നജീബിനെ ഓർമയുണ്ടോ മലയാളി പ്രേക്ഷകർക്ക്....? സിനിമയിൽ അഭിനയിക്കുകയെന്ന മോഹവുമായി അവസരങ്ങള്‍ തേടി നടന്ന്, ഒടുവിൽ ഒരു വൻ ചതിയിൽ പെട്ട്, ‘എ’ പടത്തിലെ നായകനാകേണ്ടി വന്ന ചെറുപ്പക്കാരനെ...? ഒടുവില്‍ ആ സിനിമ അവന്റെ ജീവിതം തകർത്തു, കുടുംബം താറുമാറാക്കി....പറഞ്ഞത് ഒരു സിനിമയുടെ കഥയാണ് : മക്ബൂൽ സൽമാനെയും മൈഥിലിയെയും പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന സംവിധാനം ചെയ്ത ‘മാറ്റിനി’ യുടെ കഥ...എന്നാൽ ആ സിനിമ ഒരുക്കുമ്പോൾ സംവിധായകൻ ചിന്തിച്ചിട്ടേയില്ല 10വർഷങ്ങൾക്കപ്പുറം ഈ കൊച്ചു കേരളത്തിൽ സമാനമായ ഒരു ചതി സംഭവിക്കുമെന്ന്...എന്നാൽ അതു സംഭവിച്ചിരിക്കുന്നു! സിനിമയിൽ അഭിനയിക്കുകയെന്ന മോഹവുമായെത്തിയ തന്നെ കരാറിൽ കുടുക്കി, ഭീഷണിപ്പെടുത്തി, അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി വെങ്ങാനൂർ സ്വദേശിയായ യുവാവ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത് കഴിഞ്ഞ ദിവസമാണ്. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കെതിരെയും ഒടിടി പ്ലാറ്റ്ഫോമിനെതിരെയുമാണ് യുവാവിന്റെ ആരോപണങ്ങൾ.
‘‘തന്റെ സിനിമ കാലങ്ങൾക്കു ശേഷം ഒരു യഥാർഥ സംഭവവുമായി ബന്ധപ്പെട്ടു വീണ്ടും ചർച്ചയാകുമ്പോൾ സംവിധായകനെന്ന നിലയിൽ സന്തോഷമാണല്ലോ തോന്നേണ്ടത്. എന്നാൽ എന്നെ സംബന്ധിച്ചു വലിയ നിരാശയാണുള്ളത്. ഇപ്പോഴും ഇത്തരം ചതികൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നുവെന്നത് ഗൗരവതരമാണ്’’.– അനീഷ് ഉപാസന ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘തമിഴ്നാട്ടിലും ഹൈദരാബാദിലുമൊക്കെ സമാനമായ വാർത്തകൾ മുൻപും കേട്ടിട്ടുണ്ട്. പക്ഷേ, വളരെയധികം അറിവുള്ള ആളുകളുടെ ഇടമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഈഹിച്ചില്ല.
‘മാറ്റിനി’ ചെയ്ത കാലത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ സ്പാർക്ക് മാത്രമാണ് എനിക്കു കിട്ടിയത്. ഒരു മുന്നറിയിപ്പ് എന്ന നിലയിൽ കൂടിയാണ് ഞാൻ ആ സിനിമയെ സമീപിച്ചതും. നൂലിഴ വ്യത്യാസത്തിൽ ഇത്തരം ചതികളിൽ നിന്നു രക്ഷപ്പെട്ട പലരും ആ സിനിമ കണ്ട ശേഷം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഓഡിഷൻ കഴിഞ്ഞ്, സംഗതി ഇതാണെന്നു മനസ്സിലായപ്പോൾ ഇറങ്ങി ഓടിയവരും അക്കൂട്ടത്തിലുണ്ട്’’.– അനീഷ് പറയുന്നു.
എന്റെ നാട്ടിലെ സംഭവം
എന്റെ നാട് വയനാട്ടില്‍ നീലഗിരി ബോർഡറിലാണ്. അവിടെ നടന്ന ഒരു സംഭവത്തിൽ നിന്നാണ് ‘മാറ്റിനി’യുടെ കഥ ഉണ്ടായത്.
അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരന് സിനിമയിൽ നായകനായി അവസരം കിട്ടി. അഭിനയിച്ചു. ചിത്രം റിലീസായപ്പോൾ വീട്ടുകാരെയും കൂട്ടി തിയറ്ററിലെത്തി. അപ്പോഴാണു ചതി മനസ്സിലായത്. അവൻ നായകനായത് ഒരു ‘എ’പടത്തിലാണ്. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ആ നാട്ടിലെ പ്രമുഖനായിരുന്ന അവന്റെ പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി. വീടിനു നേരെ കല്ലേറുണ്ടായി. പെങ്ങളുടെ വിവാഹം മുടങ്ങി. ആ കുട്ടിയുടെ മനസ്സിന്റെ താളം തെറ്റി. കുടുംബം സമൂഹത്തിൽ ഒറ്റപ്പെട്ടു. എല്ലാവരുടെയും ജീവിതം തകർന്നു. പിന്നീടൊരിക്കൽ ഞാനവന്റെ പിതാവിനെ കണ്ടു. കോട്ടക്കലിൽ അദ്ദേഹം വഴിവക്കിലിരുന്നു മെഴുകുതിരി വിൽക്കുന്നു. മാനസികനില താറുമാറായ മകളും ഒപ്പമുണ്ടായിരുന്നു. ഞാൻ ചെന്നു സംസാരിച്ചു. ഒരേ നാട്ടുകാരാണെന്നു പറഞ്ഞപ്പോൾ, കക്ഷി അതൊക്കെ എടുത്തു മകളെയും കൂട്ടി ഒന്നും മിണ്ടാതെ പോയി...അവിടെ നിന്നായിരുന്നു ‘മാറ്റിനി’യുടെ തുടക്കം. ‘മാറ്റിനി’ കണ്ട ശേഷം ജോഷി സാർ വിളിച്ചിരുന്നു. ‘നീ ആദ്യ സിനിമ തന്നെ സിനിമയിലെ ചതികൾക്കെതിരെയാണല്ലോ ഉപയോഗിച്ചിരിക്കുന്നതെ’ന്നു പറഞ്ഞു.

സോഷ്യൽ മീഡിയ ഇത്രയും സജീവമായ, എന്തിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്തും ആളുകൾ ഇത്തരം ചതികളില്‍ ചെന്നു ചാടുന്നതാണു വലിയ സങ്കടം. പണ്ടാണെങ്കിൽ സിനിമയെക്കുറിച്ചറിയാൻ ഇത്രയും മാർഗങ്ങളില്ല. ഇപ്പോഴാണെങ്കില്‍ അങ്ങനെയല്ലല്ലോ. എല്ലാക്കാലത്തും എല്ലാത്തരം ആളുകളുമുണ്ടാകും. അതിൽ ശരിയായ ആളുകളെയും മോശം ആളുകളെയും തിരിച്ചറിയുക എന്നതാണല്ലോ പ്രധാനം.