Friday 09 July 2021 11:46 AM IST

അപ്പയെന്നും അമ്മയെന്നും തുന്നിയ കല്യാണപ്പുടവ വേണമെന്നു മോഹം! എലിന പടിക്കലിന്റെ മംഗല്യപ്പട്ടൊരുങ്ങുക കാഞ്ചീപുരത്ത്

V.G. Nakul

Sub- Editor

alina1

താൻ വിവാഹിതയാകുന്നുവെന്ന സന്തോഷം കഴിഞ്ഞ വർഷമാണ് മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമായ എലിന പടിക്കൽ പ്രേക്ഷകരുമായി പങ്കുവച്ചത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് താരത്തിന്റെ വരൻ. ഈ വർഷം ജനുവരിയിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ നിശ്ചയം. ആറു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കെത്തിയിരിക്കുന്നത്. രോഹിത് എൻജിനീയറാണ്.

ഇപ്പോഴിതാ, തന്റെ വിവാഹ വിശേഷങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുകയാണ് എലിന.

‘‘ഓഗസ്റ്റ് 30 നാണ് വിവാഹം. കോഴിക്കോട് വച്ചാണ് ചടങ്ങ്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ചടങ്ങുകൾ നടത്തണമെന്നാണ് പ്ലാൻ. എന്നാൽ ഇപ്പോഴത്തെ കോവിഡ് സാഹചര്യം പരിഗണിച്ചു വിവാഹത്തീയതിയോടടുത്ത ദിവസങ്ങളിലേ അക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ’’. – എലിന പറയുന്നു.

‘‘ഹൽദി, മെഹന്തി, മധുരം വയ്പ്പൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാറായിട്ടില്ല. ലോക്ക് ഡൗൺ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടേ മുന്നോട്ടു പോകാനാകൂ.

ആദ്യം തീരുമാനിച്ചതെല്ലാം ഇപ്പോൾ മാറ്റി. ഒരുപാട് അംഗങ്ങളെ ഉൾക്കൊള്ളിക്കാവുന്ന ഒരു ചടങ്ങാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇനി സാഹചര്യം അനുവധിച്ചില്ലെങ്കിൽ തീരുമാനിച്ച ദിവസം ഹിന്ദു ആചാരപ്രകാരം താലി കെട്ടൽ നടത്തും. ക്രിസ്ത്യൻ ആചാര പ്രകാരം കല്യാണം ഉണ്ടാകുമോ അതോ ക്രിസ്ത്യൻ രീതിയിലുള്ള വിരുന്നാണോ നടത്തുകയെന്ന് ആഗസ്റ്റ് ആദ്യ ആഴ്ചയോടെയേ തീരുമാനിക്കാനാകൂ. അങ്ങനെയെങ്കില്‍ ഒരു ദിവസം കൊണ്ട് എല്ലാം തീർക്കാനാകും പ്ലാൻ. നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത് ഹിന്ദു ആചാരപ്രകാരം കല്യാണവും ക്രിസ്ത്യൻ രീതിയിലുള്ള വിരുന്നുമാണ്’’. – എലിന പറയുന്നു.

കാഞ്ചീപുരം പട്ട്

രോഹിത്തിന്റെ വീട്ടിൽ നിന്ന് എനിക്കുള്ള പുടവ തയാറാക്കാൻ കൊടുത്തിരിക്കുന്നത് കോയമ്പത്തൂരാണ്. താലികെട്ടു സമയത്തെ എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. അതിൽ എന്താകണം പ്രത്യേകതകളെന്ന് ഇനി തീരുമാനിക്കുകയേയുള്ളൂ. സാരിയിൽ എന്റെ അപ്പയുടെയും അമ്മയുടെയും പേര്, അതായത് അപ്പ, അമ്മ എന്നു വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. തീരുമാനിച്ചിട്ടില്ല.

തങ്ങളുെട പ്രണയകഥയെക്കുറിച്ച് മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ എലിന പറഞ്ഞത് :

‘‘ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാന്‍ ഡിഗ്രിക്കും രോഹിത് ബി.ടെക്കിനും പഠിക്കുകയായിരുന്നു. എന്റെ ഫ്രണ്ടിന്റെ വാട്സ് ആപ് ഡി.പിയിൽ എന്റെ ചിത്രം കണ്ട്, പരിചയമുണ്ടല്ലോ, ആരാ ? എന്നു ചോദിച്ചു. ഞാനപ്പോൾ ആങ്കറിങ് ചെയ്യുന്നുണ്ട്. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞു തുടങ്ങിയതാണ്’’. – എലിന ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

വാശിയോടെ പ്രണയം

സ്ഥിരം ക്ലീഷേ ലവ് ട്രാക്ക് തന്നെയായിരുന്നു ഞങ്ങളുടെത്. ആദ്യം ഫെയ്സ്ബുക്കിൽ ഹായ് പറയുന്നു. പിന്നീട് എന്റെ നമ്പർ എടുത്ത് വാട്സ് ആപ്പിൽ ഹായ് പറയുന്നു. വീണ്ടും വീണ്ടും ഹായ് പറയുന്നു. പ്രപ്പോസ് ചെയ്യുന്നു. ഞാൻ നോ പറയുന്നു. കുറേ സർപ്രൈസസ് തരുന്നു. രോഹിത് ചെന്നൈയിലാണ് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാൻ സർപ്രൈസായി വീക്കെൻഡിൽ ബാംഗ്ലൂരിൽ വരും. ഇംപ്രസ് ചെയ്യാൻ മാക്സിമം ശ്രമിച്ചു. ഒടുവിൽ 2014 അവസാനമായപ്പോഴേക്കും ഞാനും കൂടുതൽ അടുത്തു. അതുവരെ ചെറിയ ഗ്യാപ്പ് ഇട്ട് നിൽക്കുകയായിരുന്നു. പക്ഷേ, എന്നെ നേടണം എന്ന വാശിയിലായിരുന്നു കക്ഷി.

ഒളിച്ചോടാനോ ഞാനോ ? ഇല്ലേയില്ല

പ്രണയത്തിന് സമ്മതം മൂളിയതിനൊപ്പം ഞാൻ കുറച്ചു ഡിമാൻ‍ഡുകൾ കൂടി വച്ചു. ‘ചീപ്പ് റൊമാൻസിനൊന്നും എനിക്ക് താൽപര്യമില്ല, ചുറ്റിക്കറക്കമൊന്നുമില്ല... ഇല്ലേയില്ല, വീട്ടിൽ പറയാം, അവരുടെ താൽപ്പര്യം പോലെ ബാക്കി കാര്യങ്ങൾ’ എന്നൊക്കെ. രോഹിത്തിനോട് ‘യെസ്’ പറഞ്ഞിട്ട് ഞാൻ അപ്പ ഫിലിപ്പോസ് പടിക്കലിനോടും അമ്മ ബിന്ദുവിനോടും കാര്യങ്ങൾ അവതരിപ്പിച്ചു. പഠനം കഴിയട്ടെ നോക്കാം എന്നാണ് അപ്പ പറഞ്ഞത്.

പഠനം കഴിഞ്ഞ് ഉടൻ രോഹിത് ജോലിക്ക് കയറി. പിന്നീട് സ്വന്തം ബിസിനസ് തുടങ്ങി. കഴിഞ്ഞ വർഷം അവസാനം ‘വീട്ടിൽ ഒന്നു കൂടി പറയാം’ എന്നു ഞാൻ രോഹിത്തിനോട് പറഞ്ഞു. വക്ഷേ വീട്ടുകാർ സമ്മതിച്ചില്ല. ഞാനും വിട്ടുകൊടുത്തില്ല. ‘സമ്മതിക്കുമ്പോൾ നടത്തിത്തന്നാ മതി, അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല’ എന്ന നിലപാട്. വീട്ടിൽ ഞാനും അപ്പയും അമ്മയും വളരെ ഫ്രണ്ട്‌ലിയാണ്. ഇടയ്ക്കിടെ ഞാൻ ചോദിക്കും, ‘എന്താ അപ്പന്റെ പ്ലാൻ, നടക്കുമോ ഇല്ലയോ...?’. അതിനപ്പുറം വഴക്കോ ബഹളമോ ഒന്നുമില്ല.

നോ ഒടുവിൽ യെസ് ആയി

‘ബിഗ് ബോസി’ൽ പങ്കെടുക്കുമ്പോൾ ഞാൻ രോഹിത്തിനെക്കുറിച്ച് ആര്യച്ചേച്ചിയോട് പറഞ്ഞപ്പോഴാണ് വീട്ടുകാർക്ക് ഞങ്ങൾ സ്ട്രോങ്ങാണ് എന്ന് മനസ്സിലായത്. അപ്പോഴും രണ്ട് വീട്ടുകാരും കട്ടയ്ക്ക് ‘നോ’ എന്ന തീരുമാനത്തിലായിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം രണ്ടു വീട്ടുകാരും തമ്മിൽ സംസാരിച്ച് ഓക്കെ പറഞ്ഞു. എന്നെപ്പോലെതന്നെ വീട്ടിലെ ഒറ്റക്കുട്ടിയാണ് രോഹിത്തും. അച്ഛൻ പ്രദീപിനും അമ്മ ശ്രീജയ്ക്കും ഉള്ള ഒരേയൊരു മകൻ. കോഴിക്കോടാണ് അവരുടെ നാട്.