മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് മഹാനടൻ മോഹൻലാൽ അനശ്വരമാക്കിയ ആടുതോമ. 25 വർഷം പിന്നിട്ടിട്ടും ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടിക’വും മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന ആടുതോമയും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമതാണ്.
ഇപ്പോഴിതാ, ആടുതോമ ഗെറ്റപ്പിൽ മോഹൻലാലിന്റെ സന്തത സഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുകയാണ്. മകൾ അനിഷ ആന്റണിയുടെ വിവാഹ ആഘോഷച്ചടങ്ങുകളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂർ ആടുതോമയായി എത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.
വിവാഹത്തലേന്ന് നടന്ന സംഗീത് ചടങ്ങുകൾക്ക് ആന്റണി പെരുമ്പാവൂരും കുടുംബവും ‘സ്ഫടികം’ തീമിൽ ലോറിയിൽ എത്തിയപ്പോൾ വരൻ എമിലിന്റെ കുടുംബം ‘മാരി’ തീമിൽ ഓട്ടോറിക്ഷയിൽ ആണ് എത്തിയത്. ചിത്രങ്ങളിൽ ആടു തോമ സ്റ്റൈലിൽ ചുവന്ന ഷർട്ടും, മുണ്ടും, കൂളിങ് ഗ്ലാസും അണിഞ്ഞ്, ഊന്നുവടിയുമായി നിൽക്കുകയാണ് ആന്റണി പെരുമ്പാവൂർ. ഒപ്പം സ്റ്റൈലിഷ് ലുക്കിൽ അദ്ദേഹത്തിന്റെ ഭാര്യ ശാന്തിയും ഉണ്ട്.
‘‘രസകരമായ ഷൂട്ടും മനോഹരമായ ചടങ്ങുമായിരുന്നു. അവരാണ് ആശയം മുന്നോട്ടു വച്ചത്. അനിഷയുടെ കല്യാണച്ചടങ്ങുകളുടെ എല്ലാ ഷൂട്ടും എന്റെ കമ്പനിയാണ് ചെയ്തത്. ചിത്രങ്ങൾ ഇപ്പോൾ ചിലയിടങ്ങളിലൊക്കെ വന്നിട്ടുണ്ട്. നല്ല അഭിപ്രായം ലഭിക്കുന്നു’’.– ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ജാക്സൺ ജെയിംസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.
താരസമ്പന്നമായിരുന്നു ഡോക്ടർ അനിഷ ആന്റണിയുടെയും ഡോക്ടർ എമിലിന്റെയും വിവാഹ ചടങ്ങുകൾ. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മോഹൻലാലും കുടുംബവും സജീവ സാന്നിധ്യമായിരുന്നു. വിവാഹ വിരുന്നിന് മലയാള സിനിമയിലെ താരങ്ങളെല്ലാം എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
1

2

3

4
