Thursday 10 December 2020 12:32 PM IST

രണ്ടു വട്ടം നടുവിടിച്ചു വീണു, ഒരു മിനിറ്റ് തികച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ഡോക്ടറെ കണ്ടു, പിന്നീട് സംഭവിച്ചത്! ‘കുടുംബവിളക്കിലെ’ അനിരുദ്ധന്റെ ജീവിതം സീരിയലിനെ വെല്ലുന്നത്

V.G. Nakul

Sub- Editor

a1

ജീവിതത്തിന്റെ കുറേയധികം വർഷങ്ങൾ വേദന നിറഞ്ഞ ദിരനാത്രങ്ങളുടെതാക്കിയ അനാരോഗ്യത്തിൽ നിന്നു മോചിതനാകുന്നതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ആനന്ദ് നാരായണ്‍. വേദനയെ ഭയക്കാതെ, അഭിനയത്തിൽ തന്റെ ലക്ഷ്യങ്ങളിലേക്കു പറന്നുയരുവാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയ മിനി സ്ക്രീന്‍ താരം.

‘കുടുബവിളക്ക്’ എന്ന പരമ്പരയിലെ അനിരുദ്ധ്, ‘എന്നു സ്വന്തം ജാനി’യിലെ നകുലൻ എന്നീ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ ആനന്ദ്, ഡിസ്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഡിസംബർ മൂന്നാം തീയതിയാണ് ആശുപത്രി വിട്ടത്. തന്റെ ആരോഗ്യവിഷമതകളും ചികിത്സയുടെ വിശദാംശങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, താനിത്ര കാലം താണ്ടിയ വേദനയുടെ കാലത്തെക്കുറിച്ച് താരം ‘വനിത ഓൺലൈനി’ലൂടെ വെളിപ്പെടുത്തുകയാണ്.

‘‘പ്രേക്ഷകരുടെ സ്നേഹം മനസ്സിലാക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. ഒട്ടും വയ്യാതായ അവസ്ഥയിലാണ് ഞാൻ സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തത്. അതിൽ ഒരു ഡാന്‍സ് സ്വീക്കൻസ് ചെയ്തപ്പോൾ വേദന കൊണ്ടു പുളഞ്ഞു. മുൻപ് വേദന വരുമ്പോൾ പെയിൻ കില്ലർ ഇൻജക്ഷൻ ഉപയോഗിക്കുകയായിരുന്നു പതിവ്. അടുത്ത കാലത്തായി നടുവിന്റെ വേദന കൈകളിലേക്കും പിൻഭാഗത്തേക്കും കാലുകളിലേക്കുമൊക്കെ വ്യാപിക്കാൻ തുടങ്ങി. കാലുകളിൽ പെരുപ്പും മരവിപ്പുമായി, നിലത്തൂന്നാൻ പറ്റില്ലെന്നായി. അഭിനയത്തെയും അത് വളരെയധികം ബാധിച്ചു. ഒരു മിനിറ്റ് പോലും തികച്ച് നിന്ന് അഭിനയിക്കാനാകില്ല എന്ന സ്ഥിതിയായി. ഇത്രയും ആയപ്പോഴാണ് ഗുരുതരമാണെന്ന് മനസ്സിലാക്കി ആശുപത്രിയിൽ അഡ്മിറ്റായത്.

a4

എം.ആ.എ ചെയ്തപ്പോൾ എനിക്ക് പ്രശ്നമുണ്ടായിരുന്ന രണ്ട് ഡിസ്കുകളും വീർത്ത് നട്ടെല്ലിൽ മുട്ടി അമർന്ന അവസ്ഥയിലായി. ഇതേത്തുടർന്ന് കാലുകളിലേക്കുള്ള ഞരമ്പ് ബ്ലോക്കാവുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോഴാണ് സാഹചര്യം അത്രയ്ക്ക് ഗുരുതരമാണെന്ന് മനസ്സിലായത്.’’ – ആനന്ദ് പറയുന്നു.

രണ്ടു വീഴ്ചകൾ

12വർഷം മുമ്പ് വീടിന്റെ പെയിന്റിങ് നടക്കുമ്പോൾ ഞാൻ ഒരു ഏണിയിൽ നിന്ന് 10 അടി താഴ്ചയിലേക്ക് വീണു. അപ്പോഴത് വലിയ പ്രശ്നമായി തോന്നിയില്ല. പിറ്റേന്നു തന്നെ വേദനയും മാറി. മൂന്നു വർഷം കഴിഞ്ഞ് ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന കാലത്ത് കപ്പലിൽ വച്ചും ഒന്നു വീണു. പടിയിൽ നിന്നു തെന്നിപ്പോയതാണ്. വീണ്ടും നടു ഇടിച്ചു. ആ വീഴ്ച കടുത്തതായിരുന്നു. വേദന കൊണ്ടു പുളഞ്ഞു. ആശുപത്രിയിൽ പോയെങ്കിലും വേദന മാറിയില്ല.

ഒരു മാസം കഴിഞ്ഞ്, ഒരു ദിവസം രാവിലെ കിടക്കയില്‍ നിന്നു എഴുന്നേറ്റപ്പോൾ നിവരാനോ കുനിയാനോ സാധിക്കാതായി. വീൽ ചെയറിലാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. ആ വീഴ്ചയിൽ രണ്ടു ഡിസ്കിനും ഇടയിലുള്ള മജ്ജ കംപ്രസായിരുന്നു. ദുബായിൽ എന്റെ ശമ്പളം വച്ച് ചികിത്സ പ്രായോഗികമായിരുന്നില്ല. തുടർന്ന് 6 മാസത്തെ ലീവ് എടുത്ത് നാട്ടിലെത്തി. തിരുവനന്തപുരത്തെത്തി മാർത്താണ്ഡൻ പിള്ള ഡോക്ടറെയാണ് കണ്ടത്.

a2

അദ്ദേഹത്തിന്റെ ചികിത്സയിൽ വേദന മാറിയെങ്കിലും കുനിഞ്ഞ് വെയിറ്റ് എടുക്കാനൊന്നും പാടില്ല എന്ന നിർദേശമുണ്ടായിരുന്നു. പരമാവധി 4 കിലോ വരെയൊക്കെ ഇരുന്ന് എടുക്കാം. ആ അവസ്ഥയിൽ തിരിച്ച് പോയിട്ട് കാര്യമില്ല. 150കിലോ ഭാരമുള്ള അലൂമിനിയം ഷീറ്റൊക്കെ പലരോടൊപ്പം ചേർന്ന് എടുത്തു പൊക്കേണ്ടതാണ്. അങ്ങനെ ജോലി വിട്ട് ഒരു വർഷം പൂർണ വിശ്രമം തീരുമാനിച്ചു. അവിടെ നിന്നാണ് 2010മുതൽ ആങ്കറിങ്ങിലേക്കും തുടർന്ന് അഭിനയത്തിലേക്കും എത്തിയത്.

പിന്നീട് കാലങ്ങളോളം നടുവിന് വലിയ കുഴപ്പമില്ലായിരുന്നു. അടുത്ത കാലത്താണ് അത് വീണ്ടും ഗുരുതരമായി ബാധിച്ചു തുടങ്ങിയത്.

a3

തിരിച്ചു വരവ്

ടെലിക്കാസ്റ്റ് ചെയ്ത എന്റെ ആദ്യ സീരിയൽ ‘കാണാക്കൺമണി’യാണ്. 2016ൽ. പിന്നീട് ‘മൂന്നു പെണ്ണുങ്ങൾ’, ‘ഒറ്റച്ചിലമ്പ്’, ‘എന്നു സ്വന്തം ജാനി’, ‘കുടുംബവിളക്ക്’ തുടങ്ങി എട്ടോളം സീരിയലുകൾ ചെയ്തു. ‘എന്നു സ്വന്തം ജാനി’യിലെ നകുലൻ ശ്രദ്ധേയമായി.

ഇപ്പോൾ വീണ്ടും അഭിനയത്തിലേക്കു തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് ഞാൻ. ഇപ്പോൾ ആരുടെയും സഹായമില്ലാതെ തനിയെ നടന്നു തുടങ്ങി. ആത്മവിശ്വാസം കൂടി. ശേഷം സ്ക്രീനിൽ...

a5

ഭാര്യ മിനി നഴ്സാണ്. പ്രണയവിവാഹമായിരുന്നു. 2 മക്കൾ. മൂത്തയാള്‍ ആദിദേവ് രണ്ടാം ക്ലാസിൽ പഠിക്കുന്നു. മകൾ ആഗ്രഹയ്ക്ക് മൂന്നര വയസ്സ്.