സംവിധായകൻ അമല്‍ നീരദുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് ജ്യോതിർമയി. ഇടയ്ക്കിടെ അമലും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മാത്രമാണ് ആരാധകർ ജ്യോതിയുടെ വിശേഷങ്ങൾ അറിയുന്നത്. ലോക്ക്ഡൗൺ കാലത്ത് അമൽ പങ്കുവച്ച ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ചിത്രം വൈറലാകുകയും ചെയ്തിരുന്നു. അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മപര്‍വ്വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഇരുവരും ഫോർട്ട് കൊച്ചിയിൽ, കടൽത്തീരത്തൊരുക്കിയ പുതിയ വീട്ടില്‍ താമസം തുടങ്ങിയിരിക്കുന്നതാണ് പുതിയ വിശേഷം.
കൊച്ചിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിടെയുക്കുന്ന തീരത്ത്, ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിലാണ് വീടൊരുക്കിയിരിക്കുന്നത്. മനോഹരമായ ഇന്റീരിയറാണ് വീടിന്റെ പ്രധാന സവിശേഷത. കൊച്ചിയിലെ, ‘ബി ആൻഡ് ബി ഇന്റീരിയേഴ്സും’ അതിന്റെ സാരഥി ടി.എ ദേവസിയുമാണ് അകത്തളത്തിലെ അഴകിനു പിന്നിൽ. അതേക്കുറിച്ച് ദേവസി തന്നെ പറയട്ടെ– ‘‘എന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ വർക്ക് വന്നത്. ആദ്യം ഫർണീച്ചറിന്റെ ഒരു ചെറിയ പരിപാടി ഏൽപ്പിച്ചു. അത് ഇഷ്ടപ്പെട്ടപ്പോൾ ഇന്റീരിയർ മൊത്തം ചെയ്തു കൊടുക്കാൻ പറഞ്ഞു. ഒരു മാസം കൊണ്ടാണ് തീർന്നത്’’.– ദേവസി വനിത ഓൺലൈനോട് പറഞ്ഞു.

ഒരുങ്ങിയ വീട്
ഫോർട്ട് കൊച്ചിയിൽ ബീച്ചിനടുത്താണ് വീട്. ഫ്രഞ്ച് സ്റ്റൈലിലുള്ള പഴയ റസ്റ്റൊറന്റായിരുന്നു. അതു വാങ്ങി, പുതുക്കിപ്പണിയുകയായിരുന്നു. ആ ഭാഗത്തുള്ള മിക്ക വീടുകളും ഈ സ്റ്റൈലിലുള്ളവയാണ്. ഇന്റീരിയറിന്റെ ഒരു ഡിസൈൻ ജ്യോതിർമയി മാഡവും അമൽനീരദ് സാറും തന്നിരുന്നു. അതു വച്ചാണ് ചെയ്തത്. കിച്ചണ്‍ ആയിരുന്നു മെയിൻ. മേഡം എപ്പോഴും കൂടെയുണ്ടായിരുന്നു. സാറും കൂടി കണ്ട് ഇഷ്ടപ്പെട്ടാണ് എല്ലാം തീരുമാനിച്ചിരുന്നത്. വീഞ്ഞ തടിയിലാണ് ഫർണീച്ചറുകൾ ഉണ്ടാക്കിയിരിക്കുന്നത്. വേറെ കുറേ ഫർണീച്ചറുകൾ അവർ ഹൈദരാബാദിൽ നിന്നു നേരിട്ടു വരുത്തിയതാണ്. ഓഫ് വൈറ്റ് കളറാണ് ഭിത്തികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. വേറെ അധികം നിറങ്ങളൊന്നും ഇല്ല. ഒരു മുറി വലുതും ബാക്കിയൊക്കെ ചെറുതുമാണ്. രണ്ടു നിലകളിലായി, രണ്ടു കിച്ചണുകൾക്ക് പുറമേ അഞ്ച് മുറികളാണ്. അധികം വലുപ്പമില്ലാത്ത ഒരുങ്ങിയ വീട്.

ബി ആൻഡ് ബി
ഞാൻ ഈ മേഖലയിലേക്ക് വന്നിട്ട് 30 വർഷമായി. ഒരു കമ്പനിയായി തുടങ്ങിയിട്ട് ഒരു വർഷം. മകന്റെ താൽപര്യമായിരുന്നു. ഞാനാണ് ചെയ്യണതും ചെയ്യിക്കണതുമൊക്കെ. ജോലിക്കാരെ നിർത്തി മാത്രം ചെയ്യിക്കുന്നതല്ല എന്റെ രീതി, അവരുടെ കൂടെ നിന്നു പണിയെടുക്കുന്നതും എടുപ്പിക്കുന്നതുമാണ്. മകൾ ബെൻസിയുടെയും മകൻ ബിനോയിയുടെയും പേരിന്റെ ആദ്യത്തെ അക്ഷരം വച്ചാണ് ബി ആൻഡ് ബി എന്നു പേരിട്ടത്.

കൃത്യമായ പ്ലാനിങ്
മേഡവും സാറും കൃത്യമായ പ്ലാനിങ്ങോടെയാണ് എല്ലാം ചെയ്തിരിക്കുന്നത്. പലതും തൃപ്തിയാകും വരെ പല തവണ മാറ്റി ചെയ്തു. ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന മുറികളാണ്. അധികം കുത്തിനിറയ്ക്കാത്ത രീതിയിൽ, ധാരാളം ഫ്രീ സ്പെയിസ് കിട്ടുന്ന തരത്തിലാണ് മുറികളുടെ ഉൾവശം ക്രമീകരിച്ചിരിക്കുന്നത്. ചെലവും വളരെ കുറവായിരുന്നു. രണ്ടു ലക്ഷത്തിനുള്ളിൽ, പ്രധാന ഫർണീച്ചറുൾപ്പടെയുള്ള ഞങ്ങളുടെ ചെലവ് ഒതുങ്ങി. അപ്പോഴും ഭംഗിയിൽ കോംപ്രമൈസ് ചെയ്തിട്ടില്ല.