Saturday 21 November 2020 12:46 PM IST

‘നർത്തകിയാണ്, പക്ഷേ പങ്കു അഭിനയത്തിൽ ആദ്യം’! മകൾക്കൊപ്പമുള്ള അഭിനയവിശേഷങ്ങൾ പങ്കുവച്ച് ആശ ശരത്

V.G. Nakul

Sub- Editor

a1

മറ്റൊരു താരപുത്രി കൂടി മലയാള സിനിമയുടെ നായികാനിരയിലേക്ക്. മലയാളത്തിന്റെ പ്രിയ അഭിനേത്രി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്താണ് ഈ പുതുമുഖം.

മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. സിനിമയിലും ഇരുവരും അമ്മയും മകളുമായാണ് അഭിനയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകനാണ് മനോജ് കാന. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ‘ചായില്യം’, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അമീബ’ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

a2

ആലപ്പുഴ എഴുപുന്നയില്‍ ചിത്രീകരണം തുടങ്ങിയ ‘ഖെദ്ദ’യിലേക്കുള്ള ഉത്തരയുടെ, തന്റെ പങ്കുവിന്റെ വരവിനെക്കുറിച്ച് ആശ ശരത്ത് ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

‘‘അഭിനയത്തിലേക്ക് പങ്കു ആദ്യമാണ്. നൃത്തം പഠിക്കുന്നുണ്ട്. എനിക്കൊപ്പം പെർഫോമൻസുകളിലും പങ്കെടുത്തിട്ടുണ്ട്. അവൾക്ക് ഉള്ളിൽ ഒരിഷ്ടം അഭിനയത്തോട് ഉണ്ടായിരുന്നു. നേരത്തെ, എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും ഞങ്ങൾ ദുബായിൽ ആയിരുന്നതിനാൽ സാഹചര്യങ്ങൾ ഒത്തു വന്നിരുന്നില്ല. പഠനം കഴിഞ്ഞു മതി എന്നു ഞങ്ങളും പറഞ്ഞു’’. – ആശ പറഞ്ഞു തുടങ്ങി.

‘‘കഴിഞ്ഞ മാർച്ച് മുതൽ എനിക്കൊപ്പം പങ്കു നാട്ടിലുണ്ടായിരുന്നു. ഗുരുവായൂരിൽ ഒരു നൃത്ത പരിപാടിക്കെത്തിയതാണ്. ലോക്ക് ഡൗൺ കാരണം തിരികെ പോകാൻ സാധിച്ചില്ല. ആസമയത്താണ് ഈ അവസരം വന്നത്’’.

a3

2വർഷം മുമ്പ് കേട്ട കഥ

ഞാൻ രണ്ട് വർഷം മുമ്പ് കേട്ട കഥയാണ് ‘ഖെദ്ദ’യുടെത്. ആ സമയത്ത് ഡേറ്റ് ക്ലാഷും മറ്റുമായി പ്രൊജക്ട് നീണ്ടു പോയി. കുറച്ച് കഴിഞ്ഞ് ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു.

ലോക്ക് ഡൗൺ സമയത്താണ് പ്രൊജക്ടുമായി മനോജ് സാർ വീണ്ടും സമീപിച്ചത്. തിരക്കഥ വായിക്കാൻ വന്നപ്പോഴാണ് അദ്ദേഹം മോളെ കണ്ടതും അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിച്ചതും.

അവൾ ആഗ്രഹിച്ചിരുന്നു

മോൾക്ക് അഭിനയത്തിലേക്ക് വരണം എന്ന് താൽപര്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് അവൾക്ക് യുകെയിൽ മാസ്റ്റേഴ്സിന് അഡ്മിഷൻ റെഡിയായെങ്കിലും അടുത്ത വർഷത്തേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നു.

ഞാൻ താൽപര്യം ഉണ്ടോ എന്ന് ചോദിക്കും മുമ്പ് തന്നെ അവൾ ചാടി വീണ് യെസ് പറഞ്ഞു. നല്ല കഥാപാത്രം, സിനിമ ഒക്കെക്കൂടിയായപ്പോൾ അവൾ വളരെ എക്സൈറ്റഡായിരുന്നു. അമ്മയും മകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന, സാമൂഹിക പ്രാധാന്യമുള്ള ഒരു കഥയാണ് ചിത്രത്തിന്റെത്.

a4

നല്ല സിനിമയാണ് പ്രധാനം

വലിയ സിനിമ, ചെറിയ സിനിമ എന്നൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല.നല്ല കഥകഥാപാത്രം എന്നതിനായിരുന്നു മുൻതൂക്കം. മറ്റൊന്ന്, ഒട്ടും പ്ലാൻ ചെയ്തല്ല സിനിമയിലേക്കുള്ള മോളുടെ വരവ്. അവസരം വന്നപ്പോൾ ഭാഗ്യം എന്നു കരുതി. ഉത്തരയ്ക്ക് തുടക്കത്തിനുള്ള ഏറ്റവും നല്ല അവസരമായാണ് ഈ ചിത്രത്തെ പരിഗണിക്കുന്നത്. പെർഫോമൻസ് ഓറിയന്റഡ് റോളാണ് ലഭിച്ചിരിക്കുന്നത്.

ലൊക്കേഷനിൽ ഞങ്ങൾ രണ്ട് ആർ‌ട്ടിസ്റ്റുകൾ എന്ന നിലയിലാണ് ഇടപഴകുന്നത്. അമ്മയും മകളും വീട്ടിൽ. അഭിനയിക്കുമ്പോൾ ഉത്തരയും ആശയുമാണ്. അതാണ് പ്രൊഫഷനലി പ്രാക്ടിക്കൽ ആയ രീതി എന്നാണ് വിശ്വാസം.

a-6

ദൃശ്യം 2

പ്രേക്ഷകർ ചോദിക്കാനാഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ‘ദൃശ്യം 2’ വിൽ ഉണ്ടാകും. വീണ്ടും ആ കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാൻ. ഒരു റീയൂണിയൻ പോലെയായിരുന്നു ലൊക്കേഷൻ. ജോജുവിനൊപ്പം ‘റെസ്റ്റ് ഇൻ പീസ്’ എന്ന ചിത്രമാണ് പുരോഗമിക്കുന്ന മറ്റൊരു പ്രൊജക്ട്.