Thursday 10 March 2022 03:38 PM IST

‘ചുമ്മാ തള്ളുകയാണ് എന്ന് കരുതില്ലെങ്കിൽ ഒരു കാര്യം പറയാം’: ഹൃദയത്തിലെ താടിക്കാരൻ പറയുന്നു

Rakhy Raz

Sub Editor

aswath-lall-ivw

‘ഹൃദയ’ത്തിലൂടെ ഹൃദയം കവർന്ന അശ്വത്ത് ലാൽ പറയുന്നു; ‘ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു’

ഒരേയൊരു ലക്ഷ്യം

എന്റെ ലക്ഷ്യം എന്നും സിനിമ തന്നെയായിരുന്നു. ഒരു സെക്കൻഡ് ഓപ്ഷൻ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ചുമ്മാ തള്ളുകയാണ് എന്ന് കരുതില്ലെങ്കിൽ ഒരു കാര്യം പറയാം. എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. എന്നെങ്കിലും ലക്ഷ്യത്തിൽ എത്തുമെന്ന് ഉറപ്പായിരുന്നു.

ഹൃദയത്തിനു മുൻപും ശേഷവും

ഹൃദയം സിനിമയ്ക്ക് മുൻപും ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. ആഭാസം, പതിനെട്ടാം പടി, ആഹാ എന്നീ സിനിമകൾ ചെയ്തു. ആദ്യ സിനിമ മുതൽ ഓഡിഷനിലൂടെയാണ് അവസരം നേടിയെടുത്തത്. ഹൃദയത്തിലേക്കും അങ്ങനെതന്നെ. പ്രണവിന്റെ സുഹൃത്തായെത്തുന്ന ആന്റണി താടിക്കാരൻ എന്ന കഥാപാത്രത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചു. ഹൃദയത്തിന് ശേഷമാണ് കൂടുതൽ പേരും എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.

പ്രതീക്ഷയ്ക്കപ്പുറം

ഇത്രയും വലിയ ഒരു സിനിമ ഇറങ്ങുമ്പോൾ അതിൽ സ്പാർക് ഉള്ള കാരക്ടർ ലഭിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചിരുന്നില്ല. സ്ക്രിപ്റ്റ് കേട്ടപ്പോൾ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് എന്ന് മനസ്സിലായെങ്കിലും ഇത്രയും സ്പേസ് കിട്ടുമെന്നും കരുതിയില്ല.

വിനീതേട്ടനും പ്രണവും തന്ന പിന്തുണ കൊണ്ടാണ്, കിട്ടിയ സ്പേസ് നന്നായി ഉപയോഗിക്കാൻ കഴിഞ്ഞത്. ബിജു മേനോനും പദ്മപ്രിയയും അഭിനയിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ.

കോളജ് കാലം

കോളജ് കാലത്ത് ഫ്രഷേഴ്സ് ഡേ, ആർട് ഫെസ്റ്റ്, ഇലക്‌ഷൻ, ഓണാഘോഷം തുടങ്ങി എല്ലാത്തിലും ഞാനുണ്ടാകും. അനൗൺസ്മെന്റ് എങ്കിലും ചെയ്യാതെ കോളജിലെ ഒരു പരിപാടിയും കടന്നുപോയിട്ടില്ല. ക്ലാസ്സിൽ കയറുന്നതിനെക്കാൾ കൂടുതൽ സ്റ്റേജിലാണ് കയറിയിട്ടുള്ളത്. ഡിഗ്രി ചെമ്പഴന്തി എസ്‌എൻ കോളജിലും പിജി തിരുവനന്തപുരം എംജി കോളജിലും ആയിരുന്നു. കൂട്ടുകാരും അധ്യാപകരുമാണ് ഞാൻ ഇവിടെയെത്തി നിൽക്കുന്നതിന് വഴിതുറന്നവർ.

അന്ന് അച്ഛൻ പറഞ്ഞത്

വീടിന്റെ ഹാളിൽ ഇരുന്ന്, വല്ലപ്പോഴും മാത്രം തിയറ്ററിൽ പോയി ഒക്കെ സിനിമ കാണുന്ന സാധാരണ കുടുംബമാണ് എന്റേത്. ഞാൻ ഈ മേഖല തിരഞ്ഞെടുത്തത് അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്തു ചെയ്താലും 100 ശതമാനം ആത്മാർഥതയോടെ ചെയ്യാനാണ് അവർ പറഞ്ഞത്. അച്ഛൻ മണിയൻ പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആണ്. അമ്മ ലതിക വീട്ടമ്മ. അനിയത്തി അമൃത ഐടിഐ പഠിക്കുന്നു.

വിജയമോ പരാജയമോ ആകാം

അഭിനേതാവ് എന്ന നിലയിൽ ഒരാൾ എപ്പോഴും മാറിക്കൊണ്ടിരിക്കണം. ഒരേ മോഡുലേഷനിലുള്ള കഥാപാത്രങ്ങൾ ചെയ്യാതെ വ്യത്യസ്തമായവ ചെയ്യാൻ ശ്രമിക്കണം എന്നാണ് ആഗ്രഹം. അതു വിജയമോ പരാജയമോ ആകാം. വിജയമാ ക്കാൻ പരമാവധി ശ്രമിക്കുക.