Monday 17 August 2020 02:09 PM IST

സൗഭാഗ്യയോട് നോ പറയാൻ പറ്റാത്തതു കൊണ്ട് നടനായി! ഡാൻസും ടാറ്റുവും ആണെന്റെ മെയിൻ! ‘ചക്കപ്പഴ’ത്തിലെ ശിവൻ ‘പുലിയാണ് കേട്ടാ’

V.G. Nakul

Sub- Editor

arjun-1

കൂഴച്ചക്കപ്പഴം പോലെ കുഴഞ്ഞ ഒരു കുടുംബം. അതിലെ കഥാപാത്രങ്ങൾ ഒന്നിലൊന്ന് വ്യത്യസ്തർ. ഇണക്കവും പിണക്കവും കുറുമ്പും കുട്ടിക്കുശുമ്പുകളും ഒക്കെയായി അവർ മലയാളികളുടെ മനസ്സിലേക്കാണ് ചക്കപ്പഴത്തിന്റെ മധുരം പോലെ കടന്നു വന്നത്. ഫ്ളവേഴ്സ് ചാനലിലെ പുതിയ സീരിയൽ ‘ചക്കപ്പഴം’ പുതിയൊരു താരനിരയെ കൂടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ടിക് ടോകിലും മറ്റും ചിരപരിചിതരായ പലരുടെയും കന്നി സ്ക്രീൻ എക്സ്പീരിയൻസാണ് ചക്കപ്പഴം. അവരിലൊരാളാകട്ടെ നമ്മുക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ്, അർജുൻ സോമശേഖർ. ചക്കപ്പഴത്തിലെ അർജുന്റെ അളിയൻ ശിവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു.

സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് എന്ന നിലയിലും ടിക് ടോക് താരമെന്ന നിലയിലും അറിയപ്പെടുന്ന അർജുൻ, ‘ചക്കപ്പഴ’ത്തിലൂടെ കുടുംബങ്ങളുടെ പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു. നർത്തകനും ടാറ്റു ആർട്ടിസ്റ്റുമെല്ലാം ആയി തിളങ്ങുന്ന അർജുൻ അഭിനയത്തിലേക്കുള്ള ചുവടുവയ്പ്പിനെക്കുറിച്ച് ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

ഞാൻ പക്കാ ട്രിവിയൻ

ഞാൻ പക്കാ ട്രിവിയനാണ്. നല്ല പൊളപ്പൻ തിരോന്തോരംകാരൻ. സംസാരത്തിലും ശൈലിയിലുമൊക്കെ അതുണ്ട്. ‘ചക്കപ്പഴ’ത്തിലേക്ക് അവസരം കിട്ടിയതിനു കാരണവും അതാണ്. വിവാഹ ശേഷം സൗഭാഗ്യവുമൊത്ത് ചാനലുകളിൽ വന്ന അഭിമുഖങ്ങളിലെ ട്രിവാൻഡ്രം സ്റ്റൈലിലുള്ള എന്റെ സംസാരം കേട്ടാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ സാറ് വിളിച്ചത്. യഥാർത്ഥത്തിൽ ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് ചോദിച്ചു. അതേന്നു പറഞ്ഞപ്പോൾ അങ്ങനെയൊരു ക്യാരക്ടറാണ്, ചെയ്യാൻ താൽപര്യമുണ്ടോന്ന് ചോദിച്ചു. കുറച്ച് ടിക് ടോക്ക് വിഡിയോസ് ചെയ്തിട്ടുണ്ടെന്നല്ലാതെ, അഭിനയത്തിൽ മുൻപരിചയമില്ലെന്നു പറഞപ്പോൾ കുഴപ്പമില്ല വരാൻ പറഞ്ഞു. അങ്ങനെയാണ് ‘ചക്കപ്പഴ’ത്തിലേക്ക് എത്തിയത്. ചെയ്ത് തുടങ്ങിയപ്പോൾ കുഴപ്പമില്ലെന്നു തോന്നി. കണ്ടവർ നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസം കൂടി.

arjun-3

മർമ്മമറിയാത്തവൻ തല്ലും പോലെ

ഡാൻസ് സ്കൂളും ടാറ്റൂ ഡ്രോയിങ്ങുമാണ് എന്റെ പ്രധാന മേഖലകൾ. അതുകൊണ്ടു തന്നെ ഒട്ടും പ്ലാൻ ചെയ്ത് അഭിനയ രംഗത്തേക്ക് വന്നതല്ല. ചാൻസ് കിട്ടിയപ്പോൾ ശ്രമിച്ചു നോക്കാം എന്നു കരുതി. ലോക്ക് ഡൗൺ കാരണം ഡാൻസ് ക്ലാസ് പ്രവർത്തിക്കാത്തതിനാൽ തിരക്കും കുറവായിരുന്നു. ടിക് ടോക്കിന്റെ പരിചയം ഉള്ളതിനാൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അപരിചിതത്വം തോന്നിയില്ല. ‌ടിക്ക് ടോക്ക് ചെയ്യുമ്പോൾ സൗഭാഗ്യ പറഞ്ഞു തന്ന ചില ടിപ്പുകളും ഗുണമായി. അതിനൊക്കെയൊപ്പം ‘ചക്കപ്പഴ’ത്തിന്റെ ടീമിന്റെ സപ്പോർട്ടും. നൃത്ത പരിചയവും ഗുണം ചെയ്തു. പച്ചയ്ക്ക് പറഞ്ഞാൽ മർമ്മമറിയാത്തവൻ തല്ലും പോലെയാണ് എന്റെ അഭിനയം. അതിന്റെ ഫ്രീഡം ഞാൻ അനുഭവിക്കുന്നുണ്ട്.

അവളോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല 

ചാൻസ് വന്നപ്പോൾ, ‘പോയി നോക്ക്. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് നമുക്ക് തീരുമാനിക്കാം’ എന്നാണ് താരടീച്ചറും സൗഭാഗ്യയും പറഞ്ഞത്. അകന്ന് നിന്ന് ജോലി ചെയ്യില്ല എന്ന് ഞാനും സൗഭാഗ്യയും തീരുമാനിച്ചിരുന്നെങ്കിലും ചാൻസ് വന്നപ്പോൾ അവളും സപ്പോർട്ട് ചെയ്തു. ശരിക്കും എന്റെ ആദ്യത്തെ സംവിധായിക സൗഭാഗ്യയാണ്. ടിക്ക് ടോക്കിൽ എന്നെക്കൊണ്ട് തമിഴ് വിഡിയോസ് ഒക്കെ ചെയ്യിക്കുമ്പോൾ തുടക്കത്തിൽ ചമ്മലായിരുന്നു. പക്ഷേ, അവളോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെയാണ് സജീവമായത്. ഒപ്പം വിഡിയോസിന് കിട്ടിയ സ്വീകാര്യതയും പ്രചോദനമായി.

arjun-2

ജോലി വിട്ട് നൃത്തത്തിൽ 

ഞാൻ ജനിച്ചതും വളർന്നതുമൊക്കെ തിരുവനന്തപുരം ശാസ്തമംഗലത്താണ്. അച്ഛന്‍ സോമശേഖരനും അമ്മ രാധയും അധ്യാപകരായിരുന്നു. എന്നെക്കാള്‍ 13 വയസ്സ് മൂത്തതാണ് ചേട്ടൻ അരുൺ ശേഖർ. ആയുർവേദ കൊളജിലാണ് ജോലി. കുട്ടിക്കാലം മുതൽ ഞാൻ ഡാൻസ് പഠിച്ചു തുടങ്ങി. ഡിഗ്രി വരെ താരടീച്ചറിന്റെ അടുത്താണ് പഠിച്ചത്. ഭരതനാട്യം ആണ് മെയിൻ.

കോളജ് പഠനം കഴിഞ്ഞ് ടെക്നോ പാർക്കിൽ കുറച്ചു കാലം ജോലി ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ മടുത്തു. അങ്ങനെ ആ ജോലി വിട്ട് മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു. അപ്പോഴേക്കും ഡാൻസ് പഠനത്തിൽ 10 വർഷത്തെ ഗ്യാപ്പ് വന്നിരുന്നു. ആ സമയത്താണ് കുറച്ച് ഫ്രീ ടൈം കിട്ടിയപ്പോൾ ഡാൻസ് തന്നെയാണ് വഴി എന്നുറപ്പിച്ച് വീണ്ടും ക്ലാസിന് പോകാൻ തുടങ്ങിയത്. അതും മുടങ്ങിയപ്പോഴാണ് താര ടീച്ചറും സൗഭാഗ്യയും കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി വന്നതും ഞാൻ അവിടെ റീ ജോയിൻ ചെയ്തതും. രണ്ടാം തുടക്കത്തിൽ സിനിമാറ്റിക് ഡാൻസ് ആണ് ശ്രദ്ധിച്ചത്. ഇപ്പോൾ 2 വർഷമായി.

arjun-4

ഒരു പറയാക്കഥ 

ഞാൻ തനി തിരുവനന്തപുരംകാരനാണ്. പക്ഷേ അതിന് പിന്നിൽ ഒരു കഥയുണ്ട്. അച്ഛന്റെ നാട് അടൂരും അമ്മയുടെത് കായംകുളവുമാണ്. ജോലിയുടെ ഭാഗമായാണ് തിരുവന്തപുരത്ത് വന്നത്. അങ്ങനെ എന്റെ സംസാര ശൈലിയിൽ തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ശൈലിയുണ്ടായി. അപ്പോൾ രണ്ടിടത്തും കൂട്ടുകാർ കളിയാക്കാൻ തുടങ്ങി. അതോടെയാണ് എങ്കിൽ തിരുവനന്തപുരം സ്റ്റൈൽ ഉറപ്പിക്കാം എന്നു തീരുമാനിച്ചത്. മനഃപൂർവം ‘എന്തരടേ...’ എന്നൊക്കെ ചോദിച്ച് തുടങ്ങി. ഇപ്പോള്‍ അതായി ശൈലി. ഇനിയിപ്പോ അത് മതി.

ഹണിമൂൺ പ്ലാൻസ് ഒക്കെ പൊളിഞ്ഞു 

ഞാനിപ്പോൾ ഷൂട്ടിന്റെ ഭാഗമായി കൊച്ചിയിലാണ്. സൗഭാഗ്യ തിരുവനന്തപുരത്തും. കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളില്‍ തന്നെ അകന്നു നിൽക്കുന്നതിന്റെ സങ്കടം ഞങ്ങൾക്കുണ്ട്. സൗഭാഗ്യയ്ക്ക് നിലവിൽ ഇങ്ങോട്ട് വരാന്‍ പറ്റാത്ത അവസ്ഥയാണ്. ഞങ്ങൾക്ക് 8 വളർത്തുനായകളുണ്ട്. അവരെ വിട്ട് രണ്ട് പേർക്കും കൂടി മാറി നിൽക്കാൻ പറ്റില്ല.

ബൈക്ക് ആണ് എന്റെ മറ്റൊരു പാഷൻ. സൗഭാഗ്യയ്ക്കും എനിക്കും അതുൾപ്പടെ ഒരുപാട് പൊതു ഇഷ്ടങ്ങളുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആദ്യമായാണ് ഇത്രയും വിട്ടു നിൽക്കുന്നത്.

വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ലോക്ക് ഡൗൺ. അതുകൊണ്ട് ഹണിമൂൺ പ്ലാൻസ് ഒക്കെ പൊളിഞ്ഞ് വീട്ടിൽ തന്നെയായിരുന്നു. ഞങ്ങൾ സിംഗപ്പൂരിലേക്കും ആൻഡമാനിലേക്കുമൊക്കെ പോകാൻ തയാറെടുത്തതായിരുന്നു. അതെല്ലാം കുഴഞ്ഞു കൂഴച്ചക്ക പോലെ ആയി. ഇപ്പോൾ ഈ പ്രശ്നങ്ങളൊക്കെ തീരാൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ.