Monday 07 June 2021 11:54 AM IST

കുടുംബം നോക്കണം, അനിയനെ പഠിപ്പിക്കണം...19 വയസ്സിൽ ജോലി തേടിയിറങ്ങി! സീരിയലിലെത്തിയിട്ടും വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടി: അമൃത നായർ പറയുന്നു

V.G. Nakul

Sub- Editor

amritha-nair-1

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നായ ‘കുടുംബവിളക്ക്’ ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് അമൃത നായർ. ശീതൾ അമൃതയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.

പാർവതി വിജയ് പരമ്പരയിൽ നിന്നു പിന്മാറിയപ്പോഴാണ് ഈ വേഷത്തിലേക്ക് അമൃത പരിഗണിക്കപ്പെട്ടത്. അതു താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി.

amritha-nair-3

എന്നാൽ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെ കടന്നു വന്ന്, ചെറിയ പ്രായത്തിലേ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്, ഒരു കുടുംബത്തിന്റെ നാഥയാകുകയായിരുന്നു ഈ പെൺകുട്ടി. ഇപ്പോഴിതാ, തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ‘വനിത ഓൺലൈനിൽ’ മനസ്സ് തുറക്കുന്നു അമൃത.

‘‘പത്തനാപുരത്ത് പുന്നലയാണ് എന്റെ നാട്. ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം. ഇതിനോടകം ഏഴോളം സീരിയലുകൾ ചെയ്തെങ്കിലും കുടുംബവിളക്കിലെ ശീതൾ ആണ് ബ്രേക്ക് ആയത്. യാദൃശ്ചികമായാണ് അഭിനയ രംഗത്തെത്തിയത്. ഓഡിഷൻ വഴിയാണ് ആദ്യ സീരിയല്‍ ‘ഡോക്ടർ റാം’ ൽ അവസരം കിട്ടിയത്. ഞാന്‍ പഠനം കഴി‍ഞ്ഞ്, ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് ഈ അവസരം വന്നത്.

ഞാൻ നാലാം ക്ലാസ് വരെ നാട്ടിലും ബാക്കി തിരുവനന്തപുരത്തുമാണ് പഠിച്ചത്. വീട്ടിൽ അമ്മയും അമ്മൂമ്മയും അനിയനുമാണ് ഉള്ളത്. അനിയൻ ഇപ്പോൾ ബാംഗ്ലൂരിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. അമ്മ – അമ്പിളി, അനിയൻ – അമൽ. അമ്മയ്ക്ക് മുൻപ് സ്റ്റിച്ചിങ്ങിന്റെ ജോലിയായിരുന്നു’’. – അമൃത പറയുന്നു.

amritha-nair-4

ജോലി വിട്ട് സീരിയൽ

നിലവിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്നിലാണ്. അനിയൻ ജോലിക്ക് കയറിയിട്ടേയുള്ളൂ. അമ്മ ജോലി വിട്ടു. ഞാൻ ഡിഗ്രി കഴിഞ്ഞ്, 19 വയസ്സിൽ ജോലിക്ക് കയറിയതാണ്. അപ്പോൾ അത് വളരെ അത്യാവശ്യമായിരുന്നു. കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നത്. വലിയ പാടായിരുന്നു ജീവിതം. ആദ്യം കിട്ടിയ ജോലി യിൽ നിന്നുള്ള വരുമാനം വച്ച് കുടുംബം മുന്നോട്ടു കൊണ്ടു പോകാനാകില്ലായിരുന്നു. ജോലി വിട്ട് സീരിയല്‍ മേഖലയിലെത്തിയിട്ടും തുടക്കത്തിൽ വളരെ പ്രസായമായിരുന്നു. വരുമാനം തീരെ കുറവായിരുന്നു. കോസ്റ്റ്യൂം വാങ്ങാൻ പോലും തികയില്ല. അനിയന്‍ ആ സമയത്ത് പഠിക്കുകയാണ്. കുടുംബം നോക്കണം. അവനെ പഠിപ്പിക്കണം. ഇതെല്ലാം എന്റെ ഉത്തരവാദിത്വമായിരുന്നു. ഭയങ്കര പാടായിരുന്നു. എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു.

ഇപ്പോഴാണ് വലിയ കുഴപ്പമില്ലാത്ത ഒരു നിലയിലെത്തിയത്. ‘കുടുംബവിളക്ക്’ വന്നതോടെ ഭയക്കാതെ മുന്നോട്ടു പോകാം എന്നായി.

amritha-nair-2

തേടി വന്ന വേഷം

‘സ്റ്റാർ മാജിക്’ എന്ന പ്രോഗ്രാമിൽ എത്തിയതോടെയാണ് കൂടുതൽ ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. അതിനിടെയാണ് കുടുംബവിളക്കിലേക്ക് വിളിച്ചത്. പ്ലസ് ടൂ വിന് പഠിക്കുന്ന കഥാപാത്രമാണ് ശീതൾ. ഒരാൾ ചെയ്ത ക്യാരക്ടർ മറ്റൊരാൾ ചെയ്യുന്നത് പ്രേക്ഷകർ അംഗീകരിക്കാൻ വളരെ പാടാണ്. ആ ക്യാരക്ടറിന് വേണ്ടി ഒരു മേക്കോവർ വേണമായിരുന്നു. ആദ്യത്തെ എപ്പിസോഡ് വന്നപ്പോള്‍ തന്നെ നല്ല പ്രതികണങ്ങൾ കിട്ടി. ഇതു വരെ മോശമായ ഒരു കമന്റും വന്നിട്ടില്ല.

വെറും നുണ

ഞാൻ കുടുംബവിളക്കില്‍ നിന്നു പിൻമാറുകയാണെന്ന് സോഷ്യൽ മീഡിയയില്‍ ഒരു പ്രചരണമുണ്ട്. വെറും നുണ. ചില ഓൺലൈൻ മീഡിയ ചേട്ടൻമാർ ജീവിക്കാൻ സമ്മതിക്കില്ല. ഇങ്ങനെ എപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരിക്കും.ആദ്യം മീരച്ചേച്ചി മാറുന്നു എന്നായിരുന്നു കഥ. ഇപ്പോൾ ഞാൻ മാറുന്നു എന്നായി. ഞാൻ ബിഗ് ബോസ് ൽ പോകുകയാണത്രേ.

ലോക്ക് ഡൗൺ ബാധിച്ചു

അഭിനയത്തിലേക്ക് വന്നിരുന്നില്ലെങ്കില്‍ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്ത് മുന്നോട്ടു പോയേനെ. ഇപ്പോള്‍ തുടർന്ന് പഠിക്കണമെന്ന് തോന്നുന്നു. തൽക്കാലം ഇല്ല. അടുത്ത വർഷം ഒരു കോഴ്സ് കണ്ടെത്തി ജോയിന്‍ ചെയ്യണം.

കോവിഡിന്റെ പ്രശ്നങ്ങൾ സീരിയല്‍ മേഖലയെ വളരെയധികം ബാധിച്ചു. കഴിഞ്ഞ ലോക്ക് ഡൗണിനാണ് ഏറ്റവും കൂടുതൽ പ്രശ്നത്തിലായത്. വല്ലാതെ സ്ട്രഗിൾ ചെയ്തു. പെട്ടെന്ന് ലോക്ക് ഡൗൺ വന്നപ്പോൾ വർക്ക് നിന്നു. വരുമാനം നിലച്ചു. വാടക കൊടുക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനുമൊക്കെ പാടുപെട്ടു. കുരുക്കിലായെന്നു പറയാം. ആ അനുഭവം ഉള്ളതിനാൽ വീണ്ടും വർക്ക് തുടങ്ങിയപ്പോള്‍ ഒരു സേവിങ്സ് ഉണ്ടാക്കി. അതുകൊണ്ട് ഈ ലോക്ക് ഡൗൺ വലിയ കുഴപ്പമില്ലാതെ പോകുന്നു. അന്നത്തെ സ്റ്റേജില്‍ നിന്ന് ജീവിതം മാറി. ഇപ്പോൾ ഇൻസ്റ്റയിലൊക്കെ പ്രമോഷൻസൊക്കെ കിട്ടുന്നുണ്ട്. സേഫ് ആണ്.

amritha-nair-1

സിനിമയാണ് ലക്ഷ്യം. അവിടെ എത്തിപ്പെടണം. ഓഡിഷനൊക്കെ പങ്കെടുക്കുന്നുണ്ട്. സീരിയൽ മാത്രം മുന്നോട്ടു പോയാൽ ജീവിതം സേഫ് ആകില്ല.