Tuesday 07 April 2020 04:47 PM IST

‘ഷോയിലെ റിയൽ വിന്നർ ഡോക്ടർ രജിത് കുമാറാണ്; അസാധ്യ ഗെയിമറാണ് അദ്ദേഹം’; തുറന്നു പറഞ്ഞ് ആര്യ

Nithin Joseph

Sub Editor

arya-badai997

രണ്ടാഴ്ചയായി ലോകം മുഴുവൻ കൊറോണയെ ഭയന്ന് വീട്ടിനുള്ളിൽ ഇരിപ്പു തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. എന്നാൽ, മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആര്യ കഴിഞ്ഞ മൂന്ന് മാസമായി ലോക്ഡൗണിലാണ്. ബിഗ്ബോസ് റിയാലിറ്റി ഷോ 75 ദിവസങ്ങൾ പിന്നിട്ടപ്പോൾ അവിചാരിതമായിട്ടാണ് ആര്യയ്ക്കും മറ്റ് മൽസരാർഥികൾക്കും നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്. ബിഗ്ബോസിനു ശേഷം ആര്യ ആദ്യമായി പ്രതികരിക്കുന്നു, വനിത ഓൺലൈനിലൂടെ.

ബിഗ്ബോസിൽ നിന്ന് ക്വാറന്റീനിലേക്ക്?

എഴുപത്തിയഞ്ചു ദിവസം ഒരു വീട്ടിനുള്ളിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചതുകൊണ്ടാവാം, ഈ ലോക്ഡൗൺ എനിക്കത്ര ബുദ്ധിമുട്ടായി തോന്നുന്നില്ല. വീട്ടിലാണെങ്കിൽ ഫോണുണ്ട്, ടിവിയുണ്ട്, പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്, ഭക്ഷണത്തിന് റേഷനില്ല. നമ്മളെ നിരീക്ഷിക്കാൻ ക്യാമറകളോ മൈക്കുകളോ ഇല്ല. ദിവസവും ചെയ്യാൻ ടാസ്കുകളുമില്ല.

ബിഗ്ബോസിലായിരുന്ന സമയത്ത് എന്റെ ദിനചര്യകൾക്കെല്ലാം ഒരു ടൈംടേബിൾ ഉണ്ടായിരുന്നു. പക്ഷേ, അതെല്ലാം ക്വാറന്റീനിൽ മുങ്ങിപ്പോയി. ഒന്നിനുമൊരു ഓഡറില്ല, ഉറക്കത്തിന്റെ കാര്യമാണ് വലിയ പ്രശ്നം. രാത്രി മുഴുവൻ നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലുമൊക്കെ സിനിമ കണ്ടിരുന്നിട്ട് രാവിലെ അഞ്ചു മണി ആകുമ്പോഴാണ് ഉറക്കം. ഉറക്കമെഴുന്നേൽക്കുമ്പോൾ ഉച്ചയ്ക്ക് 12 മണി ആകും. പിന്നെ ഭക്ഷണം കഴിച്ചിട്ട് ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഇതിലൊക്കെ മുഴുകിയിരിക്കും. ഇതാണ് ഇപ്പോഴത്തെ എന്റെ ടൈംടേബിൾ.

ബിഗ്ബോസിൽ പങ്കെടുക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നുന്നുണ്ടോ?

ഒരുപാട് പേര്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. പക്ഷേ, എന്ത് മറുപടി പറയണമെന്ന ആശയക്കുഴപ്പമുണ്ട്. ബിഗ്ബോസ് ഷോയുടെ വലിയൊരു ഫാൻ ആണ് ഞാൻ. ഹിന്ദിയിലെ ബിഗ്ബോസ് ആദ്യം മുതൽക്കേ കണ്ടിട്ടുണ്ട്. ഈ ഷോ മലയാളത്തിൽ വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞാൻ ചിന്തിച്ചത് ഇത്തരമൊരു പ്രോഗ്രാമിനെ മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്നാണ്. നമ്മൾ മലയാളികൾ വളരെയധികം ഇമോഷണലായ ആളുകളാണ്. എല്ലാ കാര്യങ്ങളെയും നമ്മൾ വളരെ വൈകാരികമായും വ്യക്തിപരമായും എടുക്കും.

ബിഗ്ബോസിന്റെ ആദ്യ സീസണിലേക്ക് വിളിച്ചിരുന്നു. പക്ഷേ, ആ സമയത്ത് എന്റെ അച്ഛൻ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് പങ്കെടുക്കാൻ സാധിച്ചില്ല. രണ്ടാമത്തെ സീസണിലേക്ക് വിളിച്ചപ്പോൾ പോയി. പക്ഷേ, അവിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ യാതൊരു ഐഡിയയും ഇല്ലാതെ കിളിപോയ അവസ്ഥയിലാണ് ഞങ്ങളെല്ലാവരും. ഇപ്പോഴത്തെ അവസ്ഥ ഒട്ടും പ്രതീക്ഷിച്ചതല്ല. 

സോഷ്യൽ മീഡിയയിൽ നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾ മാറ്റിനിർത്തിയാൽ, ഷോയിൽ പങ്കെടുത്തത് തെറ്റാണെന്ന തോന്നലില്ല.

arya-badai8643

ആളുകളുടെ പ്രതികരണം?

മിക്സഡ് റെസ്പോൺസാണ് എനിക്ക് ഇതുവരെ കിട്ടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്സിൽ കൂടുതലും നെഗറ്റിവ് കമന്റുകളും തെറിവിളികളും ആണ്. ‘ആര്യവെമ്പാല’, ‘വിഷം’, ‘നിനക്ക് പോയി വേറെ പണി നോക്കിക്കൂടേ’, എന്നുള്ള കമന്റുകൾക്കൊപ്പം പുറത്ത് പറയാൻ കൊള്ളാത്ത വേറെയും വാക്കുകളുണ്ട്. പക്ഷേ, ഒരുപാട് പേരുടെ പൊസിറ്റീവ് മെസേജുകളും കിട്ടുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ആരെങ്കിലും ഒരു കമന്റിട്ടാൽ പിന്നെ അവർക്കു നേരെയാണ് തെറിവിളി. തെറിവിളിയെ പേടിച്ചിട്ടാണ് ഇൻബോക്സിൽ വന്ന് പഴ്സനലായിട്ട് സപ്പോർട്ട് അറിയിക്കുന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ‘നിങ്ങളെ നേരത്തെ ഇഷ്ടമായിരുന്നു, പക്ഷേ ഇപ്പോൾ ഇഷ്ടമല്ല’ എന്ന് പറയുന്നവർ ഉണ്ട്. ‘ചേച്ചി എന്തിന് ഇങ്ങനെ ചെയ്തു’ എന്ന് ചോദിക്കുന്നവരുണ്ട്. അവരോടൊക്കെ സ്നേഹം മാത്രമേയുള്ളൂ.

സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റിടുന്നവരിൽ 80 ശതമാനവും ഫെയ്ക് ഐഡികളാണ്. പ്രൊഫൈൽ പിക്ചർ പോലുമില്ലാത്ത, തെറിവിളിക്കാൻ മാത്രമുണ്ടാക്കിയ അക്കൗണ്ടുകൾ. പിന്നെയുള്ളത് പതിനാറും പതിനേഴും വയസ്സുള്ള കുട്ടികൾ. യൂട്യൂബിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബിഗ്ബോസുമായി ബന്ധപ്പെട്ട വിഡിയോകളിലെല്ലാം തെറിവിളിയും പൊങ്കാലയും മാത്രം. നേരത്തെ എഴുതി തയാറാക്കി വച്ച തെറികൾ പോസ്റ്റ്  ചെയ്യുന്നതുപോലെ തോന്നും. ചില ഓൺലൈൻ മഞ്ഞപത്രങ്ങൾ വളരെ വൃത്തികേടായ വാർത്തകൾ പ്രചരിപ്പിച്ചു. ഞാൻ മാത്രമല്ല, ഞങ്ങളില്‍ പലരും ഇപ്പോൾ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. 

രജിത് കുമാർ എന്ന മൽസരാർഥി?

എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ്ബോസ് ഷോയിലെ റിയൽ വിന്നർ ഡോക്ടർ രജിത്കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു റെവല്യൂഷൻ ആയി മാറിയ മറ്റൊരു മൽസരാർഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂർണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു. 

24 മണിക്കൂർ ആ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളിൽനിന്ന് ഒരു മണിക്കൂർ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാൻ നമുക്ക് സാധിക്കണം. നല്ല രീതിയിൽ ഹോംവർക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയിൽ വീഴാത്ത മലയാളികൾ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്നം അവിടെ തീർന്നുവെന്ന് വിചാരിച്ച് ഞങ്ങൾ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങൾ അറിയുന്നത്. ഞങ്ങൾക്കിടയിൽ എന്ത് പ്രശ്നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുൻപ് അതെല്ലാം പറഞ്ഞുതീർക്കാറുണ്ട്. അതൊന്നും പ്രേക്ഷകർ കണ്ടിട്ടില്ല. ഒരു മണിക്കൂർ നേരത്തെ കാഴ്ചകൾകൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുതെന്ന് എല്ലാവരും തിരിച്ചറിയണം.

ഏറ്റവുമധികം നോമിനേഷനുകളിൽ വന്ന ആളുകളാണ് ഞാനും രജിത്തേട്ടനും വീണയും. എന്നിട്ടും അവസാനദിവസം വരെ അവിടെ നിൽക്കാൻ പറ്റി. അതുകൊണ്ട് എന്നെ ഇഷ്ടപ്പെടുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടെന്ന് തോന്നി. എന്നാൽ പലരും നമ്മളെ മനസ്സിലാക്കിയില്ലല്ലോ എന്നോർത്ത് വിഷമം ഉണ്ട്.

arya-badai9955

രജിത്കുമാറിന്റെ ജനപ്രീതിയെക്കുറിച്ച്?

ഇടയ്ക്ക് മൽസരത്തിൽ നിന്ന് പുറത്ത് പോയിട്ട് തിരിച്ചുവന്നവർക്ക് ഉണ്ടായ മാറ്റം കണ്ടപ്പോൾ പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഐഡിയ കിട്ടി. അപ്പോൾ വേണമെങ്കിൽ‌ ഞങ്ങൾക്കും സ്ട്രാറ്റജി മാറ്റി കളിക്കാമായിരുന്നു. മാഷിനെ സ്നേഹിച്ചും സഹായിച്ചും ഭക്ഷണവും വെള്ളവും എടുത്തുകൊടുത്തും പൊക്കി പറഞ്ഞുമൊക്കെ നിൽക്കാമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്താൽ നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടും. സെൽഫ് റെസ്പെക്ട് കളഞ്ഞിട്ട് ജയിക്കാൻ എനിക്ക് താൽപര്യമില്ല. ജയിച്ച് ഫ്ലാറ്റ് നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. അവസാനദിവസം വരെ നിൽക്കണം എന്ന് മാത്രമായിരുന്നു ചിന്ത. അത് നേടി.

പുറത്തേക്കിറങ്ങാൻ പേടിയുണ്ടോ?

ഒട്ടും പേടിയില്ല. ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ എന്നെ തെറിവിളിച്ചുകൊണ്ട് ചില വോയിസ് നോട്ടുകൾ വന്നിരുന്നു. അതിട്ട ആളുകളുടെ നമ്പരിലേക്ക് നേരിട്ടു വിളിച്ച് ‘എന്നെക്കൂടി നിങ്ങളുടെ ആർമിയിൽ ചേർക്കാമോ’ എന്ന് ചോദിച്ചു. അവർ എന്റെ പേര് ചോദിച്ചപ്പോൾ ‘ബിഗ്ബോസിൽ ഉണ്ടായിരുന്ന ആര്യ’ എന്ന് പറഞ്ഞു. ‘എന്നെ പുറത്തിറങ്ങിയാൽ തല്ലുമെന്നും പൊങ്കാല ഇടുമെന്നുമൊക്കെ പറയുന്ന ഓഡിയോ കേട്ടല്ലോ, അത് സത്യമാണോ’ എന്ന് ചോദിക്കുമ്പോൾ ‘അയ്യോ ചേച്ചീ, അത് ചുമ്മാ ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാവരുംകൂടി തമാശയ്ക്ക് ചെയ്തതാണ്’ എന്ന് പറയും. സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് ചീത്ത വിളിക്കുന്നവരൊക്കെ ഇത്രയേ ഉള്ളൂ.

വേറെ ഒരാൾ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കമന്റ് ചെയ്തു, ‘നീ പുറത്തേക്കിറങ്ങാന്‍ കാത്തുനിൽക്കുകയാണ്. നിന്നെ അടിക്കാൻ ആളെ റെഡി ആക്കിയിട്ടുണ്ട്.’ ഞാൻ ഉടനെ മറുപടി കൊടുത്തു, ‘എവിടെയാണ് വരേണ്ടത്. ഞാൻ വരാം.’ പിന്നെ അയാൾ ഒന്നും മിണ്ടാതെ മുങ്ങി.

നിയമനടപടികൾ സ്വീകരിക്കുമോ?

എന്റെ നേർക്കു മാത്രമല്ല, എന്റെ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമെല്ലാം ഈ സൈബർ അറ്റാക്കിന്റെ ഇരയാകേണ്ടി വന്നിട്ടുണ്ട്. മറ്റ് മൽസരാർഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്. മഞ്ജു ചേച്ചിയും പരാതി കൊടുത്തെന്നാണ് അറിഞ്ഞത്. വീണയും ഉടനെ പരാതി കൊടുക്കും. എല്ലാവരും ചേർന്ന് ഒരു ജോയിന്റ് പെറ്റീഷൻ കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല. ഒരു ഫെയ്ക് ഐഡി ഉണ്ടെങ്കിൽ ആരോടും എന്തും വിളിച്ചു പറയാമെന്ന അവസ്ഥ മാറണം.

arya-badai2

ഫാമിലിയുടെ റെസ്പോൺസ്

മകൾ റോയയ്ക്ക് ഇപ്പോൾ എട്ടു വയസ്സായി. അവളാണ് ബിഗ്ബോസിന്റെ ഏറ്റവും വലിയ ഫാൻ. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണും. അവളുടെ ഫേവറിറ്റ് മൽസരാർഥി ഞാനല്ല, ഫുക്രുവാണ്. എന്റെ വീട്ടുകാർക്ക് എന്നെ നന്നായിട്ടറിയാം. അവരോട് ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഞാൻ ഒട്ടും ഞാനായിട്ട് നിന്നതിൽ അവർക്ക് സന്തോഷമുണ്ട്.

കൊറോണക്കാലം കഴിഞ്ഞാലുടനെ ഞനൊരു മീറ്റ്അപ്പ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. അന്ന് എന്നെ സ്നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കുമെല്ലാം വരാം. എന്നോട് ചോദിക്കാനുള്ള ചോദ്യങ്ങളെല്ലാം നേരിട്ട് ചോദിച്ചാൽ എല്ലാത്തിനും മറുപടി തരാം.

രജിത് കുമാറിനെ വിളിച്ചിരുന്നോ?

പുറത്തിറങ്ങിയതിനു ശേഷം വീണ, രജിത് സാറിനെ വിളിച്ചിരുന്നു. അന്ന് സാർ ഭയങ്കര തിരക്കിലായിരുന്നു. ഓരോ മണിക്കൂറിലും നൂറിലേറെ കോളുകളാണ് വരുന്നത്. അതുകൊണ്ട്, തിരക്കുകളെല്ലാം തീർന്ന് അദ്ദേഹം ഫ്രീ ആകുമ്പോൾ വിളിക്കാമെന്ന് വിചാരിക്കുന്നു.

ലോക്ഡൗൺ കഴിയുമ്പോൾ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ‘അറോയ’ എന്ന പേരിൽ ഒരു ബുട്ടീക് ഉണ്ട്. പിന്നെ, സാരികൾക്കായി ‘കാഞ്ചീവരം’ എന്ന ഓൺലൈൻ സ്‌റ്റോറും. അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തണം.  സിനിമകളൊന്നും ഇതുവരെ കമിറ്റ് ചെയ്തിട്ടില്ല. ക്വാറന്റീൻ ദിനങ്ങൾ കഴിഞ്ഞാൽ മാത്രമേ അതിൽ തീരുമാനങ്ങൾ ഉണ്ടാകൂ.

ബിഗ് ബോസ് മൽസരാർഥികളിൽ ഏറ്റവും പക്വതയുള്ള വ്യക്തി ആരാണ്?

സാജു നവോദയ.

ബിഗ് ബോസ് മൽസരാർഥികളിൽ ഏറ്റവും പക്വത കുറഞ്ഞ വ്യക്തി?

പവൻ ജിനോ തോമസ്.

പ്രിയപ്പെട്ട ഒരാൾ ബിഗ്ബോസിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചാൽ?

എനിക്ക് പ്രിയപ്പെട്ട ആളാണെങ്കിൽ ഞാൻ ഒരിക്കലും വിടില്ല. പോകണമെന്ന് അത്ര നിർബന്ധമുള്ള വ്യക്തി ആണെങ്കിൽ, പുറത്തിറങ്ങിയതിനു ശേഷം എന്തും സഹിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം പൊയ്ക്കോളാൻ പറയും.

arya-badai76r6ee
Tags:
  • Celebrity Interview
  • Movies