നായിക, വീരം, ഭയാനകം എന്നീ ചിത്രങ്ങള്‍ക്കു ഗാനങ്ങളൊരുക്കിയ അര്‍ജുനന്‍ മാസ്റ്ററുമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ക്കുന്നു സംവിധായകന്‍ ജയരാജ്.
കറുത്തപൗര്‍ണമിയിലെ മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും... മുതലുള്ള അര്‍ജുനന്‍മാഷിന്റെ എല്ലാ പാട്ടുകളും സ്‌കൂള്‍കാലം മുതലേ എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഹൃദയമുരുകി നീ...,റസ്റ്റ് ഹൗസിലെ പാടാത്ത വീണയും പാടും...,പൗര്‍ണമിചന്ദ്രിക...,ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി...,പിക്‌നിക്കിലെ കസ്തൂരി മണക്കുന്നല്ലോ... ഏതുമായിക്കോട്ടെ. കേള്‍ക്കുന്ന മാത്രയില്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന പാട്ടുകള്‍. അതുകൊണ്ടാകണം എനിക്കും അങ്ങനെയൊരു അടുപ്പം മാഷിന്റെ പാട്ടുകളോടുണ്ടായത്. അക്കാലത്തെ മറ്റു സംഗീതസംവിധായകരുടെ പാട്ടുകള്‍ ഹിറ്റ് ആയി നിന്ന കാലത്തും മാഷിന്റെ പാട്ടുകള്‍ അവയില്‍ നിന്നെല്ലാം പ്രത്യേകതകളോടെ മാറി നിന്നു. അങ്ങനെ മാസ്റ്ററുടെ പാട്ട് എനിക്കൊരു ഒബ്‌സെഷന്‍ തന്നെയായി.

തൊണ്ണൂറുകളില്‍ സിനിമ ചെയ്തു തുടങ്ങുന്ന സമയത്തും മനസ്സില്‍ ഈ പാട്ടുകളോടുള്ള പ്രണയം തുടര്‍ന്നു. 2010 കാലത്ത് പഴയൊരു നടിയുടെ കഥ പറയുന്നൊരു ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നതും എം കെ. അര്‍ജുനന്‍-ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ടിന്റെ പാട്ടുകളാണ്. ആ കാലഘട്ടത്തെ അതേപടി റീക്രിയേറ്റ് ചെയ്യാന്‍ ഏറ്റവും നല്ലത് അതുതന്നെ എന്നും തോന്നി. 'നായിക'യിലെ പാട്ടുകള്‍ ചെയ്യാന്‍ മാഷെ വിളിച്ചു. ആരോഗ്യക്കുറവൊന്നും വക വയ്ക്കാതെ പണ്ടത്തെ അതേ സ്പിരിറ്റോടെ മാഷെത്തി.
കസ്തൂരി മണക്കുന്നല്ലോ...എന്ന ഗാനം 'നായിക'യ്ക്കുവേണ്ടി റീമിക്‌സ് ചെയ്യുകയായിരുന്നു. ഒറിജിനല്‍ സോങ് അന്നത്തെ മദ്രാസിലായിരുന്നു റെക്കോര്‍ഡ് ചെയ്തത്. ഇത്തവണ എറണാകുളത്തെ സ്റ്റൂഡിയോയില്‍ വീണ്ടുമൊരിക്കല്‍ ദാസേട്ടന്‍ ആ ഗാനം പാടി റെക്കോഡ് ചെയ്യാനെത്തി. തമ്പിസാറും വന്നു. എല്ലാവരും കൂടിയായപ്പോള്‍ മാസ്റ്റര്‍ക്ക് വലിയ സന്തോഷമായി. നായികയിലെ നനയും നിന്‍ മിഴിയോരം....എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം തമ്പിസാറിനു കിട്ടി. മാസ്റ്ററുടെ സംഗീതത്തിനും കിട്ടേണ്ടതായിരുന്നല്ലോ എന്ന് എന്റെ മനസ്സ് വിഷമിച്ചു.
2016ല്‍ വീരത്തിലെ പാട്ടുകള്‍ക്കായി വീണ്ടും മാഷെ വിളിച്ചു. കാവാലം സാര്‍ രചിച്ച മേലെ മാണിക്യക്കല്ലൊളി വീശും...എന്നു തുടങ്ങുന്ന വരികള്‍ക്ക് മാഷ് നല്‍കിയത് സര്‍പ്പപ്പാട്ടിന്റെ ഫീലുള്ളൊരു നാടന്‍ ഈണം. അടുത്ത വര്‍ഷം ഭയാനകത്തില്‍ വീണ്ടും അര്‍ജുനന്‍മാഷും ശ്രീകുമാരന്‍ തമ്പിസാറും ഒത്തുകൂടി. വീണ്ടും മറ്റൊരു കാലഘട്ടത്തിന്റെ പാട്ടുകള്‍ക്കായ്. കുട്ടനാട്ടിലെ തകഴി സ്മൃതിമണ്ഡപത്തില്‍ വച്ചാണ് ഞങ്ങളന്നു കംപോസിങ് തുടങ്ങിയത്. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ഇരിക്കുന്നത് എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന, തെളിയിച്ച നിമിഷങ്ങളായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരനായ പ്രിയതമനെ കാത്തിരിക്കുന്ന പെണ്‍കുട്ടി. അവള്‍ മാനത്തെ ചന്ദ്രനെ നോക്കി പാടുന്നതാണ് രംഗം. നിന്നെത്തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ... എന്ന് തമ്പിസാറിന്റെ വരികള്‍. കുട്ടനാടന്‍ ഛായയിലുള്ള നല്ലൊരു മെലഡിയാണന്ന് അര്‍ജുനന്‍ മാഷ് ഒരുക്കിയത്. ആ ഗാനത്തെ അദ്ദേഹം കണ്‍സീവ് ചെയ്ത രീതി! അദ്ഭുതപ്പെട്ടിരുന്നു പോയിട്ടുണ്ട് മാഷിന്റെ ഈണങ്ങള്‍ കേട്ട്. അത്രയ്ക്ക് പെര്‍ഫെക്ഷനോടെയാണ് ഗാനമൊരുക്കുന്നത്. ഓരോ നോട്ടിനും കൊടുക്കുന്ന പ്രാധാന്യം! ട്യൂണിട്ടാല്‍ ആദ്യം ഒരാളെ ഇരുത്തി അതു പാടിക്കും. ഏതെങ്കിലുമൊരു നോട്ട് അല്‍പം വ്യത്യസ്തമായിട്ടാകും മാഷ് ചിട്ടപ്പെടുത്തിയിരിക്കുക. ആ ഒരൊറ്റ നൊട്ടേഷന്റെ വ്യത്യസ്തത കൊണ്ടാണ് ആ പാട്ടാകെ വ്യത്യസ്തമാകുന്നത്. അതു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. അത് ശരിയാകും വരെ തിരുത്തിക്കൊടുത്ത് വീണ്ടും വീണ്ടും പാടിക്കും. മോഹനം രാഗത്തില്‍ എത്രയോ പാട്ടുകളുണ്ട്. പക്ഷെ അര്‍ജുനന്‍ മാഷിന്റെ മോഹനത്തില്‍ ഒരു നൊട്ടേഷന്‍ എവിടെയെങ്കിലും വ്യത്യസ്തമായിരിക്കും. അതാണ് അര്‍ജുനന്‍ ടച്! എങ്ങനെ ഒരു പാട്ടിനെ വ്യത്യസ്തമാക്കാമെന്ന് അദ്ദേഹത്തിന് അറിയാം. ആ അറിവിനു പകരം മറ്റൊന്നില്ല. എത്രയോ വര്‍ഷം, എത്രയോ ഈണങ്ങള്‍...എന്നിട്ടും ഭയാനകത്തിലെ പാട്ടുകള്‍ക്കാണ് അദ്ദേഹത്തിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടിയത്. ഏറെ വൈകി...

ഒരു കൈയ്ക്ക് അല്‍പമൊരു വിറയലും മറ്റ് ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു മാഷിന്. കംപോസിങ്ങിനിരിക്കുമ്പോള്‍ ആ കൈ മറ്റേ കൈകൊണ്ടെടുത്ത് പതുക്കെ ഹാര്‍മോണിയത്തിനു മീതെ വയ്ക്കും. കാത്തിരിപ്പില്ല, പിന്നെയൊരു പ്രവാഹമാണ്. ഒരു പാട്ടിന് രണ്ടോ മൂന്നോ ട്യൂണ്‍ തരും. അതില്‍് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അഞ്ഞൂറോളം പാട്ടുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളതെങ്കില്‍ യഥാര്‍ഥത്തില്‍ അദ്ദേഹമുണ്ടാക്കിയത് അതിന്റെ മൂന്നിരട്ടി ഈണങ്ങളാകണം. കേള്‍ക്കാതെ പോയ ആ ഈണങ്ങള്‍ നമ്മുടെ നഷ്ടം!
അധികം സംസാരിക്കാറില്ല മാഷ്, എങ്കിലും അപാരമായ ഹ്യൂമര്‍സെന്‍സ് ആണ്. തമ്പിസാറിനാണെങ്കില്‍ കഥകള്‍ പ്രവഹിച്ചുകൊണ്ടിരിക്കും. തമ്പിസാര്‍ സംസാരിക്കുന്നതിനിടയില്‍ എവിടെയെങ്കിലും ഒരിടത്ത് മാഷൊരു കല്ലെടുത്തു വയ്ക്കും. അത് വലിയൊരു ചിരിയായി പടരും. മാസ്റ്ററുടെ പാട്ടുകളിലെ വ്യത്യസ്തമായ ആ ഒരൊറ്റ നൊട്ടേഷന്‍ പോലെത്തന്നെ. ആരോടും പരിഭവിച്ചു കണ്ടിട്ടില്ല. എല്ലാവരോടും സ്‌നേഹമാണ്. അങ്ങേയറ്റം സൗമ്യനും. പിറന്നാളിന് ആശംസയറിയിക്കാന്‍ വിളിച്ചാല്‍ പോലും എന്നെ സാര്‍ എന്നേ വിളിക്കൂ. ഡയറക്ടര്‍ എന്ന നിലയിലുള്ള ബഹുമാനം. ഈ സാര്‍ വിളി നിര്‍ത്തണം മാഷേ.. എന്ന് പലതവണ പറഞ്ഞു, എന്നിട്ടും അവസാനം വരെയും ആ വിളി മാറ്റിയില്ല.
മലയാളസംഗീതത്തില്‍ ഇനിയൊരു മാഷ് അല്ലെങ്കില്‍ മാസ്റ്റര്‍ ഇല്ല. അങ്ങനെ വിളിക്കാന്‍ ഇനിയാരും അര്‍ഹരല്ല. സംഗീതരംഗം അദ്ദേഹത്തിന് വേണ്ട ആദരവ് നല്‍കാതിരുന്നതു പോലെ മരണവും അദ്ദേഹത്തോട് അനാദരവ് കാണിച്ചു. ഇങ്ങനെയൊരു സമയത്ത...് കാലില്‍ തൊട്ടു വന്ദിച്ച് യാത്രയാക്കാന്‍ ആര്‍ക്കും ഒന്നരികിലെത്താന്‍ പോലുമാകാതെ...