ADVERTISEMENT

‘കുടുംബവിളക്ക്’ലെ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആതിരയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്നാണ് താരം രാജീവ് തമ്പിയുടെ ജീവിതപ്പാതിയായത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ നവംബർ 9 നു, ഒന്നാം വിവാഹ വാർഷികത്തിനാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം ആതിര ആരാധകരുമായി പങ്കുവച്ചത്. ‘Waiting for the human i havent met yet...18th week’ തന്റെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചതിങ്ങനെ...

ഗർഭകാലത്തിന്റെ ആറാം മാസത്തിൽ, മറ്റൊരു തീരുമാനത്തിലേക്കു കൂടി ആതിര എത്തിയിരിക്കുന്നു; തൽക്കാലം അഭിനയത്തിൽ നിന്നു ചെറിയ ഇടവേളയെടുക്കാം, കൺമണി ജനിച്ച ശേഷം മടങ്ങി വരാം... അപ്പോഴും ആങ്കറിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമായി തുടരാനും താരം ഉറപ്പിച്ചിരിക്കുന്നു.

ADVERTISEMENT

‘‘ഇപ്പോൾ ഗർഭകാലത്തിന്റെ 21 ആം ആഴ്ചയിലാണ്. ഈ മാസം വരെയും അഭിനയിക്കുന്നുണ്ടായിരുന്നു. തൽക്കാലം ഇനി അഭിനയ രംഗത്തുണ്ടാകില്ല. ഇപ്പോഴാണ് ഔദ്യോഗികമായി പറയുന്നത്.

athira-3

ഗർഭിണിയായിരിക്കെ അഭിനയിക്കുന്നതിന്റെതായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്ട്രെയയിനുണ്ടായി. കോവളം ബീച്ചിലായിരുന്നു ലൊക്കേഷൻ. ആ എപ്പിസോഡുകളൊക്കെ ഇനി വരാൻ പോകുന്നതേയുള്ളൂ.

ADVERTISEMENT

ബീച്ചിലെ പാറപ്പുറത്തൊക്കെ വലിഞ്ഞു കയറുന്നതും ബീച്ചിൽ ഇറങ്ങുന്നതുമൊക്കെയായ കുറേ സീൻസ് ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടു. എങ്കിലും അവസാന ദിവസമായതിനാൽ ഞാൻ എൻജോയ് ചെയ്തു. ഇനി കുറേക്കാലം കഴിയണമല്ലോ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാൻ.

ഒരു മാസം കൂടി ചെയ്യാം എന്നാണ് നേരത്തെ കരുതിയിരുന്നത്. പക്ഷേ, തീരെ വയ്യാതായി. ഒരുപാട് സ്ട്രെസ് എടുക്കും പോലെ തോന്നി. സ്ട്രെയിൻ ഫീൽ ചെയ്തു. കാലിലൊക്കെ വേദനയായി. ബോഡി ഭയങ്കരമായി വീക്ക് ആകുന്നതായി തോന്നി. അതോടെയാണ് തൽക്കാലം നിർത്താം എന്നു തീരുമാനിച്ചത്’’. – ആതിര ‘വനിത ഓൺലൈനോട്’ പറയുന്നു.

ADVERTISEMENT

എല്ലാം കരുതലോടെ

ഡോക്ടറുടെ കൃത്യമായ നിർദേശങ്ങള്‍ സ്വീകരിച്ചാണ് അഭിനയത്തില്‍ തുടർന്നത്. മൂന്നു മാസമൊക്കെയായപ്പോഴേക്കും എനിക്കു മടി തുടങ്ങിയിരുന്നു. ഒരു ദിവസത്തെ ഷൂട്ടിന്, ആഴ്ചയിൽ 5 – 6 ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. അതിനെന്താ പ്രശ്നം ധൈര്യമായി പോയിട്ടു വാ എന്നാണ് മേഡം പറഞ്ഞത്. ആ സമയത്ത് എനിക്ക് ഭയങ്കര ഛർദ്ദിയായിരുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് നേരെ ആശുപത്രിയിൽ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു. ‘കുടുംബവിളക്ക്’ ടീമിൽ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. വയ്യാതാകുന്ന ദിവസങ്ങളുടെ പിറ്റേന്ന് എനിക്ക് അവധി നൽകുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ എല്ലാം നന്നായി മുന്നോട്ട് പോയി.

ആതിരയുടെ ആദ്യ സീരിയൽ ‘കേരളസമാജം’ ആണ്. ‘കുടുംബവിളക്കി’ലാണ് ശ്രദ്ധ കിട്ടിയത്. തിരുവനന്തപുരം സ്വദേശിയാണ് ആതിര. അച്ഛൻ – മാധവൻ കുട്ടി, അമ്മ – ശ്രീലേഖ, ചേച്ചി – അനൂപ.

athira-2

‘‘ഞാൻ ബി.ടെക്ക് കഴിഞ്ഞ് ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് രാജീവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായപ്പോൾ വീട്ടിൽ സംസാരിച്ചു. രണ്ടു വീട്ടിലും എതിർപ്പുണ്ടായിരുന്നില്ല. ഞാൻ ജോലി രാജി വച്ച് സീരിയൽ മേഖലയിലേക്ക് വന്നപ്പോള്‍ ഫുൾ സപ്പോർ‌ട്ട് തന്നത് അദ്ദേഹമാണ്. പുള്ളിയും പിന്നീട് ജോലി വിട്ട് എം.ബി.എ ചെയ്തു. ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. ഇനി കുഞ്ഞ് ജനിച്ച ശേഷമേ അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ’’.

ADVERTISEMENT