Saturday 12 February 2022 12:49 PM IST

ഒന്നിലും ഞാൻ ആദ്യം നോ പറയില്ല, പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടാൽ കുഴപ്പമില്ല...: അഞ്ജു അഭിനയരംഗത്തേക്ക് എത്തിയത്...

V.G. Nakul

Sub- Editor

anju-joseph

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്. ഗായിക, അവതാരക എന്നീ നിലകളില്‍‌ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ ഇടം സ്വന്തമാക്കിയ താരം ഇപ്പോൾ അഭിനയരംഗത്തേക്കുമെത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി നായികയായി തിയറ്ററുകളിലെത്തിയ ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലെ അഞ്ജുവിന്റെ വേഷം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

‘‘സത്യത്തിൽ ഞാൻ ആദ്യം അഭിനയിച്ചത് സുരാജേട്ടൻ നായകനാകുന്ന ‘റോയ്’ എന്ന ചിത്രത്തിലാണ്. രണ്ടാമത്തെ ചിത്രമാണ് ‘അർച്ചന 31 നോട്ട് ഔട്ട്’. ആദ്യം റിലീസായത് ‘അർച്ചന’യാണെന്നെയുള്ളൂ.

anju-joseph-3

‘റോയ്’ യുടെ അസോസിയേറ്റ് ഡയറക്ടർ ബിപിൻ ചേട്ടന്‍ എന്റെ സുഹൃത്താണ്. ‘നിനക്ക് അഭിനയത്തിൽ താൽപര്യമുണ്ടോ’ എന്ന് ഒരു ദിവസം ചേട്ടൻ ചോദിച്ചു. വെറുതേ ചോദിച്ചതാണെന്നു കരുതി, ‘ആ ചേട്ടാ...പിന്നെന്താ...വന്നാൽ ഞാൻ ചെയ്യും ചേട്ടാ’എന്നൊക്കെ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് പ്രൊഡക്ഷൻ ടീമില്‍ നിന്നു വിളിച്ച് കോസ്റ്റ്യൂമിന്റെ സൈസ് ചോദിച്ചപ്പോഴാണ് സംഗതി സീരിയസാണെന്ന് എനിക്കു മനസ്സിലായത്. അപ്പോൾ എനിക്കു കഥാപാത്രത്തെക്കുറിച്ചോ മറ്റോ യാതൊരു ധാരണയുമില്ല. ഷൂട്ടിനു തലേന്നും ബിബിൻ ചേട്ടനെ വിളിച്ചു ‘ഞാനിതു വരെ അഭിനയിച്ചിട്ടില്ല. അറിയത്തില്ല. എന്നെക്കൊണ്ടു ചെയ്യാൻ പറ്റിയില്ലെങ്കിൽ മോശമാകില്ലേ’ എന്നൊക്കെ ചോദിച്ചു. ‘നീ ചെയ്യും എന്നു ഞങ്ങൾക്കു കോൺഫിഡൻസുണ്ട്...അതുകൊണ്ടല്ലേ വിളിച്ചത്...ധൈര്യമായിട്ട് വാ..’ എന്നായിരുന്നു ചേട്ടന്റെ മറുപടി. എന്തായാലും പോയി. കഥാപാത്രം ഒരു യൂ ട്യൂബറുടേതായതിനാൽ കൂടുതൽ ബുദ്ധിമുട്ടിയില്ല. ‘റോയ്’ ചെയ്തു എന്നത് ‘അർച്ചന 31’ ന്റെ സംഗീത സംവിധായകന്‍ രജിത് പ്രകാശിന് അറിയാമായിരുന്നു. ‘ഇനി പടങ്ങൾ വന്നാൽ ചേച്ചി ചെയ്യുമോ’ എന്നു അവൻ ചോദിച്ചിരുന്നു. ‘നോക്കാം ടാ...’എന്നു ഞാനും പറഞ്ഞു. അങ്ങനെ ‘അർച്ചന 31’ ന്റെ ഓഡിഷനു വിളിച്ചു. സിനിമയിൽ ചെയ്തതിന്റെ ഒരു ഭാഗമാണ് ഓഡിഷനും കിട്ടിയത്. ഞാനത് ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തു. അവർക്ക് ഓക്കെയായി. അങ്ങനെയാണ് അർച്ചനയിലേക്കെത്തിയത്’’.– അഞ്ജു ‘വനിത ഓൺലൈനോട്’ പറയുന്നു.

പാട്ടും അഭിനയവും

നേരത്തേ പറഞ്ഞിരുന്ന പോലെ ഒരു ചെറിയ സിനിമയാണ് ‘അർച്ചന 31 നോട്ട് ഔട്ട്’. നല്ല ഒരു സന്ദേശം പകരുന്ന രസകരമായ കുറേയേറെ സന്ദർഭങ്ങളുള്ള ചിത്രം. ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ടൈറ്റിൽ എന്താണെന്ന് അഭിനയിക്കുന്ന സമയത്ത് എനിക്കു പോലും അറിയില്ലായിരുന്നു. സിനിമ സ്ക്രീനിൽ കണ്ടപ്പോഴാണ് അതു മനസ്സിലായത്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിനു കിട്ടുന്നത്.

anju-joseph-2

സാധാരണ ഇൻസൾട്ടാണല്ലോ ബെസ്റ്റ് ഫ്രണ്ട്സിന്റെ ഭാഗത്തു നിന്നു ഇത്തരം സാഹചര്യങ്ങളിൽ ലഭിക്കുക. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ചിത്രം കണ്ട ശേഷം അവർ വിളിച്ചു പറഞ്ഞത് ‘ഡീ നീ ഡീസന്റായിട്ടു ചെയ്തിട്ടുണ്ട്’ എന്നാണ്. അപ്പോഴാണ് എനിക്കും ‘ആ... കുഴപ്പമില്ല... ഫൈൻ’ എന്നു തോന്നിയത്.

സാധാരണ എനിക്കെന്നെ തന്നെ കാണാൻ വലിയ ചമ്മലാണ്. കവർ സോങ്ങിലും യൂ ട്യൂബ് വിഡിയോസിലുമൊക്കെ മറ്റൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണു തല കാണിക്കുന്നതും എന്നെ ഞാൻ കണ്ടോണ്ടിരിക്കുന്നതും. അതിന്റെതായ ഒരു ചമ്മൽ സിനിമയിൽ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്നു. ‘എന്താണ്… എങ്ങനെയാണ്... ഞാൻ ചെയ്തത് ശരിയാണോ...’ എന്നൊക്കെയുള്ള ആശങ്കകൾ കൂടുതലായിരുന്നു. ഇപ്പോള്‍ ആത്മവിശ്വാസം തോന്നുന്നുണ്ട്...

ഇനി നല്ല അവസരങ്ങൾ വന്നാൽ എനിക്കു പറ്റുന്നതാണെന്നു തോന്നിയാൽ അഭിനയവും പാട്ടും ഒന്നിച്ചു കൊണ്ടു പോകാനാണ് തീരുമാനം.

പാട്ടുവിശേഷങ്ങൾ

ഒന്നു രണ്ടു കവർ സോങ്ങുകൾ ഇറങ്ങാനുള്ളതാണ് പാട്ടിൽ പുതിയ വിശേഷങ്ങൾ. അതിനു ശേഷം ഞാൻ ഒരുക്കുന്ന ആറ് പാട്ടുകളുടെ ഒരു പരമ്പരയാണ് ചെയ്യുന്നത്. എന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ് ആറ് പാട്ടുകളും. അതിന്റെ വർക്കുകളും നടക്കുന്നു. ഒപ്പം യൂ ട്യൂബ് ചാനലും സജീവമാക്കും. ഒന്നിലും ഞാൻ ആദ്യം നോ പറയില്ല. എല്ലാം പരീക്ഷിച്ചു നോക്കും. ചെയ്തിട്ട് പരാജയപ്പെട്ടാൽ എനിക്കു കുഴപ്പമില്ല. ചെയ്യാതെ ആദ്യമേ നോ പറയുന്നതെന്തിന്...ആ ശൈലിയിലാണ് സിനിമയെയും കാണുന്നത്.