Tuesday 14 March 2023 04:40 PM IST : By സ്വന്തം ലേഖകൻ

‘പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർഥ മാലിന്യം’; കൊച്ചിയോട് അധികാരികൾ കാണിക്കുന്ന അവഗണന, ശക്തമായി പ്രതികരിച്ച് സരയു

sarayu-mmmm78

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് നടി സരയു മോഹൻ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കൊച്ചിയിൽ താമസിച്ച് കൊച്ചിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന തനിക്കു കൊച്ചിയോട് അധികാരികൾ കാണിക്കുന്ന അവഗണന കാണുമ്പോൾ വേദനയുണ്ടെന്ന് സരയു പറയുന്നു. 

സരയൂ മോഹന്റെ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു). ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ് (അത്‌ പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും)

പക്ഷേ, അവഗണകൾ വേദനയാണ്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്‌നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു. 

നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല.  

മടുത്തു, വെറുത്തു... ഉറക്കത്തിലും ചുമ. പുക മൂടിയ ഫ്ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല.  കിളികൾ പോലും ഇല്ല. നാട്ടിൽ നാളുകളായി ചെറുപ്പക്കാർ ഇല്ല.  ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു..

Tags:
  • Movies