Tuesday 07 July 2020 04:17 PM IST

‘സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറാകണം, ചിത്രച്ചേച്ചിയെപ്പോലെ പാട്ടുകാരിയും’; പ്രിയങ്കരിയായ കുഞ്ഞുഗായിക അനന്യ പറയുന്നു

V N Rakhi

Sub Editor

bijihbfeggygygg

വെള്ളം’ സിനിമയിലെ ‘പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം...’ എന്ന പ്രാർഥനാഗാനത്തിലൂടെ പ്രിയങ്കരിയായി മാറിയ കുഞ്ഞുഗായിക അനന്യ പറയുന്നു...

അനന്യക്കുട്ടി പാടിയതു കേട്ട് മലയാളികളെല്ലാം ഒരുപോലെ കൈയടിച്ചു. ലൈക്കുകള്‍ ലക്ഷക്കണക്കിന് നൽകി. കഴിഞ്ഞ കൊല്ലം അനന്യ പാടിയ ‘നീ മുകിലോ...’ വിഡിയോ വൈറലാക്കിയതുപോലെ ഇപ്പോൾ ഈ പാട്ടും വീണ്ടും വീണ്ടും കാണുകയാണ് എല്ലാവരും. ‘ഒരുപാട് ഒരുപാട് സന്തോഷം...’നീട്ടിക്കുറുക്കി അനന്യ എന്ന മിടുക്കിക്കുട്ടി പറയുമ്പോൾ സിനിമയിൽ പാടിയതിന്റെ ഗമയൊന്നുമില്ല.

കണ്ണിൽ വെട്ടം നൽകിയില്ലെങ്കിലും സംഗീതത്തിന്റെ പൊൻവെട്ടം വേണ്ടോളം നൽകി ഈശ്വരൻ അനുഗ്രഹിച്ച ഈ കുഞ്ഞു പാട്ടുകാരിക്കിപ്പോൾ ആഗ്രഹം ഒന്നേയുള്ളൂ. ‘ ചിത്രചേച്ചിയുടെ എല്ലാ പാട്ടുകളും എനിക്കിഷ്ടാ... രാജഹംസമേ..., പുലർകാലസുന്ദരസ്വപ്നത്തിൽ...ഇതൊക്കെ ഒരുപാടിഷ്ടം. പാട്ടുകാരിയാകണം.... ചിത്രച്ചേച്ചിയെപ്പോലെ.’ ആ ആഗ്രഹത്തിലേക്കുള്ള വാതിലാണ് വെള്ളത്തിലെ പാട്ടിലൂടെ തുറന്നിരിക്കുന്നത്.

സിനിമയുടെ ഡയറക്ടർ പ്രജേഷ് സെന്‍ അങ്കിൾ ആദ്യം വിളിച്ച് അമ്മയോട് സംസാരിച്ചു. അമ്മയ്ക്കും അച്ഛനും ചേച്ചിക്കുമെല്ലാം വലിയ സന്തോഷമായി. ഞാൻ ക്ലാസിലിരുന്ന് വെറുതെ പാടിയ നീ മുകിലോ...പാട്ട് വിഡിയോ കണ്ടിട്ടാണ് വിളിച്ചത് എന്നാണ് അങ്കിൾ പറഞ്ഞത്. നിധീഷ് നടേരി അങ്കിള്‍ എഴുതിയ പാട്ട് ട്യൂണിട്ട് ബിജിബാൽ അങ്കിൾ വാട്സ് ആപിൽ അയച്ചുതന്നു. വീട്ടിലിരുന്ന് പാടി പഠിച്ച് റെക്കോഡിങ്ങിന് പോയി. സ്റ്റൂഡിയോയിലെത്തിയപ്പോൾ അനന്യയ്ക്ക് നന്നായി പാടാൻ പറ്റും കേട്ടോ, എന്നൊക്കെ പറഞ്ഞ് അങ്കിളും പ്രോത്സാഹിപ്പിച്ചു. രണ്ടു മൂന്നു തവണ പാടിയപ്പോഴേക്കും ഒ കെ ആയി.

bijihfvehgfyt7

സംഗീതാധ്യാപകനായ രാജേഷ് ഹരിശ്രീ വീട്ടിൽ ചെന്ന് അനന്യയെ ഒന്നാം ക്ലാസു മുതൽ സംഗീതം പഠിപ്പിച്ചിരുന്നു. ലോക്ഡൗൺ ആയപ്പോൾ ഫ്ലവേഴ്സ് അക്കാദമിയിലെ സമീർബാബു സാറിന്റെ ഓൺലൈൻ ക്ലാസിലൂടെയായി പഠനം. ദിവസേന അരമണിക്കൂറെങ്കിലും പാട്ട് പരിശീലിക്കും.

എപ്പോഴും കൂടെയുള്ള റേഡിയോയിൽ പാട്ടു കേൾക്കലാണ് ഏറ്റവും ഇഷ്ടം. സ്കൂളിൽ പഠിക്കാൻ ഏറെയിഷ്ടം ഹിന്ദിയാണ്. റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് രണു മൊണ്ഡൽ പാടിയ ഇക് പ്യാർ കാ നഗ്‌മാ ഹൈ....യുടെ വിഡിയോ കണ്ടപ്പോൾ ആ പാട്ടിനോട് ഇഷ്ടമായി. അങ്ങനെ ആദ്യത്തെ ഹിന്ദിഗാനവും മനഃപാഠമാക്കി.

കണ്ണൂർ വാരം സ്വദേശി പുഷ്പന്റെയും പ്രജിതയുടെയും ഇളയമകളാണ് അനന്യ. വാരം യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി. ധർമശാല മോഡൽ സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ ബ്രെയിൽ ലിപിയും പഠിക്കുന്നു. ജനിക്കുമ്പോഴേ കാഴ്ചയില്ലായിരുന്നു. നടക്കാനും അൽപം ബുദ്ധിമുട്ടുള്ള അനന്യയ്ക്ക് ഫിസിയോതെറപിസ്റ്റ് ആകാനായിരുന്നു പണ്ട് താൽപര്യം. ഇപ്പോൾ ചോദിച്ചാൽ അതിന് ചെറിയൊരു മാറ്റം വരുത്തി പറയും, ‘സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറും ആകണം...ചിത്രച്ചേച്ചിയെപ്പോലെ പാട്ടുകാരിയുമാകണം...’

Tags:
  • Movies