Tuesday 02 February 2021 12:25 PM IST

തിരക്കഥ കേൾക്കാൻ 5 ക്യാബിനുകൾ, ഓഡിറ്റോറിയത്തിൽ സിനിമ പ്രദർശിപ്പിക്കാം! ‘അമ്മ’യുടെ പ്രവർത്തനങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ

V.G. Nakul

Sub- Editor

amma-1

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രവർത്തനങ്ങൾ ഇനി സ്വന്തം ആസ്ഥാന മന്ദിരത്തിൽ. എറണാകുളം കലൂരാണ് അമ്മയ്ക്ക് പുതിയ കെട്ടിടം തയാറായിരിക്കുന്നത്.

ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംഘടനയുടെ പ്രസിഡന്റും മോഹൻലാലാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്കാകും പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നത്.

amma-2

‘‘ഒത്തിരി സന്തോഷവും അഭിമാനവുമുണ്ട്. വലിയ ആഗ്രഹമായിരുന്നു അമ്മയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണമെന്ന്. ഒരു സ്വന്തം വീട് പണിഞ്ഞ്, താമസം തുടങ്ങാനൊരുങ്ങുന്നതിന്റെ ഫീൽ ആണ് ഇപ്പോൾ. ഇതിന്റെ ഓരോ പോയിന്റും അടുത്തു നിന്ന് കണ്ട് മുന്നോട്ടു പോയതാണ്. ഇപ്പോൾ ആ യാത്ര ഉദ്ഘാടനത്തില്‍ എത്തി നിൽക്കുന്നു. ഒരുപാട് പേരുടെ പിന്തുണയും ഒപ്പമുണ്ട്’’. – അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘അമ്മയ്ക്ക് ഒരു സ്ഥിരം ആസ്ഥാനം വേണം എന്നത് ലാലേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. അമ്മയുടെ മീറ്റിങ് ഇനി ഇവിടെ വച്ചായിരിക്കും. ഒപ്പം ഒരു സാംസ്ക്കാരിക കേന്ദ്രം എന്ന രീതിയിൽ പ്രവർത്തിക്കാനാവശ്യമായ സജ്ജീകരണങ്ങളും ഉണ്ട്. നാടക ശിൽപ്പശാലകളും, ആർട്ട് എക്സിബിഷൻസും ഒക്കെ ഇവിടെ സംഘടിപ്പിക്കാവുന്നതാണ്. അതിനൊപ്പം അഭിനേതാക്കൾക്ക് തിരക്കഥ കേൾക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. താരങ്ങൾക്ക് വന്ന് തിരക്കഥ കേൾക്കാനും, എഴുത്തുകാർക്കും സംവിധായകർക്കുമൊക്കെ വന്ന് പറയാനും വേണ്ടി 5 ഗ്ലാസ് ചേംബറുകളാണ് ഉള്ളത്. ന്യൂയോർക്കിലും മറ്റും കണ്ട മാതൃക ഇവിടെ പരീക്ഷിക്കുകയാണ്. ഒപ്പം ഓഡിറ്റോറിയവുമുണ്ട്. അവിടെ സിനിമ പ്രദർശിപ്പിക്കാം, പൂജകള്‍ നടത്താം. ഭാരവാഹികൾക്ക് പ്രത്യേ ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകും’’. – അദ്ദേഹം പറയുന്നു.

2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാകുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.