മുപ്പത്തിയേഴാം വയസ്സില്‍ അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപനം നടത്തി ബോളിവുഡ് താരം വിക്രാന്ത് മാസി. ടെലിവിഷന്‍ താരമായി സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ താരമാണ് വിക്രാന്ത് മാസി. താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
വിക്രാന്ത് നായകനായി പുറത്തിറങ്ങിയ ട്വെല്‍ത് ഫെയില്‍, സെക്ടര്‍ 36 എന്നിവ സൂപ്പര്‍ഹിറ്റായിരുന്നു. 2002 ലെ ഗോധ്ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള സബര്‍മതി റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീറോ സേ റീസ്റ്റാര്‍ട്ട് വൈകാതെ പുറത്തിറങ്ങും. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള യാത്ര കുടുംബത്തിനൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി നല്ല ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും'. - കുറിപ്പില്‍ താരം പറയുന്നു.
അഭിനയം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആരാധകര്‍ പോസ്റ്റിന് താഴെ കുറിച്ചു. 'വിക്രാന്ത്, നിങ്ങളൊരു അസാമാന്യ പ്രതിഭയാണ്, ചെറിയൊരു ഇടവേളയെടുത്ത് മടങ്ങി വരൂ...' എന്നാണ് മറ്റൊരു ആരാധകര്‍ കുറിച്ചത്. ബാലിക വധു, ധരം വീര്‍ എന്നിവയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന വിക്രാന്ത്, രണ്‍വീര്‍ സിങിന്റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ എത്തിയത്. ചാപകില്‍ ദീപികയ്ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.