Monday 20 September 2021 01:34 PM IST

‘‘അട്ടയ്ക്ക് കണ്ണുണ്ടോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ സിനിമയെ അറിയാം പ്രേക്ഷകരു‍ടെ മനസ്സ് അറിയാം...’’ വിജയ്ബാബു പറയുന്നു

Vijeesh Gopinath

Senior Sub Editor

vijaybabu

‘മൊബൈൽ ഭൂതം’ വീടുകളെ ബാധിച്ചിരിക്കുന്ന കൃത്യസമയത്ത് ‘ഹോം’ എന്ന സിനിമ നിർമിക്കുന്നു. ആദ്യ ലോക്ഡൗണിൽ ശ്വാസം മുട്ടി സിനിമ കാണാൻ മോഹിച്ചു മോഹിച്ചിരിക്കുമ്പോൾ അതാ വരുന്നു ഒടിടി പ്ലാറ്റ്ഫോമിൽ സൂഫിയും സുജാതയും. അതിനും മുമ്പ്, തിയറ്ററിൽ‌ വിജയിക്കാത്ത സിനിമയുടെ രണ്ടാം ഭാഗം– ആട് 2 ഇറക്കി പണം വാരുന്നു... ബിസിനസിന്റെ ആ ‘വിജയക്കണ്ണ്’ വിജയ്ബാബുവിന് മനപാഠമാണോ?നാട്ടിൻപുറങ്ങളിൽ കച്ചവടത്തിന്റെ അടിതടകള‍റിഞ്ഞ ബിസിനസുകാരെക്കുറിച്ചു പറയും, ‘അട്ടയുടെ കണ്ണുകണ്ട ആളാ...’

പൊട്ടിച്ചിരിയോടെ വിജയ്ബാബു പറയുന്നു, ‘‘അട്ടയ്ക്ക് കണ്ണുണ്ടോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് സിനിമയെ അറിയാം പ്രേക്ഷകരു‍ടെ മനസ്സ് അറിയാം. ഈ വിജയം ഒരു സുപ്രഭാതത്തിലുണ്ടായതുമല്ല. കരിയർ തുടങ്ങിയ സ്റ്റാർ ഗ്രൂപ്പിൽ നിന്ന് ഫ്രൈഡേ ഫിലിംസിലെ ഇപ്പോഴത്തെ വിജയ്ബാബുവിലേക്കെത്തിയപ്പോൾ ഒരു കാര്യം ധൈര്യമായി പറയാം. വ്യക്തി എന്ന നിലയിൽ ഒരുമാറ്റവും വന്നിട്ടില്ല. അന്നും ഇന്നും തട്ടുകടയില്‍ കയറി ഭക്ഷണം കഴിക്കാൻ ഒരു മടിയുമില്ല, കൃത്യമായ തീരുമാനെടുക്കാനും വിജയത്തേയും പരാജയത്തേയും കൈകാര്യം ചെയ്യാനും കഴിയുന്നു.

പ്രതിസന്ധികളുണ്ടായിട്ടുണ്ട്.... ചാടിക്കടന്നിട്ടുമുണ്ട്

ഒരുപാടു പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അതെല്ലാം ചാടിക്കടന്നിട്ടുമുണ്ട്. ഇരുപത്തി ഏഴാമത്തെ വയസ്സിൽ ഞാനൊരു സംരഭകനായി, ദുബായ്‍യിൽ. ഒരിക്കൽ ഷാരൂഖ്ഖാന്റെ ടെംപ്റ്റേഷൻ‌ എന്ന ഷോ ചെയ്യാൻ‌ അവസരം കിട്ടി. ഷാരൂഖിനും സെയ്ഫ് അലിഖാനും പുറമേ പ്രീതിസിന്റെയും റാണിമുഖർജിയും ഉണ്ട്. ദുബായ് അതുവരെ കാണാത്ത വലിയ സ്റ്റേജ്. അതേ സ്റ്റേജിൽ വച്ച് ദിലീപ് ഷോ കൂടി പ്ലാൻ ചെയ്തു. വലിയ താരമായ ശേഷം ദിലീപ് ചെയ്യുന്ന ഷോ. രണ്ടെണ്ണം ഒരുമിച്ചു ചെയ്യുമ്പോഴുള്ള ലാഭമാണ് ലക്ഷ്യം. മുഴുവൻ സമ്പാദ്യവും മുതൽമുടക്കി. പക്ഷേ ഷോയുടെ രണ്ടു ദിവസം മുമ്പ് യുഎഇ പ്രസിഡന്റ് അന്തരിച്ചു. 40 ദിവസം ദുഃഖാചരണം. ഷോ മുടങ്ങി. എനിക്ക് അന്ന് എട്ടു കോടിയോളം രൂപ നഷ്ടം വന്നു.

vijaybabu1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തിരിച്ച് ഇന്ത്യയിലെത്തി ചാനലുകളിൽ ജോലി ചെയ്തു. ബിസിനസ് ചെയ്തിരുന്ന ആൾ ശമ്പളക്കാരനായി ജോലി ചെയ്യുമ്പോൾ മറ്റുള്ളവർ എന്തുപറയുമെന്ന് ചിന്തിച്ചില്ല. വിജയിച്ചാലേ നമുക്കൊപ്പം ആളുകൾ ഉണ്ടാവൂ. തകർന്നെന്നു പറയുന്നവർ പോലും അപ്പോൾ ഒപ്പമുണ്ടാവും

2017 മുതൽ എടുത്ത പല ബോൾഡായ തീരുമാനങ്ങളും വലിയ വിജയവുമാണ്. അങ്കമാലി ഡയറീസ്, ആട് 2, ജൂൺ ഇപ്പോൾ ഹോം. ഇനി ഇറങ്ങാനിരിക്കുന്ന വാലാട്ടി വലിയ പരീക്ഷണ ചിത്രമാണ്. നൂറ്റമ്പതോളം പട്ടികളെ തിരക്കഥയ്ക്കനുസരിച്ച് വളർത്തിയെടുത്താണ് അഭിനയിപ്പിച്ചത്. കുട്ടിക്കാലം മുതൽ മോഹിച്ചു കൊണ്ടിരിക്കുന്ന മേഖലയിൽ തന്നെ നിൽക്കാനാവുന്നു. ആ തെളിച്ചമാണ് എന്നും ധൈര്യം, സന്തോഷവും.’’

ഇന്റർവ്യൂവിന്റെ പൂർണ രൂപം സെപ്റ്റംബർ 18– ഒക്ടോബർ 1 ലക്കം വനിതയിൽ...