Thursday 20 December 2018 12:09 PM IST

‘സെൽഫിക്കാരിയാണ്, ദേഷ്യക്കാരിയല്ല’; സോഷ്യൽ മീഡിയ ഗോസിപ്പുകളോട് അപർണയ്ക്ക് പറയാനുള്ളത്

Sruthy Sreekumar

Sub Editor, Manorama Arogyam

aparna
ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

തൊട്ടതെല്ലാം െപാന്നാക്കിയ െപൺകുട്ടിയാണ് അപർണ. സംഗീതം, നൃത്തം, സ്പോർട്സ്, പെയിന്റിങ്.. അങ്ങനെ കൈവച്ച മേഖകളിലെല്ലാം അപർണയുടേതായ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കുസൃതിക്കാരിയായി വന്ന് നമ്മുെട മനസ്സിലേക്കു കൂടുകൂട്ടിയ അപർണ തന്റെ സൗന്ദര്യരഹസ്യത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും മനസു തുറക്കുകയാണ്. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണയുടെ തുറന്നു പറച്ചിൽ.

നൃത്തവും സ്പോർട്സും

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ നൃത്തപഠനം തുടങ്ങിയത്. ആ കാലത്ത് ഖത്തറിലായിരുന്നു താമസം. ഭരതനാട്യം. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയാണ് അഭ്യസിച്ചത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ തൃശൂരിൽ വന്നു സെറ്റിൽ െചയ്തു. എന്നാലും നൃത്തപഠനം മുടക്കിയില്ല. 12 വർഷത്തോളം പഠിച്ചു. അതിന്റെ മെയ്‌വഴക്കം ഇന്നും എനിക്കുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ സ്പോർട്സിലും സജീവമായിരുന്നു. ലോങ്ങ്ജംപ്, റണ്ണിങ് റെയ്സ് എന്നിവയായിരുന്നു എന്റെ പ്രധാന ഇനങ്ങൾ. പിന്നെ സ്കൂൾ ഖൊ ഖൊ ടീമിലും അംഗമായിരുന്നു. ഞങ്ങളുെട ടീം ഇന്റർ സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ജിമ്മും ഭക്ഷണവും

ആദ്യ സിനിമ െചയ്യുമ്പോൾ ഞാൻ മെലിഞ്ഞിട്ടാണ്. പിന്നീട് കുറച്ച് വണ്ണം കൂടി. ശരീരം േടാൺ െചയ്യണമെന്നു േതാന്നി. അങ്ങനെയാണ് ജിമ്മിൽ േപാകാൻ തുടങ്ങിയത്. രണ്ട് വർഷം മുൻപായിരുന്നു അത്. മൂന്ന് മാസത്തോളമേ തുടർച്ചയായി ജിമ്മിൽ േപാകാൻ സാധിച്ചിട്ടുള്ളൂ.

aparna-1

ഷൂട്ടിങ്ങും പഠനവുമായി ഇടയ്ക്കിടെ ബ്രേക്ക് വന്നു. പക്ഷേ രണ്ടു മാസം െകാണ്ടു തന്നെ ശരീരഭാരം കുറഞ്ഞു. ശരീരത്തിന് ആേരാഗ്യകരമായ ഷേപ്പും വന്നു. പേശികളുെട ശക്തി കൂട്ടാനും െകാഴുപ്പു കുറയ്ക്കാനുമായി ഫുൾ േബാഡി വ്യായാമങ്ങളാണ് ട്രെയ്നർ എനിക്കു നിർദേശിച്ചത്. പ്രത്യേക ഡയറ്റും ഉണ്ടായിരുന്നു. പക്ഷേ ഭക്ഷണം ഭയങ്കരമായി നിയന്ത്രിച്ചുള്ള ഡയറ്റ് എനിക്കു പറ്റില്ല. ഇഷ്ടഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാതെ അളവു കുറയ്ക്കുന്ന ഡയറ്റാണ് എടുക്കാറ്.

നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ് ഞാൻ. േചാറ് ഒരുപാട് ഇഷ്ടമാണ്. വെജും നോൺ വെജും കഴിക്കും. വീട്ടിലുള്ളപ്പോൾ സാധാരണ വെജിറ്റേറിയൻ വിഭവങ്ങളാണ് കഴിക്കാറ്. പച്ചക്കറികൾ െകാണ്ടുള്ള മെഴുക്കുപുരട്ടികൾ അമ്മ നന്നായി ഉണ്ടാക്കും. അങ്ങനെ അത്യാവശ്യം പച്ചക്കറികൾ ഉള്ളിലെത്തുന്നുണ്ട്. പുറത്തു േപാകുമ്പോഴാണ് നോൺ വെജ് കൂടുതലും കഴിക്കാറ്. ചിക്കനും ബീഫും ഒരുപാട് ഇഷ്ടമാണ്. മീനുകളിൽ െകാഞ്ചും കിളിമീനും. പാചകം ഇഷ്ടമുള്ള കാര്യം തന്നെയാണ്. ചിക്കൻ ബിരിയാണിയാണ് എന്റെ മാസ്റ്റർ പീസ് വിഭവം. പിന്നെ പലതരം ഡിസേർട്ടുകൾ.

മുടിക്കും വേണം മാറ്റം

സൗന്ദര്യസംരക്ഷണത്തിനായി പ്രത്യേകിച്ച് ഒന്നും െചയ്യാറില്ല. ഇടയ്ക്ക് ബ്യൂട്ടി പാർലറിൽ േപാകും, െത്രഡ് െചയ്യും. ഫങ്ഷൻ വല്ലതുമുണ്ടെങ്കിൽ മാത്രം മുഖത്ത് എന്തെങ്കിലും െചയ്യും. വീട്ടിൽ തന്നെ ചന്ദനത്തിന്റെ ഫെയ്സ് പാക്കും ഒാറഞ്ച് സ്ക്രബും ഉണ്ട്. നല്ല നീളമുള്ള മുടിയായിരുന്നു. ഇപ്പോൾ നീളം കുറച്ചു. ഇടയ്ക്ക് ഒരു വ്യത്യാസമൊക്കെ വേേണ്ട.

aparna-2

ഞാനൊരു ‘െസൽഫി’ക്കാരിയാണ്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉണ്ട്. ചിലർ നമ്മളെ മനഃപൂർവം അപമാനിക്കാനായി മോശം കമന്റ് ഇടും. അങ്ങനെ അതിരുവിട്ട ഒരാളെ ഞാൻ അയാളുെട കമന്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് േപാസ്റ്റ് െചയ്തു. ഒടുവിൽ അയാൾ മാപ്പു പറഞ്ഞു. പിന്നെ അപർണ േദഷ്യപ്പെടുന്നു എന്നു പറഞ്ഞു വിഡിയോ വന്നു. അമ്പലത്തിൽ വച്ചു പ്രാർഥന െചാല്ലിക്കൊണ്ടിരിക്കെ ഒരു ഭാഗത്തു നിന്ന ആളുകൾ ബഹളമുണ്ടാക്കി. ഞാൻ പാടുന്നതു നിർത്തിയിട്ടു, പ്രാർഥന കഴിയുന്നതുവരെ ബഹളമുണ്ടാകരുത് എന്നു പറഞ്ഞു. അതാണ് പിന്നീട് േദഷ്യപ്പെടുന്നതായി വീഡിയോ രൂപത്തിൽ പുറത്തുവന്നത്. പക്ഷേ സത്യം എന്താണെന്ന് അവിെടയുണ്ടായിരുന്ന ബാക്കിയുള്ളവർക്ക് അറിയാമെന്നുള്ളതുെകാണ്ട് വിഷമം േതാന്നിയില്ല. േദഷ്യം വന്നാൽ ഉടനെ കരച്ചിൽ കൂടി അതിന്റെ പുറകെ വരും. അതാണ് ഞാൻ.

സ്ത്രീകൾക്കുനേരെ സംഭവിക്കുന്ന അതിക്രമങ്ങളുെട വാർത്തകൾ കാണുമ്പോൾ ഭയമുണ്ട്. അമ്മയ്ക്കും അച്ഛനും ഇതെല്ലാം കാണുമ്പോൾ േപടിയാണ്. ഞാൻ ഒറ്റയ്ക്ക് ഒരിടത്തും േപാകാറില്ല. കോളജിലേക്ക് അച്ഛനോ അമ്മയോ െകാണ്ടുവിടും. ഇല്ലെങ്കിൽ ഡ്രൈവറോ ബന്ധുക്കളോ. അടുത്തിടെ വിദേശത്തു േപായിരുന്നു. കൂട്ടുകാരി മാത്രമായിരുന്നു കൂടെ. പക്ഷേ ഞാൻ നന്നായി മാനേജ് െചയ്തു.