Wednesday 23 June 2021 08:41 AM IST

ലക്ഷണമില്ലാതെ കോവിഡ്, പോസിറ്റീവായി നാലാം നാൾ ചേച്ചിയമ്മ പോയി, പിന്നാലെ അച്ഛനും! കളിചിരികൾ മാഞ്ഞ് അർജുന്റെ വീട്

V.G. Nakul

Sub- Editor

arjun-new-1

അർജുന് ചേട്ടത്തിയമ്മയായിരുന്നില്ല സീന, അമ്മ തന്നെ ആയിരുന്നു. ചേട്ടന്‍ അരുണിന്റെ ഭാര്യയായി സീന തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലേക്കെത്തുമ്പോൾ അർജുൻ പത്താം ക്ലാസ് വിദ്യാർത്ഥി. ആ ദിവസം മുതൽ സീന അർജുന്റെ അമ്മ കൂടെയായി, കുടുംബത്തിന്റെ നാഥയായി. ആ സ്നേഹത്തണലാണ് കഴിഞ്ഞ മാസം അപ്രതീക്ഷിതമായി ഇല്ലാതെയായത്. കോവിഡ് മഹാമാരി സീനയെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ നിസഹായതയോടെ തളർന്നിരിക്കാനെ ആ കുടുംബത്തിന് കഴിഞ്ഞുളളൂ. മരുമകളുടെ മരണം കണ്ട് പതറി നിൽക്കേ, ഏറെ വൈകാതെ അർജുന്റെ അച്ഛൻ റിട്ടേർഡ് അധ്യാപകൻ പി.എൻ സോമശേഖരൻ നായരുടെ ജീവനും കോവിഡ് കവർന്നോടെ വേദനയുടെ നടുക്കടലിലേക്ക് ആ കുടുംബം കൂപ്പുകുത്തി.

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെത്. മകൾ സൗഭാഗ്യ വെങ്കിടേഷും സൗഭാഗ്യയുടെ ജീവിത പങ്കാളി അർജുൻ സോമശേഖറും ആരാധകർക്ക് പ്രിയങ്കരരാണ്. നർത്തകിയായ സൗഭാഗ്യ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. അർജുൻ നൃത്തത്തിനൊപ്പം അഭിനയ മേഖലയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഏറെ വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് അർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത്.

‘‘എന്റെ അമ്മ പലതരം അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. ഡയബറ്റിക് ആണ്. സോഡിസം ഇംബാലൻസ് ഉണ്ട്. കാലങ്ങളായി ചികിത്സയിലാണ്. ഇടയ്ക്ക് ഓർമ നഷ്ടപ്പെടും. ചേച്ചിയാണ് അമ്മയെ നോക്കിയിരുന്നത്. ചേച്ചിക്ക് ആദ്യം ചെറിയൊരു പനി വന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മണവും രുചിയുമൊക്കെ ഉണ്ടായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ അമ്മയ്ക്കും ചേച്ചിക്കും പോസിറ്റീവ്. പിന്നീട് ചേട്ടന്റെ മോനും പോസിറ്റീവ് ആയി. അതിനുശേഷം ചേച്ചിക്ക് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇത് അറിഞ്ഞതിന്റെ ടെൻഷൻ ആകും എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. രണ്ടാം ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി. നാലാം ദിവസം ചേച്ചി മരിച്ചു. കഴിഞ്ഞ മാസം 24 ന്’’. – ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ അർജുന്റെ ശബ്ദത്തിൽ വേദന കുരുങ്ങി.

arjun-new-4

നിറഞ്ഞ ശൂന്യത

ചേച്ചി പോയതോടെ ഒരു വലിയ ശൂന്യതയായി. എന്ത് ചെയ്യണമെന്നറിയാത്ത ഒരു സാഹചര്യമായി. അമ്മയും അച്ഛനും തകർന്നു. പിന്നീട് ഞങ്ങള്‍ എല്ലാവരും ടെസ്റ്റ് ചെയ്തു. അപ്പോൾ ചേട്ടനും അച്ഛനും പോസിറ്റീവ് ആയി. ഇനിയും റിസ്ക് എടുക്കാൻ പറ്റില്ലെന്ന് തീരുമാനിച്ചു. പപ്പയെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. പപ്പ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിൽ നടന്നാണ് കയറിയത്. ആശുപത്രിയിൽ എത്തിയപ്പോൾ പപ്പയെ കോവിഡ് വെന്റിലേറ്ററിലേക്ക് മാറ്റി. 21 ദിവസം ആശുപത്രിയിൽ കിടന്ന്, ഈ മാസം 15ന് പപ്പയും പോയി. മരിക്കുന്ന ദിവസം ഉച്ചയ്ക്കും ഞാൻ പപ്പയോട് സംസാരിച്ചതാണ്. ചേച്ചി പോയി ഒരു മാസത്തിനുള്ളിൽ പപ്പയും....

നോക്കി നിൽക്കേ ആളങ്ങ് പോയി

ചേച്ചിയും ചേട്ടനും മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ കാര്യമായി ശ്രദ്ധിച്ചിരുന്നു. ചേട്ടന്‍ ആയുർവേദ കോളജിലാണ്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചും ചേട്ടന്‍ എന്നും ആശുപത്രിയിൽ പോയി വരുന്നതിനാലും ഞാനും സൗഭാഗ്യയും ഞങ്ങളുടെ വീട്ടിലായിരുന്നു. സൗഭാഗ്യ ഗർഭിണിയായതിനാൽ, റിസ്ക് എടുക്കേണ്ട എന്ന് ചേച്ചിയും പറഞ്ഞു. ഞാൻ ഇടയ്ക്ക് പോയി വരും. തൈറോയ്ഡ് ഉണ്ടായിരുന്നെങ്കിലും ചേച്ചിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. നോക്കി നിൽക്കേ ആളങ്ങ് പോയി.

arjun-new-3

ചേട്ടത്തിയല്ല, അമ്മ

ഞാനും ചേട്ടനും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമുണ്ട്. ചേട്ടനാണ് എന്നെ കൊണ്ടു നടന്ന് വളർത്തിയത്. ഞാൻ ജനിക്കുമ്പോഴേ അമ്മ ഡയബറ്റിക് ആണ്. അതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ചേച്ചി വന്നപ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം ഏറ്റെടുത്തു. ചേട്ടന് അപ്പോൾ മാലദ്വീപിലായിരുന്നു ജോലി. 3 വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഇവിടെ ജോലിക്കു കയറിയത്. എന്റെയും വീട്ടിലെയും കാര്യങ്ങളൊക്കെ അമ്മയുടെ സ്ഥാനത്ത് നിന്നാണ് ചേച്ചി നോക്കി നടത്തിയിരുന്നത്. ആ ആളാണ് പെട്ടെന്ന് ഒരു ദിവസം അങ്ങു പോയത്. അമ്മയെയും മോളെയും പോലെയായിരുന്നു ചേച്ചിയും സൗഭാഗ്യയും.

arjun-new-2

വേദനയായി ആ വീട്

ഇപ്പോൾ വീട്ടില്‍ ബാക്കി എല്ലാവരും നെഗറ്റീവ് ആയി. അമ്മയെയും ചേട്ടനെയും മക്കളെയും ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടു വന്നു. ഞങ്ങളുടെ കുടുംബവീട് ചേച്ചിയുടെയും പപ്പയുടെയും ഓർമകൾ നിറഞ്ഞ് എല്ലാവരെയും വല്ലാതെ വേദനിപ്പിക്കുന്നു. ചേട്ടൻ തകർന്നിരിക്കുകയാണ്. ഇളയ മോൾക്ക് 10 വയസ്സേയുള്ളൂ. മൂത്തവൻ പ്ലസ് ടൂ കഴിഞ്ഞു. ചേച്ചിക്ക് ഞങ്ങളുടെ കാര്യത്തിൽ വലിയ കെയർ ആയിരുന്നു. പുറത്തൊക്കെ പോയാൽ എപ്പോഴും വിളിച്ച് എപ്പോൾ വരും എന്നു തിരക്കിക്കൊണ്ടിരിക്കും. ഇപ്പോൾ ആ കോളുകള്‍ മിസ് ചെയ്യുന്നു....