Tuesday 30 November 2021 03:12 PM IST

‘വിവാഹ ബ്ലൗസിൽ ആറ്റുകാലമ്മയുടെ ചിത്രം, ഒരു മാസം വ്രതമെടുത്ത് തുന്നിയത്’: അപ്സരയുടെ കോസ്റ്റ്യൂംസ് സ്പെഷ്യലാണ്

V.G. Nakul

Sub- Editor

apsara-new-1

‘സാന്ത്വന’ത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അപ്സര രത്നാകരനും സംവിധായകനും എഴുത്തുകാരനുമായ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മൂന്നു വർഷം നീണ്ട സൗഹൃദവും അടുപ്പവും വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇപ്പോഴിതാ, അപ്സരയുടെ വിവാഹ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ച. വിവാഹത്തിന് അപ്സര അണിഞ്ഞ കോസ്റ്റ്യൂമില്‍ ഒരു കൗതുകം ഇടം പിടിച്ചിരിക്കുന്നു. ബ്ലൗസിനു പിന്നിൽ ആറ്റുകാൽ ദേവിയുടെ ചിത്രം തുന്നിച്ചേർത്താണ് ഈ കോസ്റ്റ്യൂം തയാറാക്കിയിരിക്കുന്നത്.

‘‘ഞാൻ വലിയ ദേവി ഭക്തയാണ്. തിരുവന്തപുരത്തെ ബ്ലാക്ക് ഗോൾഡ് ബുട്ടീക്കിലാണ് വിവാഹവസ്ത്രങ്ങൾ തയാറാക്കാൻ ഏൽപ്പിച്ചത്. വിവാഹത്തിനും തൃശൂരിലെയും തിരുവനന്തപുരത്തെയും വിരുന്നുകൾക്കുമായി 4 കോസ്റ്റ്യൂമാണ് മൊത്തം. അതിൽ താലി കെട്ടുന്നേരത്തെ ബ്ലൗസില്‍ എവിടെയെങ്കിലും ദേവിയുടെ രൂപം കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു എന്നു ഞാൻ പറഞ്ഞിരുന്നു. ഒരു മാസം കഴിഞ്ഞ്, കല്യാണത്തിന്റെ തലേ ദിവസമാണ് ഞാനത് വാങ്ങാൻ ചെന്നത്. അതുവരെ ഒരു ഫോട്ടോപോലും കണ്ടിരുന്നില്ല. നോക്കുമ്പോൾ ബ്ലൗസിന്റെ പിന്നിൽ ആറ്റുകാലമ്മയുടെ രൂപം മനോഹരമായി തുന്നിച്ചേർത്തിരിക്കുന്നു. ഭയങ്കര സർപ്രൈസായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനും മുകളിൽ കിട്ടി. നോൺ വെജൊക്കെ ഒഴിവാക്കി, ഒരു മാസത്തോളം വ്രതതമെടുത്താണ് അവർ അതൊരുക്കിയത്. മൊത്തം ഹാൻഡ് വർക്കാണ്. വർക്കുകൾക്ക് മാത്രം 25000 രൂപയ്ക്ക് മേലെയാണ്. മെറ്റീരിയലിന്റെ ചെലവ് വേറെ. തിരുവനന്തപുരത്തെ ഫങ്ഷന് മുഗൾ വർക്കിലുള്ള കോസ്റ്റ്യൂമാണ് തയാറാക്കിയിരിക്കുന്നത്. എനിക്ക് മേക്കപ്പ് ചെയ്തത് അഭിലാഷ് ചിക്കുവാണ്. അവനാണ് കോസ്റ്റ്യൂം തീമുകളും നിറങ്ങളുമൊക്കെ സിലക്ട് ചെയ്തത്’’. – അപ്സര ‘വനിത ഓൺലൈനോട്’ പറയുന്നു.

apsara-new-3 ചിത്രങ്ങൾ – ഗിരീഷ് അമ്പാടി.

അപ്സരയുടെ ചേച്ചിയുടെ മകൻ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കു വച്ച് അപ്സരയുടെ മകൻ‌ എന്ന നിലയിൽ ചില വാർത്തകൾ ഇതിനിടെ പ്രചരിച്ചിരുന്നു. ഇവയെ ചിരിച്ചു തള്ളുകയാണ് താരം.

‘‘ഞാൻ എന്റെ മോനെ ശ്രദ്ധിക്കാതെ വിവാഹ വേദിയിൽ സന്തോഷിച്ചു നിൽക്കുന്നു എന്ന തരത്തിലൊക്കെയാണ് ചില വാർത്തകൾ. ഇതിനൊക്കെ എന്തു മറുപടി പറയാൻ. ചേച്ചിയുടെ മകനെങ്കിലും അവൻ എനിക്കു മകനെപ്പോലെയാണ്. പറയുന്നവർ പറയട്ടേ...ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല’’.

ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. അപ്സരയുടെ നാട് തിരുവനന്തപുരം നന്ദിയോടാണ്. ആൽബി തൃശൂർ ആമ്പല്ലൂരുകാരനാണ്.

apsara-new-2 ചിത്രങ്ങൾ – ഗിരീഷ് അമ്പാടി.

അപ്സര സീരിയൽ രംഗത്തെത്തിയിട്ട് 8 വർഷമായി. ‘അമ്മ’യായിരുന്നു ആദ്യ വർക്ക്. ഇതിനോടകം 24 സീരിയലുകളുടെ ഭാഗമായി. ‘ഉള്ളതു പറഞ്ഞാൽ’ ആണ് ബ്രേക്കായത്. ഇപ്പോൾ ‘സാന്ത്വനം’ വലിയ ജനപ്രീതി നേടിക്കൊടുത്തു.