Tuesday 02 March 2021 12:35 PM IST

ഇനി ആ പഴയ ‘തടിയൻ ജീവിത’ത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നില്ല, കാരണമുണ്ട്! 108 ൽ നിന്ന് 83 ലേക്ക്! അരുൺ ഗോപിയുടെ ‘ടോട്ടല്‍ ചെയ്ഞ്ച്’

V.G. Nakul

Sub- Editor

a1

അടുത്ത കാലത്തായി യുവസംവിധായകൻ അരുൺ ഗോപി ‘ഒരു വലിയ മാറ്റത്തിന്റെ പാത’യിലാണ്. ശാരീരികമായ ഈ മാറ്റത്തിന്റെ സന്തോഷം അരുണിന്റെ സംസാരത്തിലും വ്യക്തം. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ഡയറ്റും വർക്കൗട്ടും ഇതിനോടകം അരുണിനെ എത്തിച്ചത് 108 കിലോയിൽ നിന്ന് 83 കിലോയിലേക്കാണ്. ഇപ്പോഴിതാ, ഹെയർസ്റ്റൈലിലും പുത്തൻ സ്റ്റൈലിലേക്കെത്തി, ഒരു ടോട്ടല്‍ ചെയ്ഞ്ചിലാണ് അരുൺ.

‘‘108 ൽ നിന്ന് ശരീരഭാരം 83 ലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ വർക്കൗട്ടും ഹെയർസ്റ്റൈലിലെ മാറ്റവുമൊക്കെ കണ്ട് മിക്കവരും ചോദിക്കുന്നത്, ‘അഭിനയരംഗത്തേക്കുള്ള വരവിന്റെ ഭാഗമാണോ ഇതോക്കെ’ എന്നാണ്. സത്യം പറയാമല്ലോ, ഒരു അഭിനയവുമില്ല. എന്റെ ഒരു ഫ്രണ്ടിന്റെ അഭിപ്രായം പരിഗണിച്ചാണ് ഹെയർസ്റ്റൈലിലും താടിയിലുമൊക്കെ ഈ മാറ്റം വരുത്തിയത്. അവൻ എന്നെ ഒരു സലൂണിൽ കൊണ്ടു പോയി, പറഞ്ഞു കൊടുത്ത്, ഇങ്ങനെയൊക്കെ ചെയ്യിച്ചതാ. കവിളൊക്കെ കുറഞ്ഞപ്പോൾ ഇങ്ങനെയൊരു സ്റ്റൈൽ വന്നാൽ നന്നായിരിക്കും എന്നു തോന്നി. മിക്കവരും നല്ല അഭിപ്രായം പറഞ്ഞതോടെ കൂടുതൽ സന്തോഷം. അപ്പോഴും അവരുടൊയൊക്കെ പ്രധാന സംശയം ഞാൻ നായകനായി ഏതോ സിനിമയിൽ അഭിനയിക്കുന്നു, അതിന്റെ ഭാഗമായുള്ള മേക്കോവറാണ് ഇതൊക്കെ എന്നാണ്. അല്ലെങ്കില്‍ ഇങ്ങനെ കഷ്ടപ്പെടാൻ ഭ്രാന്താണോ എന്നാണ് അവരുടെ ചോദ്യം. അത്തരത്തില്‍ യാതൊരു ലക്ഷ്യവുമില്ല, ആരോഗ്യ പരിപാലനം മാത്രമാണ് ഈ വർക്കൗട്ടിനു പിന്നിൽ’’. – പുത്തൻ മേക്കോവറിനെക്കുറിച്ച് അരുൺ വനിത ഓൺലൈനോട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

a4

‘‘ഇപ്പോൾ 25 കിലോയോളം ശരീര ഭാരം കുറഞ്ഞു. ഇത് മെയിന്റെയ്ൻ ചെയ്ത് മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം. ഇപ്പോൾ ജിമ്മും വർക്കൗട്ടും വളരെയധികം സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. എന്നെപ്പോലെ ഒരാൾക്ക് ജിമ്മില്‍ പോകാനും വർക്കൗട്ട് ചെയ്യാനും പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ ജിം ഒരു അഡിക്ഷനായി മാറി. രാവിലെ ജിം മിസ് ആകുമല്ലോ എന്നു കരുതി യാത്രകൾ പോലും കുറച്ചു. ആദ്യമൊക്കെ എങ്ങനെ ഒരു മണിക്കൂർ ജിമ്മിൽ ചെലവഴിക്കും എന്നോർത്ത്, പിള്ളേർ നഴ്സറിയിൽ പോകും പോലെയാണ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. ഇപ്പോൾ അതൊരു ആവേശമായി. ഗംഭീര അന്തരീക്ഷമാണ്. രാവിലെ ഒൻപതരയ്ക്ക് കയറിയാൽ പന്ത്രണ്ടരയാകും ഇറങ്ങാൻ’’. – അരുൺ പറയുന്നു.

തടിയൻ ജീവിതത്തിന് വിട

ഭക്ഷണത്തോട് യാതൊരു അകലവുമില്ല. എന്തു കഴിക്കണം എപ്പോൾ കഴിക്കണം എങ്ങനെ കഴിക്കണം എന്നതിൽ ഇപ്പോഴൊരു മാറ്റം വന്നിട്ടുണ്ട് എന്നേയുള്ളൂ. ആരോഗ്യം കൂടി പരിഗണിച്ചുള്ള കഴിപ്പേ ഉള്ളൂ. വണ്ണം കുറയ്ക്കലല്ല, കുറച്ചത് മെയിന്റെയ്ൻ ചെയ്യലാണ് പ്രധാനം. ആർക്കും എങ്ങനെയും വണ്ണം കുറയ്ക്കാം. പക്ഷേ, മെയ്ന്റെയ്ന്‍ ചെയ്യൽ എളുപ്പമല്ല. പട്ടിണി കിടന്നും മറ്റും ഞാന്‍ പലതവണ തടി കുറച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഏറെക്കഴിയും മുൻപേ വീണ്ടും തടി വച്ചു. ഇത്തവണ ഞാൻ ഈ കുറച്ച വെയിറ്റ് മെയിന്റെയ്ൻ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇനി ഞാൻ പഴയ തടിയനിലേക്ക് പോകുമോ എന്നു സംശയമാണ്. ഇനി ആ പഴയ തടിയൻ ജീവിതത്തിലേക്ക് പോകണം എന്ന ആഗ്രഹം എനിക്കില്ല.

a2

തന്റെ മേക്കോവറിനെക്കുറിച്ച് മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ അരുൺ ഗോപി പറഞ്ഞത് വായിക്കാം:

‘‘108 ൽ നിന്ന് 5 മാസം കൊണ്ട് 87 ൽ എത്തി. ഒരു ലോക്ക് ഡൗൺ അപാരതയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഒന്നും ചെയ്യാനില്ല. ഒരുപാട് സമയവും ഉണ്ട്. തടിയാണെങ്കിൽ കൂടിക്കൊണ്ടുമിരിക്കുന്നു. വെറുതേയിരുന്നു, ഭാര്യയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിച്ചാല്‍ 108ൽ നിന്ന് 118 ലേക്ക് പോകും എന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ഡയറ്റ് ചെയ്യാം എന്നു തീരുമാനിച്ചത്.

എനിക്ക് വെറുതേയിരിക്കുമ്പോൾ ഡയറ്റ് ചെയ്യാനൊക്കെ എളുപ്പം പറ്റും. ഷൂട്ടിനിടെയിലോ, യാത്ര ചെയ്യുമ്പോഴോ ഒന്നും അത് പറ്റാറില്ല. അങ്ങനെയെങ്കിൽ കൊറോണക്കാലത്ത്, വീട്ടിൽ ഒതുങ്ങിയിരിക്കുന്ന സമയമാണ് തടിയെ വരുതിക്ക് നിർത്താൻ ഏറ്റവും നല്ലതെന്നു മനസ്സിലായി’’.– അരുൺ പറയുന്നു.

സ്വന്തം പ്ലാൻ

എനിക്ക് എത്ര സമയം വേണമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റും. പക്ഷേ, കഴിക്കുമ്പോൾ അൺലിമിറ്റഡ് ആയിപ്പോകും എന്നതാണ് പ്രശ്നം. ആ സാധ്യത മുതലാക്കി, സ്വന്തമായി ഒരു ഡയറ്റ് പ്ലാൻ കണ്ടെത്തുകയായിരുന്നു. ഇഷ്ടമുള്ളതൊക്കെ എനിക്കു കഴിക്കുകയും വേണമായിരുന്നു.

അതായത്, രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. എന്നിട്ട് ഉച്ചയ്ക്ക് 3 മണിക്ക് ലഞ്ച്. അത്രയുമാണ് ഒരു ദിവസത്തെ ഭക്ഷണം. ദിവസവും 4ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കും. പൊറോട്ടയും ബീഫും വരെ ഞാൻ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാറുണ്ട്. മധുരം പൂർണമായും ഒഴിവാക്കി. പൊതുവേ ഞാൻ മധുരം കുറച്ചേ ഉപയോഗിക്കാറുള്ളു. കാപ്പിയും ചായയും പതിവില്ല.

a3

ചാക്കോച്ചൻ ഗുരു

തുടക്കത്തിൽ തുടങ്ങിയ വർക്കൗട്ട് കുഞ്ചാക്കോ ബോബന്റെ ഒരു വർക്കൗട്ട് രീതിയുടെ അനുകരണമായിരുന്നു. അതായത് ചാക്കോച്ചൻ അദ്ദേഹത്തിന്റെ ഫ്ളാറ്റിന്റെ പടികൾ കയറിയിറങ്ങി വർക്കൗട്ട് ചെയ്യുന്ന ആളാണ്. ഞാനും അതാണ് ആദ്യം പരീക്ഷിച്ചത്. അതിനു ശേഷം ജിമ്മിൽ പോയിത്തുടങ്ങി. എന്റെ കൂട്ടുകാരൻ ജെയ്സൺ ജേക്കബ് അദ്ദേഹത്തിന്റെ ഡ്രീം ജിം എനിക്കു വേണ്ടി തുറന്നു തന്നു. അദ്ദേഹത്തിന്റെ ട്രെയിനിങ് കൂടിയായപ്പോൾ തടി പെട്ടെന്നു കുറഞ്ഞു. ഒപ്പം ബാഡ്മിന്റൺ കളിയും ഉണ്ടായിരുന്നു.

ഭക്ഷണം കഴിക്കാൻ ജീവിക്കുന്ന ഞാൻ

ഞാൻ സത്യത്തിൽ ജീവിക്കുന്നത് തന്നെ നല്ല ഭക്ഷണം കഴിക്കാനാണ്. ഞാൻ സ്ഥലങ്ങളെക്കുറിച്ച് പറയുന്നതു പോലും അവിടുത്തെ നല്ല ഭക്ഷണശാലകളെക്കുറിച്ച് സൂചിപ്പിച്ചാണ്. എന്റെ ടെൻഷൻസും വിഷമങ്ങളുമൊക്കെ ഭക്ഷണം കഴിച്ച് തീർക്കുന്ന ആളാണ് ഞാൻ. ആ ഞാനാണ് ഈ ഡയറ്റ് ചെയ്തത് എന്നോർക്കണം.

തിരിച്ചറിയുന്നില്ല

എന്റെ ഷർട്ടുകൾ എനിക്കു ചേരാതായി. ഭാര്യ ‘തടിയാ...’ന്നു വിളിക്കാനും തുടങ്ങി (ചിരി...). ഒപ്പം വണ്ണം കൂടുന്നതിന്റെ പ്രയാസങ്ങൾ എനിക്കും തോന്നിത്തുടങ്ങി. അങ്ങനൊണ് തടി കുറയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഷർട്ടിന്റെ അളവ് ലാർജ്, പാന്റിന്റേത് 34. അതൊക്കെ വലിയ കാര്യമാണ്. ഇനി ഇത് മെയിന്റെയ്ൻ ചെയ്യാനാണ് പ്ലാൻ. പക്ഷേ, അത് നല്ല ഭക്ഷണം കാണും വരെയേ പറ്റൂ.... എങ്കിലും ഇതിന്റെ ഒരു രീതി ഞാൻ മനസ്സിലാക്കി. എങ്ങനെ തടി കുറയ്ക്കാം മെയിന്റെയ്ൻ ചെയ്യാം എന്നൊക്കെ പിടികിട്ടി. ഇപ്പോ മാസ്കും വച്ച് ഈ രൂപത്തിൽ എന്നെ കാണുമ്പോൾ ആരും തിരിച്ചറിയുന്നില്ല...