‘മസ്താൻ, സിംബ, നിള, ഷേർഖാൻ, നൂറ എന്നിങ്ങനെ അഞ്ച് മക്കളാണ് എനിക്ക്’. – പറയുന്നത് മിനിസ്ക്രീനിലെ പ്രിയതാരം അനു ജോസഫ്. അനുവിന്റെ വിവാഹം എപ്പോൾ കഴിഞ്ഞു എന്നു ചിന്തിച്ച് തലപുകയ്ക്കാനൊന്നും നിൽക്കേണ്ട. മക്കൾ എന്ന് അനു വിളിക്കുന്നത് അവരുടെ ഓമനപ്പൂച്ചകളെയാണ്. തിരുവനന്തുരത്തെ അനുവിന്റെ വീട് ഇപ്പോൾ ഇവരുടെ വിഹാര കേന്ദ്രവുമാണ്. പൂച്ച വിശേഷങ്ങളേെക്കുറിച്ച് അനു ‘വനിത ഓൺലൈനോ’ട് പറയുമ്പോൾ ആ രഹസ്യം കൂടി അനു പങ്കുവച്ചു, അനുവിന്റെ പൂച്ചസ്നേഹം കൂടിയതോടെ അടുപ്പക്കാർ ഓമനപ്പേര് സമ്മാനിച്ചിട്ടുണ്ടത്രേ... പൂച്ചാണ്ടി...!!! പൂച്ച ആന്റി എന്ന പേര് ഇങ്ങനെ പരിണമിച്ചതാണത്രേ...

ലോക്ക് ഡൗണിലെ അതിഥി
‘‘ലോക്ക് ഡൗൺ സമയത്താണ് എനിക്കു സിംബയെ കിട്ടിയത്. ചൗദി ഇനത്തിൽ പെട്ട അവളാണ് എന്റെ ആദ്യത്തെ ക്യാറ്റ്. പൂച്ച, പട്ടി തുടങ്ങിയവയോടുള്ള ഇഷ്ടം പണ്ടു മുതലേ ഉണ്ട്. സാഹചര്യവും തിരക്കും മൂലം വീട്ടില്‍ വളർത്താൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ലോക്ക് ഡൗൺ ആയപ്പോൾ തിരക്കില്ലാതെ വീട്ടില്‍ ഇരിക്കാൻ പറ്റി. ആ സമയത്ത് സിംബയെ കിട്ടിയതോടെ എന്റെ ‘പഴയ’ പൂച്ച പ്രേമം തലപൊക്കുകയായിരുന്നു.

ഇപ്പോൾ, മസ്താൻ, സിംബ, നിള, ഷേർഖാൻ, നൂറ എന്നിങ്ങനെ 5 പൂച്ചകളുണ്ട് എനിക്ക്. 4 എണ്ണം ബംഗാൾ ക്യാറ്റ്സ് ആണ്. സിംബ ചൗദി ഇനത്തിൽ പെട്ടതാണ്. തിരുവനന്തപുരത്തെ വീട്ടിലാണ് എല്ലാവരും. ഞാൻ ഷൂട്ടിനും മറ്റും വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ കാര്യങ്ങൾ നോക്കാൻ ഒരു ചേച്ചിയുണ്ട്.
ക്രോസ് ബ്രീഡായ ബംഗാൾ ക്യാറ്റുകളോട് എനിക്ക് പണ്ടേ ഇഷ്ടമാണ്. 1986 ൽ ആണ് ഈ ബ്രീഡ് വരുന്നത്. പൂച്ചകളെക്കുറിച്ച് ശാസ്ത്രീയമായും കുറേ കാര്യങ്ങൾ ഇതിനോടകം പഠിച്ചു കഴിഞ്ഞു’’. – അനു പറയുന്നു.

സിംബയെ കിട്ടിയത് കണ്ണു വിരിയും മുമ്പേ
ഞാൻ ഒറ്റയ്ക്കല്ല ഇവയെ വളർത്തുന്നത്. എന്റെ സുഹൃത്ത് അസിയും കൂടി ചേർന്നാണ് ഇവയെ പരിപാലിക്കുന്നത്. അദ്ദേഹത്തിന് പൂച്ചകളെക്കുറിച്ചും അവയെ പരിപാലിക്കുന്നതിനെക്കുറിച്ചും നല്ല അറിവുണ്ട്. സുഹൃത്താണ് സിംബയെ സമ്മാനിച്ചത്. അന്ന് അവളുടെ കണ്ണു പോലും വിരിഞ്ഞിരുന്നില്ല. ജനിച്ചപ്പോഴേ അവൾക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. സിംബയ്ക്കു പിന്നാലെ മറ്റു നാലു പേരും പലപ്പോഴായി എന്നിലേക്കു വന്നു ചേരുകയായിരുന്നു.

മസ്താനും നൂറയും
എല്ലാവരും ഞാനുമായി വളരെ വേഗം അടുത്തു. പൂച്ചകൾ പൊതുവേ അവർ താമസിക്കുന്ന സ്ഥലവുമായി ഇണങ്ങുന്നതാണ് പ്രധാനം. വ്യക്തികളെക്കാൾ താമസിക്കുന്ന ഇടവുമായി അവർ വേഗത്തിൽ അടുക്കും. അതിനു ശേഷവുമാണ് മനുഷ്യരുമായി അടുക്കുക. സിംബ കണ്ണു തുറന്ന് ആദ്യം കണ്ടത് എന്നെയായതിനാൽ വേഗത്തിൽ അടുത്തു. അവളുടെ വിചാരം ഞാനാണ് അവളുടെ അമ്മ എന്നാണ്. രാത്രി ഉറങ്ങുമ്പോഴൊക്കെ എന്റെ നെഞ്ചിൽ വന്നു കിടക്കും. മസ്താൻ എന്നോട് വളരെയധികം സ്നേഹം കാണിക്കുന്നവനാണ്. നാഷനൽ ലെവൽ ക്യാറ്റ് ഷോയിൽ രണ്ടു തവണ വിന്നറാണ്. ഇപ്പോൾ രണ്ടു വയസ്സായി. ഞങ്ങളുടെ പൂച്ച ഫാമിലിയിലെ വല്യേട്ടനും അവനാണ്. അവന്റെ ജോഡി നൂറയാണ്. അവൾ ഇപ്പോൾ കാരിയിങ്ങാണ്. പുതിയ അതിഥിയെ കാത്തിരിക്കുകയാണ് ഞങ്ങൾ.

ഇനി ചിന്തിക്കാൻ പറ്റില്ല, ഇവരില്ലാത്ത ജീവിതം
കുട്ടിയായിരുന്നപ്പോൾ എനിക്കു ഒരു നായയും പൂച്ചയും ഉണ്ടായിരുന്നു. അവരെ രണ്ടു പേരെയും നഷ്ടപ്പെട്ടപ്പോൾ വലിയ സങ്കടമായിരുന്നു. പിന്നീട് വളർത്താൻ പറ്റിയില്ല. ഇപ്പോൾ വീണ്ടും വളർത്താൻ തുടങ്ങിയപ്പോൾ അവരെ എനിക്കു സ്നേഹിക്കാകുമോ എന്നൊക്കെയുള്ള കൺഫ്യൂഷനുണ്ടായിരുന്നു. പക്ഷേ, ഞാൻ പോലുമറിയാതെ അവരെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഷൂട്ടിന് പോകുമ്പോഴും പുറത്തു പോകുമ്പോഴുമൊക്കെ ഇവരെ മിസ് ചെയ്യും. വീട്ടിലേക്ക് വിളിക്കുമ്പോഴും എനിക്കു കൂടുതൽ ചോദിക്കാനുണ്ടാകുക അവരെക്കുറിച്ചാണ്. ഇപ്പോൾ അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ‘ബങ്കാൾ ക്യാറ്റ്സ്’ എന്ന പേരിൽ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഞാൻ ഏറ്റവും കൂടുതൽ ബിസിയായിരുന്നത് ഇവർക്കു വേണ്ടിയാണ്. ഇവരുടെ കാര്യം നോക്കുക, ഒപ്പം കളിക്കുക.. അങ്ങനെ ഫുൾ ബിസി. ജീവിതം വളരെയേറെ ആക്ടീവായി എന്നും തോന്നുന്നു. പൂച്ചകൾ ഒരിക്കലും നമ്മളെ ഇറിറ്റേറ്റ് ചെയ്യില്ല. ഇനി ഇവർ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഞാൻ കച്ചവട ലക്ഷ്യത്തോടെയല്ല ഇവയെ വളർത്തുന്നതും. ആരെങ്കിലും ഇഷ്ടത്തോടെ ചോദിച്ചാൽ ചിലപ്പോൾ വളർത്താൻ കൊടുക്കും എന്നു മാത്രം...
