്‍ എന്നില്‍ നിന്ന് മാത്രമല്ല, ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. മാസങ്ങളായി മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. എല്ലാ സങ്കടങ്ങളും ഞാന്‍ പിടിച്ചുനിര്‍ത്തി. എല്ലാം ഒറ്റയ്ക്ക് ചുമന്നു. ഒരുകാലത്ത് മക്കള്‍ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയില്‍നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല. ഇപ്പോള്‍ അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ വന്ന് ഞങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്.

ഞാന്‍ പണത്തോട് അത്യാര്‍ത്തിയുള്ളവരാണെന്ന് പലപ്പോഴും ആരോപണം കേട്ടു. അത് സത്യമായിരുന്നെങ്കില്‍ ഞാന്‍ എന്റെ സ്വന്തം താത്പര്യങ്ങള്‍ പണ്ടേ സംരക്ഷിക്കുമായിരുന്നു. പക്ഷേ ഞാന്‍ എല്ലാത്തിനും മുകളില്‍ സ്‌നേഹവും വിശ്വാസവുമാണ് തിരഞ്ഞെടുത്തത്. അതാണ് എന്നെ ഇവിടെ എത്തിച്ചത്.

ADVERTISEMENT

സ്‌നേഹിച്ചതില്‍ എനിക്ക് ഖേദമില്ല. എന്നാല്‍ ആ സ്‌നേഹം ബലഹീനതയായി മാറ്റിയെഴുതുന്നത് ഞാന്‍ നോക്കിനില്‍ക്കില്ല. എന്റെ മക്കള്‍ക്ക് പത്തും പതിനാലും വയസ്സുണ്ട്. അവര്‍ക്ക് വേണ്ടത് സുരക്ഷിതത്വവും സ്വസ്ഥതയും മെച്ചപ്പെട്ട ജീവിതവുമാണ്. നിയമപരമായ വ്യവസ്ഥകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രായമായിട്ടില്ല. പക്ഷേ ഉപേക്ഷിക്കപ്പെട്ടുവെന്ന് മനസിലാക്കാനുള്ള പ്രായമുണ്ട്. മറുപടിയില്ലാത്ത ഓരോ കോളും, റദ്ദാക്കിയ ഓരോ കൂടിക്കാഴ്ചയും. എനിക്കുവേണ്ടിയുള്ളതും എന്നാല്‍ അവര്‍ വായിച്ചതുമായ ഓരോ സന്ദേശവും, ഇതെല്ലാം അവരുടെ മനസിലെ മുറിവുകളാണ്. ഞാനിന്ന് സംസാരിക്കുന്നത് ഒരു ഭാര്യ എന്ന നിലയിലല്ല. തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലുമല്ല. മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ഒരമ്മ എന്ന നിലയിലാണ്.

ഞാനിപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ എന്നെന്നേക്കുമായി പരാജയപ്പെടും. നിങ്ങള്‍ക്ക് വിജയിച്ച് മുന്നോട്ടുപോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകള്‍ നിങ്ങള്‍ക്ക് മാറ്റാം. പക്ഷേ നിങ്ങള്‍ക്ക് സത്യം മാറ്റിയെഴുതാന്‍ കഴിയില്ല. ഒരു അച്ഛന്‍ എന്നത് ഒരു സ്ഥാനപ്പേര് മാത്രമല്ല. അതൊരു ഉത്തരവാദിത്തമാണ്.

ADVERTISEMENT

എന്റെ ഇന്‍സ്റ്റാഗ്രാം പേരിനെക്കുറിച്ച് ആകുലപ്പെടുന്നവരോടും സ്വയം പ്രഖ്യാപിത അഭ്യുദയകാംക്ഷികളോടും - ഞാനും നിയമവും മറിച്ചൊരു തീരുമാനമെടുക്കുന്നത് വരെ ഞാന്‍ ആരതി രവി ആയി തന്നെ തുടരും. ബഹുമാനപ്പെട്ട മാധ്യമങ്ങളോട്, നിയമനടപടികള്‍ അവസാനിക്കുന്നതുവരെ ദയവായി എന്നെ മുന്‍ഭാര്യ എന്ന് വിളിക്കുന്നത് ഒഴിവാക്കുക.

ഇത് പ്രതികാരമല്ല. ഇതൊരു പ്രകടനമല്ല. ഇത് തീയിലേക്ക് കാലെടുത്തുവെക്കുന്ന ഒരമ്മയാണ് - പോരാടാനല്ല, സംരക്ഷിക്കാന്‍. ഞാന്‍ അലമുറയിട്ട് കരയുന്നില്ല. ഞാന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കാരണം എനിക്കത് ചെയ്‌തേ മതിയാവൂ. നിങ്ങളെ ഇപ്പോഴും അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ക്കുവേണ്ടി. അവര്‍ക്കുവേണ്ടി,  ഞാന്‍ ഒരിക്കലും പിന്നോട്ട് പോകില്ല’. – ആരതി കുറിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് താൻ വിവാഹമോചിതനാകുന്നുവെന്ന് രവി മോഹൻ പ്രഖ്യാപിച്ചത്.

ADVERTISEMENT