ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെയും മക്കളുടെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ അമ്പിളി ദേവി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘മഴയെത്തും മുൻപേ സിനിമയിലെ’ ‘കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ...’ എന്ന വരികൾ ചേർത്തുകൊണ്ടുള്ള വിഡിയോയ്ക്ക് ‘ജീവിതം’ എന്നാണ് അമ്പിളി നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

വിഡിയോ കണ്ട ഒരു വിഭാഗം ‘അമ്പിളിയും ആദിത്യനും തമ്മിൽ പിരിയുന്നു’ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ്. അത്തരത്തിൽ ഇരുവരെയും ലക്ഷ്യം വച്ചുള്ള കമന്റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നു. എന്നാൽ തൽക്കാലം ഇത്തരം അനാവശ്യങ്ങൾക്ക് ശ്രദ്ധ നൽകാനുള്ള സമയമില്ലെന്നാണ് ജയൻ ‘വനിത ഓൺലൈനോട്’ പറയുന്നത്.

ADVERTISEMENT

‘‘ഒന്നുമില്ല. ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാല്‍ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേക്കാലമായി നൂറു കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചു കാലമേ ആയിട്ടുള്ള പുതിയ വർക്കുകൾ വന്നു തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. സംസാരിക്കാനും താൽപര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാന്‍ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. ബാക്കിയൊക്കെ പിന്നെ... ’’. – ആദിത്യൻ പറയുന്നു.

ADVERTISEMENT
ADVERTISEMENT