Thursday 03 December 2020 11:44 AM IST

‘കൊള്ളാലോ, ഇത്രയും നല്ല ശബ്ദം എവിടുന്നു വരുന്നു’! ഞാൻ പാട്ടുകാരനാണെന്ന് സരസ്വതി അറിഞ്ഞില്ല: അശ്വിന് തിരുപ്പൂരിൽ നിന്നു പെണ്ണ്

V.G. Nakul

Sub- Editor

a1

‘‘കല്യാണത്തിന്റെ സമയമായപ്പോൾ എനിക്കുള്ള പെണ്ണ് അങ്ങ് തിരുപ്പൂരിൽ നിന്നു വന്നു...’’ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിറചിരിയോടെ അശ്വിൻ വിജയൻ ആദ്യം പറഞ്ഞതിങ്ങനെ.

അശ്വിൻ വിജയൻ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. ‘സരിഗമപ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗാകനാണ് ഈ പാലക്കാടുകാരൻ സോഫ്റ്റ് വെയർ എൻജിനീയർ.

വിവാഹ ജീവിതത്തിലേക്കു കടക്കാനൊരുങ്ങുകയാണിപ്പോൾ അശ്വിൻ. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ അശോക് – ഉഷ ദമ്പതികളുടെ മൂത്ത മകൾ സരസ്വതി അശോകാണ് അശ്വിന്റെ നല്ലപാതിയാകുക. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

‘‘സരസ്വതിയുടെ അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടെ നാട് പാലക്കാടുമാണ്. അമ്മയുടെയും അച്ഛന്റെയും ജോലി സംബന്ധമായാണ് അവർ തിരുപ്പൂരിലേക്ക് താമസം മാറിയത്. സരസ്വതി എട്ടാം ക്ലാസ് വരെ പഠിച്ചത് തിരുവനന്തപുരത്താണ്. ഒരു അനിയത്തിയുണ്ട് – ഭരണി’’. – സരസ്വതി തന്റെ ജീവിതത്തിലേക്കു കടന്നു വന്നതിനെക്കുറിച്ച് അശ്വിൻ ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

a5

‘‘ഗ്ലോബൽ കമ്യൂണിക്കേഷനിലാണ് സരസ്വതി ഡിഗ്രി എടുത്തിരിക്കുന്നത്. നർത്തകിയാണ്. ചെറിയ തോതിൽ പാട്ടുമുണ്ട്. വളരെ അവിചാരിതമായാണ് സരസ്വതിയുടെ ആലോചന വന്നത്. എന്റെ അമ്മാവന്റെ മകനു വേണ്ടി വന്ന ആലോചനകളിൽ ചിലത് അമ്മായി എനിക്കു വേണ്ടി അമ്മയ്ക്ക് ഫോർ‌വേഡ് ചെയ്യുകയായിരുന്നു. അതിൽ ഒന്ന് സരസ്വതിയുടെതായിരുന്നു’’.– അശ്വിൻ പറയുന്നു.

കൊള്ളാലോ താൻ

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. വീട്ടുകാർ സംസാരിച്ചു. തമ്മിൽ കണ്ടു. ഉറപ്പിച്ചു. സത്യത്തിൽ ഞാൻ പാട്ടുകാരനാണെന്ന് ഈ പ്രപ്പോസൽ ചെല്ലുമ്പോൾ സരസ്വതിക്ക് അറിയില്ലായിരുന്നു. അവർ ‘സരിഗമപ’ കണ്ടിരുന്നില്ല. വിവാഹം ഉറപ്പിച്ച ശേഷം യൂ ട്യൂബിൽ എന്റെ പാട്ടുകൾ കേട്ടിട്ട്, ‘കൊള്ളാലോ താൻ, ഇത്രയും നല്ല ഒച്ചയൊക്കെ എവിടുന്നു വരുന്നൂ’ന്ന് ചോദിച്ചു. പക്ഷേ, സരസ്വതിയുടെ അച്ഛന് ഞാൻ പാട്ടുകാരനാണെന്ന് അറിയാമായിരുന്നു. പ്രോഗ്രാം കണ്ടിട്ടുണ്ട്. അടുത്ത വർഷം ഏപ്രിലിലാണ് വിവാഹം. നിശ്ചയം ലളിതമായ ചടങ്ങായിരുന്നു.

a3

പാട്ടിന്റെ വഴിയിൽ

പാലക്കാട് കൊടുവായൂരാണ് എന്റെ നാട്. അച്ഛൻ വിജയൻ പൊലീസിലായിരുന്നു. അമ്മ ഗീത. ഞാൻ ഒറ്റമകനാണ്. എന്റെ ആദ്യത്തെ ടെലിവിഷൻ പ്രോഗ്രാം ‘രാഗരത്നം യുവ’യാണ്. പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് അതിൽ പങ്കെടുത്തത്. എൻജിനീയറിങ് ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോൾ ‘സ്റ്റാർ സിങ്ങറി’ന്റെ സീസൺ 5 ൽ പങ്കെടുത്തു. പക്ഷേ, ആളുകൾ ശ്രദ്ധിച്ചതും അംഗീകാരങ്ങൾ കിട്ടിയതും ‘സരിഗമപ’യിലൂടെയാണ്. ‘സരിഗമപ’യിൽ കാണാൻ ഏറ്റവും ചെറിയ ആളും പ്രായത്തിൽ ഏറ്റവും വലിയ ആളും ഞാനായിരുന്നു.

a4

ജോലിക്കൊപ്പം പാട്ട്

എൻജിനീയറിങ് പഠനം കഴിഞ്ഞ ഉടൻ ജോലി കിട്ടി. ജോലിയിൽ നിന്നു അവധി എടുത്താണ് സരിഗമപയിൽ മത്സരിച്ചത്. ഇപ്പോൾ തിരുവനന്തപുരം ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റാണ്. 6 വർഷം കഴിഞ്ഞു.

പാട്ടു പോലെ എനിക്ക് താൽപര്യമുള്ളതാണ് സോഫ്റ്റ് വെയർ എൻജിനീയറിങ്. പാട്ടും ജോലിയും ഒന്നിച്ച് കൊണ്ടു പോകാനാണ് താൽപര്യം. രണ്ടും എന്നെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. നല്ല സൗഹൃദങ്ങൾ തന്നതും പാട്ടിൽ പിന്തുണച്ചതുമൊക്കെ എന്റെ ജോലിയാണ്.

a2

ഇപ്പോൾ സ്വന്തമായി എനിക്കൊരു മ്യൂസിക് ബാൻഡ് ഉണ്ട്. ‘അശ്വിൻ വിജയൻ കളക്ടീവ്’ എന്നാണ് പേര്.

സിനിമയിൽ 2പാട്ട് പാടി. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ ‘ഒരു സ്വപ്നം പോലെ...’യും ‘ധമാക്ക’യിലെ ‘ഹാപ്പി ഹാപ്പി...’യും.