‘വിവാഹം കഴിഞ്ഞു കുഞ്ഞായില്ലേ, ഇനി ചെറിയ റോൾ ഒക്കെ പോരേ’ എന്നു ചോദിച്ചവരോട് ശിവദ സൗമ്യമായി മറുചോദ്യം ചോദിച്ചു.
‘‘വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറ്?’’
കുഞ്ഞുള്ളതല്ലേ എന്നു പറഞ്ഞു തന്നെ തേടി വരുന്ന ടിപ്പിക്കൽ റോൾ സ്വീകരിക്കില്ല എന്നാണ് ശിവദയുടെ നിലപാട്. കാലത്തിന്റെ മാറ്റം തെളിയിക്കുന്ന ഉറച്ച തീരുമാനം. ‘12th മാനി’ലെ ഡോക്ട ർ നയന, ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലെ മെറിൽ എന്നീ കഥാപാത്രങ്ങളിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയാണ് ഇപ്പോൾ ശിവദ.
ആദ്യ സിനിമ ഹിറ്റ് ആയിരിക്കെ ബ്രേക്ക് എടുക്കാൻ എങ്ങനെ ധൈര്യം വന്നു ?
വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലേക്ക് അവസരം വന്നത്. നൃത്തം, പാട്ട് ഒക്കെ പഠിച്ചിരുന്നെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അഭിനയിച്ചാലോ എന്ന് എനിക്ക് തോന്നിയ സമയത്ത് ഓഫറുകളൊന്നും വന്നുമില്ല.
എൻജിനീയറിങ് അഞ്ചാം സെമസ്റ്ററിൽ ത ന്നെ ജോലി ലഭിച്ചു. അതേ സമയം വിജെ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ‘കേരള കഫേ’ എന്ന ചിത്രത്തിനു ശേഷം ഫാസിൽ സാറിന്റെ ‘ലിവിങ് ടുഗതറി’ൽ. അതിനു ശേഷമാണ് ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഐടി കമ്പനിയിൽ കിട്ടിയ ജോലി മാറ്റി വച്ച് സിനിമയ്ക്കു വേണ്ടി ശ്രമിച്ചു. ചാൻസ് കിട്ടാതെ വന്നപ്പോൾ ജോലി കളയേണ്ടിയിരുന്നില്ല എന്നു തോന്നി. ഐടി ഫീൽഡിൽ അപ്ഡേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ ഏറെയും എൻജിനീയർമാരാണ്. രണ്ടു വർഷം എങ്കിലും എൻജിനീയറിങ് ജോലിയിൽ പരിശീലനം നേടിയിട്ട് പോരേ സിനിമ നോക്കുന്നത് എന്ന് അച്ഛൻ പറഞ്ഞതുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ‘സു സു സുധി വാത്മീകം’ ലഭിക്കുന്നത്.
ആ കാലത്തെ സമ്മർദം എങ്ങനെ മറികടന്നു ?
എന്റെ എല്ലാ കാര്യത്തിനും അമ്മയാണ് കൂടെ. തുടക്ക കാലത്ത് അമ്മയായിരുന്നു എനിക്ക് ഭക്ഷണം തരുന്നതും കുടപിടിച്ചു തരുന്നതുമെല്ലാം. അന്നൊക്കെ ഞാൻ അഭിനയിക്കുന്ന സമയത്ത് അമ്മ ഒറ്റയ്ക്ക് കാരവാനിൽ ഇരിക്കും. ഇപ്പോൾ മകൾ അരുന്ധതിയെയും കൊണ്ട് ഇരിക്കുന്നു.
അച്ഛൻ വിജയരാജൻ, അമ്മ ശ്രീകുമാരി, ചേച്ചി ശ്രീധന്യ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. ചേച്ചിയുടെ ഭർത്താവ് ദീപു. അവർക്ക് ഒരു മോനുണ്ട്. മുരളിയുടെ വീട്ടിൽ അച്ഛനും അമ്മയും അനിയനും ഭാര്യയും ആണുള്ളത്. മുരളിയുടെയും ഈ പറഞ്ഞവരുടെയെല്ലാം സ്നേഹവും പിന്തുണയും ഉളളതു കൊണ്ടാണ് അരുന്ധതിക്ക് രണ്ടേമുക്കാൽ വയസേ ആയിട്ടുള്ളൂവെങ്കിലും സിനിമ ചെയ്യാൻ കഴിയുന്നത്.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടായെന്നു പറഞ്ഞിരുന്നല്ലോ ?
സ്ത്രീകൾക്ക് ഇതിനെക്കുറിച്ച് ധാരണ ഉണ്ടാകാൻ സഹായകമാകും എന്നു കരുതിയാണ് തുറന്നു പറഞ്ഞത്. പൊ തുവേ ആളുകൾ പ്രസവകാലത്തെ സന്തോഷകരമായ സമയമായാണ് പറയാറ്. പക്ഷേ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കാലമാണത്. പ്രസവിക്കാൻ പോകുന്ന അന്നു പോലും എനിക്ക് ഛർദി ഉണ്ടായിരുന്നു. എല്ലാ മാസവും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്. കുഞ്ഞു വന്നശേഷം പാൽ കെട്ടി നിൽക്കുന്ന പ്രശ്നം, ക്രാക്ക്ഡ് നിപ്പിൾ ഒക്കെ ഉണ്ടായി. രാത്രി മുഴു വൻ കുഞ്ഞിനെയും എടുത്തു കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്. കിടത്തിയാൽ ഉടൻ കരച്ചിൽ തുടങ്ങും. അതുകൊണ്ട് മറ്റു വഴികളില്ല. പിറ്റേന്നു രാവിലെ കൈകൾ അനക്കാൻ കഴിയാത്ത വിധത്തിലായി പോയിരുന്നു.
മുരളിയുടെയും വീട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നിട്ടു പോലും ഞാൻ വിഷാദത്തിൽ പെട്ടു. നല്ല കുടുംബം ഇരുവശത്തും ഉണ്ടായതു കൊണ്ടു മാത്രമാണ് അത് വളരെ വേഗം കുറഞ്ഞത്. വിഷാദം എന്നെ ബാധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായപ്പോൾ മുതൽ അത് മാറ്റാനായി ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഞാനും ഉറങ്ങും. യോഗ ചെയ്യും. ‘മീ ടൈം’ കണ്ടെത്താനും ശ്രദ്ധിച്ചിരുന്നു. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾക്കു വേണ്ടി ആയിരിക്കണം ആ സമയം ചെലവാക്കേണ്ടത്. വെറുതേ ഇരിക്കുന്നതുപോ ലും ചിലപ്പോൾ സന്തോഷമായിരിക്കും.
ഇതെല്ലാം പ്രസവവുമായി ബന്ധപ്പെട്ട പ്രയാസമാണെങ്കിലും പിന്നീട് അതൊക്കെ സന്തോഷമായി മാറും. രാവിലെ കിട്ടുന്ന കൊഞ്ചിയുള്ള ഗുഡ്മോണിങ്, കെട്ടിപ്പിടുത്തം, കുഞ്ഞുമ്മകൾ, ജോലി കഴിഞ്ഞു നമ്മൾ വരുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം ഒക്കെ തരുന്ന ആനന്ദങ്ങൾക്ക് അളവില്ല.