മകളുടെ വിയോഗത്തിൽ ആദ്യ പ്രതികരണവുമായി തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. "എന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകും. ജീവിതത്തിൽ ഇനി ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകൾക്കു വേണ്ടിയായിരിക്കും."- കുറിപ്പിൽ പറയുന്നു.
‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു.”- വിജയ് ആന്റണിയുടെ വാക്കുകൾ.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. ബുധനാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.