Thursday 02 February 2023 03:09 PM IST : By സ്വന്തം ലേഖകൻ

പത്മരാജൻ ഞെട്ടി, കഥാപാത്രം ദേ മുറ്റത്തു നിൽക്കുന്നു: അച്ചൻകുഞ്ഞ് മലയാളത്തിന്റെ ‘ആന്റണി ക്വിൻ’

achankunju

ചില മുഖങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് – നിമിഷങ്ങൾക്കുള്ളില്‍ മിന്നിമായുന്ന ഭാവവ്യതിയാനങ്ങൾ മതി അവയെന്നെന്നും ഓർമയിൽ‌ തെളിയാൻ...അത്തരമൊരു മുഖം – അതായിരുന്നു മലയാള സിനിമയിൽ അച്ചൻകുഞ്ഞിന്റെ സാന്നിധ്യം !

6 വർഷം മാത്രം നീണ്ട കരിയറിൽ തന്നെ തേടിയെത്തിയ കഥാപാത്രങ്ങളെ അവയുടെ മികവൊട്ടും ചോരാതെ സ്വന്തം ശരീരത്തിലേക്കും ചലനങ്ങളിലേക്കും പകർത്തുന്നതിൽ അദ്ദേഹം എപ്പോഴും ലക്ഷ്യം കണ്ടു.

‘ലോറി’യിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയാണ് സിനിമയില്‍ അച്ചൻകുഞ്ഞിന്റെ തുടക്കം. അദ്ദേഹത്തിന്റെ പരുക്കൻ രൂപഭാവങ്ങളും ഗാംഭീര്യമുള്ള ശബ്ദവും തീക്ഷ്ണത നിറഞ്ഞ കണ്ണുകളും ആ കഥാപാത്രത്തെ വേറിട്ടു നിർത്തി.

പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തില്‍ വേലൻ എന്ന തെരുവ് സർക്കസ്സുകാരന്റെ വേഷം അവതരിപ്പിക്കാനുള്ള അവസരം അച്ചൻകുഞ്ഞിനെ തേടിയെത്തിയത് നടനും നിർമാതാവുമായ പ്രേം പ്രകാശിലൂടെയാണ്. അച്ചൻകുഞ്ഞും പ്രേം പ്രകാശും കോട്ടയത്തുകാർ. പരിചയക്കാരും. മിക്കപ്പോഴും അച്ചൻകുഞ്ഞ് പ്രേം പ്രകാശിന്റെ കടയിൽ ചെല്ലും. അച്ചൻകുഞ്ഞിന്റെ വേറിട്ട രൂപവും നടൻ എന്ന നിലയിലെ വളർച്ചയും പ്രേം പ്രകാശ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് തന്റെ ഒരു സിനിമയെക്കുറിച്ച് പി.പത്മരാജൻ പ്രേം പ്രകാശിനോട് പറയുന്നത്. അതിലെ കഥാപാത്രങ്ങളെക്കുറിച്ച് കേട്ടപ്പോൾ പ്രേം പ്രകാശ് അച്ചൻകുഞ്ഞിനെ ഓർത്തു. അതോടെ അച്ചൻകുഞ്ഞിനോട് പത്മരാജനെ ചെന്നു കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ അച്ചൻകുഞ്ഞ് പത്മരാജനെ കാണാൻ തിരുവനന്തപുരത്തെ വീട്ടിലെത്തി. അച്ചൻകുഞ്ഞിനെ കണ്ടതും പത്മരാജന്റെ ഭാര്യയും മകനും ആദ്യം ഒന്നു ഭയന്നു. പരുക്കൻ രൂപവും ഒച്ചയുമുള്ള ഒരു മനുഷ്യൻ. പത്മരാജൻ തന്റെ പുതിയ തിരക്കഥയുടെ എഴുത്തിലായിരുന്നു. ഒരാൾ കാണാൻ വന്നിരിക്കുന്നു എന്നറിഞ്ഞു പുറത്തേക്കു ചെന്നു നോക്കിയ അദ്ദേഹവും ഞെട്ടി – തന്റെ കഥാപാത്രം ദേ മുറ്റത്തു നിൽക്കുന്നു!

‘കോട്ടയത്ത് നിന്നാ. കറിയാച്ചൻ പറഞ്ഞ് വിട്ടതാ’. – അച്ചൻ‌കുഞ്ഞ് പറഞ്ഞു.

സംസാരം കൂടി കേട്ടപ്പോൾ പത്മരാജൻ ഉറപ്പിച്ചു – ഇതു തന്നെ വേലൻ! അച്ചൻകുഞ്ഞ് പോയതും അമ്പരപ്പ് മാറാതെ പത്മരാജൻ ഭരതനെയും പ്രേംപ്രകാശിനെയും വിളിച്ചു പറഞ്ഞു –

‘ഞാൻ ഞെട്ടിപ്പോയി. രാവിലെ വീടിനു മുന്നിൽ എന്റെ കഥാപാത്രം’.

പത്മരാജൻ അച്ചൻകുഞ്ഞിനെ മദ്രാസിൽ ഭരതന്റെ അടുക്കലേക്കയച്ചു. അച്ചൻകുഞ്ഞിനെ കണ്ടപ്പോൾ ഭരതനും അതിശയം. ഭരതൻ കഥാപാത്രത്തിനായി വരച്ച ചിത്രം ജീവനോടെ മുന്നിൽ നിൽക്കുന്നു. ലോറിയുടെ നിർമാതാവ് ഹരി പോത്തനും അച്ചൻകുഞ്ഞിനെ ബോധിച്ചതോടെ വേഷം ഉറപ്പിച്ചു. അങ്ങനെ അച്ചൻകുഞ്ഞ് മലയാള സിനിമയിലെത്തി.

പാലക്കാട് ഒരു മലയുടെ മുകളിൽ അച്ചൻകുഞ്ഞും ബാലൻ.കെ.നായരും ചേർന്നുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോൾ ഒരു സംഭവമുണ്ടായി. മൈക്ക് ഉപയോഗിച്ച് ആക്ഷനും കട്ടും പറയുന്ന പരിപാടിയല്ല, തുണി വീശിക്കാണിക്കുകയാണ്. പച്ച കാണിച്ചാൽ ഓക്കെ. വെള്ളയാണെങ്കിൽ ഷോട്ട് തുടരാം. ചുവപ്പ് കട്ട്. ബാലൻ കെ നായരുടെ കഴുത്തിൽ ചാട്ട ചുറ്റിവലിക്കുന്ന സീൻ എടുത്തപ്പോൾ ചുവപ്പ് കാണിച്ചിട്ടും അച്ചൻകുഞ്ഞ് നിർത്തുന്നില്ല. അവസാനം ബാലൻ കെ നായർ ശ്വാസം കിട്ടാതെ വിളിച്ചുകൂവി. ആവേശം മൂത്ത് കഥാപാത്രമായി അച്ചൻകുഞ്ഞ് അഭിനയിച്ചു തകർക്കുകയായിരുന്നു. എന്തായാലും ആ ആവേശം ഗുണമായി – മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കോട്ടയത്തെ അച്ചൻകുഞ്ഞിന്റെ വീട്ടിലെത്തി.

achankunju-2

ഈ സീനിനു പിന്നിൽ മറ്റൊരു കൗതുകകഥയുണ്ട്. നെടുമുടി വേണുവാണത് പറഞ്ഞത് –

അടിപിടി രംഗങ്ങളില്‍ ബാലൻ.കെ.നായർ ശരിക്കും തല്ലും. അഭിനയത്തിനിടെ തന്നെ അടിക്കുന്നുവെന്ന് അച്ചൻകുഞ്ഞ് ഭരതനോട് പരാതി പറഞ്ഞു. ഫോട്ടോ എടുക്കുമ്പോഴും അടിക്കുന്നു. തിരിച്ചടിച്ചോ എന്നായി ഭരതൻ. അങ്ങനെയാണത്രേ ബാലൻ കെ നായരുടെ കഴുത്തിൽ അച്ചൻകുഞ്ഞ് ചാട്ടമുറുക്കിയത്.

‘ലോറി’യിൽ അഭിനയിക്കുമ്പോൾ 50 വയസ്സായിരുന്നു അച്ചൻ കുഞ്ഞിന്റെ പ്രായം. എന്നാൽ അതിനൊക്കെ എത്രയോ മുമ്പേ നാടകങ്ങളുടെ കളരിയിൽ തന്നിലെ നടനെ അദ്ദേഹം ഉരച്ചുമിനുക്കി പരുവപ്പെടുത്തിത്തുടങ്ങിയിരുന്നു.

1930 ൽ കോട്ടയം കച്ചേരിക്കടവിൽ നെല്ലിശേരി വീട്ടിലാണ് അച്ചൻകുഞ്ഞ് ജനിച്ചത്. 20 വയസ്സിൽ നാടകങ്ങളില്‍ സജീവമായി. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടുത്തപ്പോൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജീവിതം കരുപിടിപ്പിക്കാൻ പലവിധ തൊഴിലുകളിൽ ഏർപ്പെട്ടപ്പെടേണ്ടി വന്നപ്പോഴും അദ്ദേഹം നാടകത്തെ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. 1953 ല്‍ ‘വിധി’ എന്ന നാടകത്തിലാണ് തുടക്കം. തുടർന്ന് കെ.പി.എ.സി, വൈക്കം മാളവിക, കേരള തിയറ്റേഴ്സ്, നാഷണൽ തിയറ്റേഴ്സ്, ഭാരത് തിയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിലുൾ‌പ്പടെ 30 വർഷം നീണ്ട നാടക ജീവിതം...1980 മുതൽ 1986 വരെയുള്ള ഹ്രസ്വകാല സിനിമാ ജീവിതത്തിൽ 46 ചിത്രങ്ങളിൽ അച്ചൻകുഞ്ഞ് അഭിനയിച്ചു. ഭരതൻ, പി.പത്മരാജൻ, ലെനിൻ രാജേന്ദ്രൻ, ഐ.വി.ശശി തുടങ്ങിയ സംവിധായകർ‌ക്കൊപ്പവും പ്രേം നസീർ മുതൽ മമ്മൂട്ടിയും മോഹൻലാലുമുൾപ്പടുന്ന വലിയ താരങ്ങൾക്കൊപ്പവും അതിനിടെ അദ്ദേഹം പ്രവർത്തിച്ചു. മലയാളത്തിലെ ‘ആന്റണി ക്വിൻ’ എന്നാണ് സിനിമയിൽ പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

നാടങ്ങളിൽ നിന്നു നേടിയ ആർജവമായിരുന്നു സിനിമയിൽ അദ്ദേഹത്തിന്റെ മൂലധനം. സിനിമയിൽ പലപ്പോഴും ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങളിൽ കുടുങ്ങിയപ്പോഴും നാടകങ്ങളിൽ വേറിട്ട വേഷങ്ങളിലൂടെയായിരുന്നു ആ അഭിനയ യാത്ര. ജീവിതത്തിൽ അവിചാരിതമായുണ്ടായ ഒരു അപകടത്തിൽ പരുക്കേറ്റ കണ്ണുകൾ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളെ സ്വാധീനിച്ചിരുന്നുവെന്നതും നിരീക്ഷിക്കാം. ചുമടെടുക്കുന്നതിനിടെ സിമന്റു ചാക്ക് മുഖത്തു വീണായിരുന്നു ആ അപകടം.

achankunju-4

സിനിമയിൽ വരുന്നതിനു മുൻപ്, നാടകങ്ങളിൽ അഭിനയിക്കുമ്പോഴും കോട്ടയത്ത് ചുമട്ടുതൊഴിലാളിയായിരുന്നു അച്ചൻകുഞ്ഞ്.

സ്വന്തം ജീവിതത്തിൽ സൗഹൃദങ്ങൾക്കും കുടുംബത്തിനും ഒരുപോലെ പ്രാധാന്യം നൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ കാര്യമായ സമ്പാദ്യങ്ങളൊന്നും സിനിമയിൽ നിന്നു കണ്ടെത്താനായില്ല. ഒടുവിൽ 1987 ജനുവരി 16 നു 56 വയസ്സിൽ കരൾ രോഗം ബാധിച്ചു മരിക്കുമ്പോൾ ഒരു വീടും കുറേയധികം മികച്ച കഥാപാത്രങ്ങളും മാത്രമായിരുന്നു ബാക്കി...