Friday 21 June 2019 05:37 PM IST

പ്രണവിനെക്കുറിച്ച് ചോദിക്കുന്നവരോട് 'ആദി'യിലെ നായിക അദിതി രവിക്ക് പറയാനുള്ളത്!

Lakshmi Premkumar

Sub Editor

athidhi-ravi6
ഫോട്ടോ: ശ്യാം ബാബു

മിഥുൻ മാനുവൽ തോമസിന്റെ ‘അലമാര’ എന്ന സിനിമ മലയാളത്തിന് നൽകിയ സുന്ദരിക്കുട്ടിയാണ് അദിതി രവി. അലമാരയിൽ ഒളിപ്പിച്ചുവച്ച ഭാഗ്യം എന്നു മാത്രമേ തന്റെ സിനിമാ എൻട്രിയെ കുറിച്ച് അദിതിയ്ക്ക് പറയാനുള്ളൂ. ഇപ്പോഴിതാ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യസിനിമയിലും സുപ്രധാന വേഷത്തിൽ അദിതിയെത്തുന്നു. സിനിമയിലേക്കുള്ള എൻട്രിയും പ്രണവ് ചിത്രത്തിലേക്ക് ലഭിച്ച സർപ്രൈസ് എൻട്രിയും ‘വനിത ഓൺലൈനോ’ടു പറയുകയാണ് അദിതി.

പ്രണവിനൊപ്പം

അതൊരു രഹസ്യമാണ്. പണ്ട് കോളേജിൽ പഠിക്കുന്ന കാലം. സിനിമാ മോഹമെല്ലാം മുളപൊട്ടി തുടങ്ങിയ സമയമാണ്. പ്രണവിന്റെ ഒരു ഫോട്ടോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. ആ ചിത്രം കണ്ടപ്പോൾ ഞാൻ തമാശയ്ക്ക് ഫ്രണ്ട്സിനോട് പറഞ്ഞു, ‘നോക്കിക്കോ, ഭാവിയിൽ ഞാൻ പ്രണവ് മോഹൻലാലിന്റെ കൂടെ അഭിനയിക്കും’ എന്ന്. അത് യാഥാർഥ്യമായെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. അന്നു ഞാൻ പറഞ്ഞത് ഓർമയുള്ള സുഹൃത്തുക്കളെല്ലാം ഈ വാർത്ത അറിഞ്ഞപ്പോൾ വിളിച്ചു. ഒരുപാട് സന്തോഷം തോന്നി.

ആദിയിലേക്ക് ചെല്ലുമ്പോൾ ചെറിയ ടെൻഷനൊക്കെയുണ്ടായിരുന്നു. പ്രണവിനോട് മിണ്ടാൻ തന്നെ പേടിയായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് മനസിലായത്, സിംപ്ലിസിറ്റി എന്ന വാക്കിന്റെ മൂർത്തീ ഭാവമാണ് പ്രണവെന്ന്. സംസാരിച്ച് തുടങ്ങിയപ്പോൾ കുറുമ്പും തമാശയും കളിയാക്കലും എല്ലാമുള്ള സാധാരണക്കാരില്‍ ഒരാൾ. പുറത്തുവച്ച് കാണുമ്പോൾ പ്രണവ് എങ്ങനെയാ എന്നൊക്കെ ഓരോരുത്തരും ആശ്ചര്യത്തോടെ ചോദിക്കുമ്പോഴാ, പ്രണവ് ഇത്ര വലിയ സംഭവമാണല്ലോ ദൈവമേ എന്ന് മനസ്സിലായത്. അത് തന്നെയാണ് പ്രണവിന്റെ പ്രത്യേകതയും.

athidhi-ravi4

‘ആദി’യിലേക്ക്

കാസ്റ്റിങ് ഡയറക്ടറായ നരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ജീത്തു സാർ ഓഡീഷന് വിളിക്കുന്നത്. അന്ന് പ്രണവുമുണ്ടായിരുന്നു. പ്രണവാണ് സിനിമയിലെ നായകൻ എന്നറിഞ്ഞപ്പോൾ ഭയങ്കര എക്സൈറ്റ്മെന്റ് തോന്നി. ആളുകൾ എത്രയോ കാലമായി കാത്തിരിക്കുന്നു പ്രണവിന്റെ നായകവേഷം. എനിക്കും അതിലൊരു ഭാഗമാകാൻ കഴിഞ്ഞു എന്നത് സ്വപ്നസാക്ഷാത്കാരമാണ്. എല്ലാവർക്കും സെറ്റിൽ പ്രത്യേകം കാരവാനുണ്ട്. പക്ഷെ ഷോട്ട് കഴിഞ്ഞാൽ വളരെ കാഷ്വലായി ആ ലൊക്കേഷനിൽ എവിടെയെങ്കിലുമൊക്കെ പ്രണവുണ്ടാകും. കാരവാനിൽ പോയിരിക്കുന്ന ശീലമേയില്ല. ആവശ്യത്തിന് മാത്രമേ സംസാരിക്കൂ എന്നതാണ് പ്രണവിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചീറ്റിപ്പോയ ആദ്യ പരസ്യം

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ കോളേജിലെ സീനിയർ പറഞ്ഞിട്ടാണ് ഒരു പരസ്യചിത്രത്തിന്റെ ഓഡിഷന് ഫോട്ടോ അയച്ചത്. ആ നാഷണൽ ലെവൽ പരസ്യചിത്രത്തിലേക്ക് സെലക്ടായി. ഞാൻ കരുതിയത് എന്നെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ എന്നാണ്. പിന്നീടാണ് നാൽപതോളം പുതുമുഖങ്ങളുണ്ടെന്നു മനസ്സിലായത്. ഷൂട്ടിങ്ങിനായി കൊച്ചിയിൽ വന്നങ്കിലും കഷ്ടകാലം കൊണ്ട് എന്റെ ഭാഗമെടുക്കുന്നതിനു തൊട്ടുമുമ്പ് കറണ്ട് പോയി. കുറേ നേരം കാത്തിരുന്നിട്ടും വരാതായതോടെ അവർ അതു വേണ്ടെന്ന് വച്ചു. ബാക്കിയുള്ളവരോടെല്ലാം പൊയ്ക്കോളാൻ പറഞ്ഞു. അങ്ങനെ ആദ്യത്തെ പരസ്യഷൂട്ട് തന്നെ ചീറ്റിപ്പോയി. പക്ഷേ അവിടുന്ന് കിട്ടിയ കോൺടാക്റ്റിൽ പിന്നീട് കുറേ പരസ്യങ്ങൾ കിട്ടി. മോഡലിങിലൂടെ തന്നെയാണ് കോൺഫിഡൻസ് വർധിപ്പിച്ചത്.

athidhi-ravi3

സിനിമയുടെ വെളിച്ചം

സിനിമ ഒരിക്കലും എന്നെ തേടി വന്നതല്ല, ഞാൻ സിനിമയെ തേടി പോയതാണ്. ഒരുപാട് ഒഡീഷനുകളിൽ പങ്കെടുത്തു. ഓരോ തവണയും കിട്ടുമെന്ന് പ്രതീക്ഷിക്കുമെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷേ, തോറ്റു കൊടുക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. ചില സിനിമകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുമുണ്ട്. നായികയാകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് വേണ്ടി തന്നെ ശ്രമിക്കണം. അതല്ലാതെ സൈഡ് റോളുകളിൽ ഒതുങ്ങി പൊയ്ക്കൂടാ. പിന്നീട് ശ്രദ്ധിച്ച് മാത്രമേ ഒഡീഷനിൽ പങ്കിടുത്തുള്ളൂ. ‘നാം’ എന്ന ക്യാംപസ് ചിത്രത്തിലാണ് ആദ്യം നായികയായത്. പക്ഷേ, ആദ്യം റീലീസായത് ‘അലമാര’യാണ്.

ഒരു സിനിമ കഴിഞ്ഞാൽ തുടരെ തുടരെ പടം കിട്ടുമെന്നാണ് കരുതിയത്. പക്ഷേ, ആരും വിളിച്ചില്ല. അത് മറ്റൊരു ഞെട്ടലായിരുന്നു. നാല് മാസം കഴിഞ്ഞാണ് ‘ആദി’ ലഭിച്ചത്. പിന്നീട് ‘ചെമ്പരത്തിപ്പൂ’ വന്നു. പിന്നീട് കുഞ്ചാക്കോ ബോബനൊപ്പം ‘കുട്ടനാടൻ മാർപ്പാപ്പ’ വന്നു. ഇതിനിടയിൽ ‘ഉദാഹരണം സുജാത’യിൽ ഒരു നല്ല വേഷം ചെയ്തു.

athidhi-ravi1

ഡ്രീം റോൾ

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രമാണ് ‘ഏയ് ഓട്ടോ’യിലെ മീനുകുട്ടി. അങ്ങനെ ഒരു വേഷം ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും. അതുപോലെ ഇഷ്ടമാണ് മഞ്ജു വാര്യർ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ. ശാലിനിയുടെ ‘അലൈപായുതേ’യും ഫേവറേറ്റ് ആണ്. എന്നാലും അൽപം സ്നേക്കൂടുതൽ മീനുകുട്ടിയോട് തന്നെ.

സന്തോഷ നിമിഷം

സിനിമയിൽ അഭിനയിക്കാൻ മാത്രമേ പോകൂ എന്നു വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, ‘നിന്റെ ഇഷ്ടമാണ് നിന്റെ ജീവിതം. പക്ഷെ നേരായ മാർഗ്ഗം വിട്ട് ഷോർട്ട് കട്ടിലൂടെ അതിനുവേണ്ടി പ്രവർത്തിക്കരുത്.’ അച്ഛനു നൽകിയ ഉറപ്പ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം വിജിയിച്ച് കാണിക്കുകയും വേണം. അതിനുള്ള ശ്രമമായിരുന്നു പിന്നീട്. അഭിമാനത്തോടെയാണ് 'അലമാര'യുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വീട്ടുകാർക്കൊപ്പം കണ്ടത്. ചേച്ചിയുടെ ചെറിയ കുഞ്ഞുങ്ങളടക്കം എല്ലാവരും കണ്ണുചിമ്മാതെ സ്ക്രീനിലെ എന്നെതന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. അതുപോലെ സന്തോഷം തോന്നിയ നിമിഷമായിരുന്നു മഞ്ജു ചേച്ചിയെ നേരിൽ കണ്ടത്. ‘ഉദാഹരണം സുജാത’യുടെ സെറ്റിൽ വച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. പോരും മുമ്പ് കാലിൽ തൊട്ടുതൊഴുതപ്പോൾ ചേച്ചിയുടെ കണ്ണു നിറഞ്ഞു. ചേച്ചിയുടെ അനുഗ്രഹം ജീവിതത്തിലും ഉണ്ടാകുമെന്നാണ് വിശ്വാസം.

athidhi-ravi2

ഇഷ്ടങ്ങൾ

നടി ശാലിനിയെ പണ്ട് മുതലേ ഇഷ്ടമാണ്. അതു പോലെയാകണം എന്നായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള ഏറ്റവും വലിയ മോഹം. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘നിറം’ റിലീസായത്. അന്നു ‘നിറ’ത്തിലെ ചാക്കോച്ചനേയും ശാലിനിയേയും കണ്ട് ത്രില്ലടിച്ചിരുന്ന പെൺകുട്ടി ഇന്ന് ചാക്കോച്ചന്റെ നായികയാകുന്നു. മുമ്പ് ചാക്കോച്ചന്റെ രണ്ടു സിനിമകളുടെ ഒഡീഷന് പോയിരുന്നു. രണ്ടിലും അവസാന ഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ കുറച്ച് വിഷമിച്ചെങ്കിലും ഇപ്പോൾ വലിയ ഹാപ്പിയാ.

കുടുംബം

തൃശ്ശൂർ പുതുക്കാടാണ് വീട്. അച്ഛൻ രവി വിദേശത്തായിരുന്നു. അമ്മ ഗീത ഹൗസ് വൈഫാണ്. ചേച്ചി രാഖി കല്യാണമൊക്കെ കഴിച്ച് സെറ്റിൽഡാണ്. ചേച്ചിയുടെ മക്കൾ അപ്പുവും പൊന്നുവുമാണ് എന്റെ കട്ട ഫാൻസ്‌. ചേട്ടൻ രാകേഷ് രവി സോഫ്റ്റ് വെയർ എൻജിനീയറാണ്. ഒപ്പം മ്യൂസിക്കുമുണ്ട്. ഞാൻ അഭിനയിച്ച ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ചേട്ടനാണ്.

നോ പ്രണയം, നോ കല്യാണം

പ്രണയമില്ല. കല്യാണത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുമില്ല. കല്യാണത്തെ കുറിച്ചുള്ള ചിന്ത ഉള്ളിന്റെയുള്ളിൽ പോലുമില്ല. കല്യാണപ്രായമായി എന്ന് തോന്നുമ്പോൾ ഞാൻ തന്നെ പറയും, ‘അദിതി ഈസ് സിങ്കിൾ ബട്ട് നോട്ട് റെഡി ടു മിങ്കിൾ.’