Thursday 24 June 2021 12:01 PM IST

‘ആശുപത്രിയിൽ മൊട്ടിട്ട പ്രണയം, നിശ്ചയം മാറ്റി വച്ച് ബിഗ് ബോസിലേക്ക്’! പ്രണയകഥ പറഞ്ഞ് അനൂപ്

V.G. Nakul

Sub- Editor

anoop-krishnan

‘സീതാകല്യാണ’ത്തിലെ കല്യാൺ എന്ന നായക കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് അനൂപ് കൃഷ്ണൻ. മിനി സ്ക്രീനിൽ സജീവ സാന്നിധ്യമായ ഈ ചെറുപ്പക്കാരൻ, ‘ബിഗ് ബോസ് മലയാളം സീസൺ ത്രീ’യിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരനായി.

ഇപ്പോഴിതാ, ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് അനൂപ്. തന്റെ പ്രിയപ്പെട്ടവളെ ജീവിതത്തിന്റെ നല്ല പാതിയായി ഒപ്പം കൂട്ടാനുള്ള തയാറെടുപ്പിലാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു അനൂപിന്റെ വിവാഹ നിശ്ചയം. ഡോ.ഐശ്വര്യ നായരാണ് വധു. വിവാഹം അടുത്ത വർഷത്തേക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുൻപ് വരുന്ന സെപ്തംബറിലാണ് അനൂപിന്റെ സഹോദരി അഖിലയുടെ വിവാഹം. മിലിട്ടറി ഉദ്യോഗസ്ഥനായ ഹരിയാണ് വരൻ.

‘‘ഐശ്വര്യ ഇപ്പോള്‍ മംഗലാപുരത്ത് എം.ഡി ചെയ്യുന്നു. അവിടെത്തന്നെ വർക്ക് ചെയ്യുന്നുമുണ്ട്. എന്റെ മെന്ററും ബ്രദറുമാണ് മ്യൂസിക് ഡയറക്ടർ സണ്ണി വിശ്വനാഥ്. അദ്ദേഹത്തിന്റെ ഒരു ട്രീറ്റ്മെന്റിന്റെ ആവശ്യത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും. അന്ന് ഐശ്യര്വ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ പരിചയം പതിയെ സൗഹൃദമായി. സംസാരിക്കാന്‍ തുടങ്ങി. കൂടുതൽ പരിചയപ്പെട്ടപ്പോൾ രണ്ടു പേർക്കും ഇഷ്ടമായി. 2019 അവസാനമാണ് പ്രണയം തുറന്ന് പറഞ്ഞത്. ഞാനാണ് അതിന് മുൻകൈ എടുത്തത്. അപ്പോഴേക്കും പരസ്പരം മനസ്സിലാക്കി, ഒന്നിച്ച് മുന്നോട്ടു പോകാം എന്ന നിലയിലെത്തിയിരുന്നു’’. – തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് അനൂപ് ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങി.

anoop-krishnan-3

പാലക്കാട് കുറ്റന്നൂർ സ്വദേശിനിയാണ് ഐശ്വര്യ. അച്യുത് നായർ–സുനിത ദമ്പതികളുടെ ഏകമകൾ.

‘‘എന്റെ കാര്യം ഐശ്വര്യ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം അവർക്കാർക്കും വിശ്വാസമുണ്ടായിരുന്നില്ല. ‘ഇന്ന ആളോ ?’ എന്നൊരു ആകാംക്ഷയായിരുന്നു. അവരൊക്കെ എന്റെ സീരിയലുകൾ കണ്ടിട്ടുണ്ട്. അങ്ങനെ അറിയാം.

എന്റെ വീട്ടിൽ പ്രണയത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല. കുറച്ച് കാലം കഴിഞ്ഞു മതി കല്യാണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. അനിയത്തിയുടെ കല്യാണം ആദ്യം നടക്കണം എന്നായിരുന്നു. ഞാനും ഐശ്വര്യയും പരസ്പരം ഇഷ്ടം പങ്കുവച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. അനിയത്തിയുടെ കല്യാണ നിശ്ചയം ജനുവരിയിലായിരുന്നു. അപ്പോൾ ഫെബ്രുവരി രണ്ടിന് ഞങ്ങളുടെ വിവാഹ നിശ്ചയം തീരുമാനിച്ചു. അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളി വന്നത്. അതോടെ വിവാഹ നിശ്ചയം ക്യാൻസൽ ചെയ്താണ് ബിഗ് ബോസിലേക്ക് പോയത്. പിന്നീടാണ് ഇന്നലത്തേക്ക് തീയതി കണ്ടെത്തിയത്.

anoop-krishnan-4

എന്റെ സീരിയലുകളും പ്രൊഗ്രാമുകളുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു നടൻ എന്ന നിലയിൽ ഉള്ള കൗതുകമോ ആരാധനയോ ഐശ്വര്യയോട് എന്നോടുണ്ടായിരുന്നില്ല. അതാണ് എന്നെ ആകർഷിച്ചതും. വളരെ സൗഹാർദപരമായ സംസാരങ്ങളും ഇടപെടലുമാണ് ആദ്യം മുതൽ ഞങ്ങൾക്കിടയിലുണ്ടായിരുന്നത്’’. – അനൂപ് പറയുന്നു.

ബിഗ് ബോസിൽ മിസ് ചെയ്യുന്നത്

ബിഗ് ബോസ് വിട്ടു പോരുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആ വീടും അവിടുത്തെ അറ്റ്മോസ്റ്റ്ഫിയറുമൊക്കെയാണ്. ഓരോ മലയാളിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ലാലേട്ടനൊപ്പം ഒരു ഫോട്ടോയെടുക്കുക, സംസാരിക്കുക എന്നതൊക്കെ. എനിക്കതിന് ബിഗ് ബോസിലൂടെ സാധിച്ചു. അതാണ് വലിയ സന്തോഷം. മുൻപ് ലാലേട്ടൻ അഭിനയിച്ച പല സിനിമകളുടെയും ലൊക്കേഷനിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോൾ പോലും ഒരു ഫോട്ടോ ഒപ്പം നിന്ന് എടുക്കാൻ പറ്റിയിട്ടില്ല. അത് ബിഗ് ബോസിലൂടെ സാധിച്ചു.

anoop-krishnan-2

ബിഗ് ബോസിനു ശേഷം സിനിമയിൽ നിന്നു തന്നെ തേടിയെത്തിയിരിക്കുന്ന ചില വലിയ അവസരങ്ങളുടെ സന്തോഷത്തിലാണ് അനൂപ്.

‘‘ബിഗ് ബോസിന് മുൻപേ സീരിയലിൽ നിന്നു മാറി നിന്നിരുന്നു. അത് ചില വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ്. അതിനു ശേഷം ഒരു സിനിമയും വെബ് സീരിസും ചെയ്തു’’.

പട്ടാമ്പിയാണ് അനൂപിന്റെ നാട്. അച്ഛൻ ഉണ്ണികൃഷ്ണൻ ആർ.എം.എസിലായിരുന്നു. അമ്മ ശോഭന. അനിയൻ അഖിലേഷ്, അനിയത്തി അഖില.