Saturday 05 September 2020 02:20 PM IST

ഭക്ഷണം രാത്രി മാത്രം, പകൽ വെള്ളവും മധുരവും! ഒടുവിൽ ‘കൃത്യമായി ഭക്ഷണം കഴിച്ച് തുടങ്ങി’: മെലിഞ്ഞ് സുന്ദരിയായി ലിച്ചിയുടെ മേക്കോവർ

V.G. Nakul

Sub- Editor

a1

മലയാള സിനിമയുടെ ‘ലിച്ചി’യാണ് അന്ന രാജൻ. ‘അങ്കമാലി ഡയറീസി’ലെ ലിച്ചിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം. ‘അങ്കമാലി ഡയറീസ്’ മുതൽ ‘അയ്യപ്പനും കോശിയും വരെ’, ചുരുങ്ങിയ കാലത്തിനിടെ ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളിലൂടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായ അന്ന ഓണക്കാലത്ത് പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.

‘ഇത് അയ്യപ്പനും കോശിയിലും കണ്ട ആളേ അല്ലല്ലോ...’ എന്നാണ് ചിത്രം കണ്ട് പ്രേക്ഷകർ ഒരേ ശബ്ദത്തിൽ പറയുന്നത്. കൂടുതൽ മെലിഞ്ഞ് സുന്ദരിയായി, പുത്തൻ മേക്കോവറിലാണ് അന്ന ഇപ്പോൾ.

a3

‘‘സത്യത്തിൽ ആ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം വന്ന കമന്റുകളിൽ നിന്നാണ് ഇത്രയും പ്രകടമായ ഒരു മാറ്റം ശരീരത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് ‍ഞാൻ മനസ്സിലാക്കിയത്’’.– പുതിയ മേക്കോവർ വിശേഷങ്ങൾ അന്ന ‘വനിത ഓൺലൈനോ’ട് പങ്കുവച്ച് തുടങ്ങിയതിങ്ങനെ.

‘‘ലോക്ക് ഡൗൺ സമയത്ത് ജീവിത രീതികളിൽ വന്ന മാറ്റം തന്നെയാണ് പ്രധാനം. ‘അയ്യപ്പനും കോശിയും’ സമയം മുതൽ ഞാൻ ഒരു പുതിയ സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷേ,കൊറോണ വന്നപ്പോൾ പ്ലാൻസ് എല്ലാം മാറി. അതോടെ, ഇനി ഈ പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ട് വീണ്ടും തുടങ്ങാം എന്നു കരുതി. പക്ഷേ, ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ ശരീരവും അതിനൊപ്പം മാറി. എങ്കിൽ ആരോഗ്യ കാര്യങ്ങളിൽ കുറച്ചു കൂടി ശ്രദ്ധിക്കാം എന്നു തീരുമാനിച്ചു’’. – അന്ന പറയുന്നു.



ടോട്ടൽ ചെയ്ഞ്ച്

ലോക്ക് ഡൗൺ ആയപ്പോൾ മറ്റൊന്നും ചെയ്യാനില്ലാതായി. പുറത്തിറങ്ങാൻ പറ്റില്ല. വർക്കില്ല. ആകെ ബോറായി. എപ്പോഴും ഫോണിൽ മാത്രം നോക്കിയിരിക്കാൻ പറ്റില്ലല്ലോ. എങ്കിൽ ഷട്ടിൽ കളിച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ച് തുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം ഷട്ടിൽ കളിക്കുന്നുണ്ട്. ഒപ്പം മധുരം കഴിക്കുന്ന് തീരെ കുറയ്ക്കുകയും ഭക്ഷണം കഴിക്കുന്ന ശൈലി മാറ്റുകയും ചെയ്തു. എല്ലാം കൂടി ചേർന്നപ്പോൾ സംഭവിച്ച മാറ്റമാണ് ഇപ്പോൾ കാണുന്നത്.

a2

ഫുഡ് കഴിക്കാൻ തുടങ്ങി

നഴ്സ് ആയി ജോലി ചെയ്ത കാലം മുതൽ തുടരുന്ന ചില ആഹാര രീതികളുണ്ടായിരുന്നു. രാവിലെ ഒരു കോഫി കഴിക്കും. ബ്രേക്ക് ഫാസ്റ്റിനോട് വലിയ താൽപര്യമില്ല. ഞാൻ അധികം ഫുഡ് കഴിക്കുന്ന ആളായിരുന്നില്ല. പകൽ വെള്ളം മാത്രം കുടിക്കും. രാത്രി മാത്രമാണ് കാര്യമായി ഭക്ഷണം കഴിക്കുക. അതിനിടെ എപ്പോഴും എന്തെങ്കിലും മധുരം കഴിച്ചുകൊണ്ടിരിക്കും. ഇപ്പോൾ അതൊക്കെ പൂർണമായി മാറ്റി. കൃത്യമായി ഭക്ഷണം കഴിക്കാൻ തുടങ്ങി.

എനിക്ക് ഏറ്റവും ഇഷ്ടം മധുര പലഹാരങ്ങളാണ്. എപ്പോഴും എന്തെങ്കിലും മധുരം കഴിച്ചുകൊണ്ടിരിക്കുമായിരുന്നു എന്നു പറഞ്ഞല്ലോ. ആ ശീലം മാറ്റി. കടുത്ത ആഗ്രഹം തോന്നുമ്പോൾ മാത്രം എന്തെങ്കിലും കുറച്ചു കഴിക്കും.

a4

സോഷ്യൽ മീഡിയ കണ്ടെത്തിയ മേക്കോവർ

ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ കണ്ടാണ് പലരും മേക്കോവർ എന്ന് മെസേജ് അയക്കാൻ തുടങ്ങിയത്. ഒരു പ്രോഗ്രാമിന് പങ്കെടുത്തപ്പോൾ എടുത്ത ചിത്രമാണ്. കിട്ടിയപ്പോൾ ഓണാംശംസകൾക്കൊപ്പം പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. അതിൽ ഇങ്ങനെയൊരു മേക്കോവർ കണ്ടു പിടിച്ചത് സോഷ്യൽ മീഡിയയാണ്.

ചിത്രം കണ്ട് കോളുകളും മെസേജുകളും കമന്റുകളും വന്നു തുടങ്ങിയപ്പോഴാണ് നല്ല മാറ്റം ഉണ്ടായിട്ടുണ്ടല്ലോ എന്ന് എനിക്കും തോന്നിയത്. സന്തോഷം. എങ്കിലും കൃത്യമായി എത്ര കിലോ കുറഞ്ഞു എന്നൊന്നും ഞാൻ നോക്കിയില്ല.