Tuesday 17 August 2021 04:48 PM IST

‘ഇനി പറയ്, ശരിക്കും ആരാ കോട്ടയം നസീർ?’ കോട്ടയം നസീർ സംക്രാന്തി നസീറിനോട് ചോദിച്ചു

Vijeesh Gopinath

Senior Sub Editor

Kottayam-Nazeer

ചിരിമുണ്ടിലെ ‍ഡബിൾകരയാണ് നസീറുമാർ, കോട്ടയം നസീറും സംക്രാന്തി നസീറും. കോട്ടയം നസീറിന്റ നാടായ കറുകച്ചാലു നിന്ന് സംക്രാന്തിയിലേക്ക് ഇരുപത്തഞ്ചു കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഇരുമെയ്യും ഒറ്റ മനസ്സുമായാണ് രണ്ടുപേരും ആൾക്കാരെ ചിരിപ്പിക്കാനിറങ്ങിയത്. ഉത്സവപ്പറമ്പുകളിൽ പൊട്ടിച്ചിരിയുടെ നിലയമിട്ടുകൾ രണ്ടുപേരും മത്സരിച്ചു പൊട്ടിച്ചു. ഒരേ നാട്ടുകാർ ഒരേ ട്രൂപ്പിൽ ഇണങ്ങിയും പിണങ്ങിയും ഒരുപാടു വർഷം കോമഡി ഷോകൾ ചെയ്തു.

Kottayam-Nazeer3

പക്ഷേ കഥ തുടങ്ങുന്നത് ഇവിടൊന്നുമല്ല. കാൽ നൂറ്റാണ്ട് മുമ്പ്. അന്ന് സംക്രാന്തി നസീർ അറിയപ്പെട്ടിരുന്നത് കോട്ടയം നസീർ എന്ന പേരിലായിരുന്നു. സ്കിറ്റും പാട്ടുമൊക്കെയായി ചെറിയ സ്റ്റേജുകളിൽ സംക്രാന്തിക്കാരനായ മെലിഞ്ഞ പയ്യൻ കസറിത്തുടങ്ങിയ കാലം.

അപ്പോഴാണ് ആ നോട്ടീസ് കിട്ടുന്നത്. സ്വന്തം നാടായ സംക്രാന്തിക്കടുത്തുള്ള നീലിമംഗലം പള്ളിയിൽ ഒരു മിമിക്സ് ഷോ. അത് ലീഡ് ചെയ്യുന്നത് ‘കോട്ടയം നസീർ‌’. ഞാനല്ലാതെ മറ്റൊരു കോട്ടയം നസീറോ? പ്രശ്നമുണ്ടാക്കാനുറപ്പിച്ച് നസീറും സംഘവും നീലിമംഗലം പള്ളിപ്പറമ്പിലേക്ക് ‘മാർച്ച്’ ചെയ്തു....

Kottayam-Nazeer2

‘ഇന്നത്തെ’ സംക്രാന്തി നസീർ പറയും ‘‘മറ്റൊരാൾ എന്റെ പേരിട്ടു നടക്കുന്നത് ഒന്നറിയണമല്ലോ. അവിടെ ചെന്നപ്പോഴാണ് ഗംഭീര പ്രോഗ്രാം. പത്തു നാൽപതു താരങ്ങളെ പുല്ലുപോലെയാണ് ഇവൻ അനുകരിച്ചത്. ആൾക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നു.

സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഞാൻ കൈകൊടുത്തു. ‘‘സംഭവം ഉഷാറാ, പക്ഷേ നീ ഡ്യൂപ്ലിക്കേറ്റ് കോട്ടയം നസീറാണ്, ഞാനാ ഒറിജിനൽ’’ അന്നാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്.

പക്ഷേ കാലം എന്റെ ‘കോട്ടയം’ അവനു കൊടുത്തു. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും കോട്ടയം നസീർ എന്ന പേര് ചിരിയുടെ പര്യായമായി . ഒരൊറ്റ നിമിഷം കൊണ്ട് പല താരങ്ങളായി സ്റ്റേജിൽ വന്ന കോട്ടയം നസീർ സ്റ്റേജ് ഷോകളുടെ ഒഴിച്ചു കൂടാനാവാത്ത െഎറ്റമായി. അങ്ങനെ കോട്ടയം നസീറെന്ന പേര് അവന് സ്ഥിരമായി കിട്ടി. ഞാൻ സംക്രാന്തി നസീറുമായി....’’ രണ്ടു നസീറുമാരും പൊട്ടിച്ചിരിക്കുന്നു.