Tuesday 01 June 2021 11:12 AM IST

‘അവന്റെ ബോഡി പോലും ഞങ്ങൾ കണ്ടില്ല, രണ്ടാഴ്ച വേദന നിന്ന് എന്റെ ബെന്നാച്ചി പോയി’: കണ്ണീർ തോരാതെ ബീന

V.G. Nakul

Sub- Editor

beena-antony-1

കോവിഡിനോട് പൊരുതി ജീവിതത്തിലേക്കു മടങ്ങി വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ബീന ആന്റണി. രോഗ ബാധിതയായി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബീന ദിവസങ്ങൾക്കകം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി വന്നെങ്കിലും കടുത്ത പ്രതിസന്ധിയെയാണ് അതിനിടെ നേരിട്ടത്. മരണത്തെ മുഖാമുഖം കണ്ട രോഗകാലത്തെക്കുറിച്ച് ബീന പിന്നീട് തുറന്നു പറഞ്ഞിരുന്നു. ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്കു പോകാതെ വീട്ടിൽ തന്നെ ഇരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റെന്നും മരണത്തെ മുഖാമുഖം കണ്ടെന്നും താരം പറഞ്ഞത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.

ആശുപത്രിയിൽ പോയാൽ പിന്നെ മടങ്ങി വരുമോ എന്നുള്ള ചിന്തയാണ് ബീനയെ രോഗത്തിന്റെ ആദ്യ നാളുകളിൽ ഭയപ്പെടുത്തിയത്. പിന്നീടൊരിക്കലും ഭർത്താവിനെയും മകനെയും കാണാൻ കഴിയില്ല എന്നും തോന്നി. അതിന്റെ കാരണമാകട്ടെ, തന്റെ പ്രിയപ്പെട്ട ബെന്നാച്ചിയുടെ മരണവും. ആറ് മാസം മുൻപാണ് ബീനയുടെ ചേച്ചി ബിന്ദുവിന്റെ മകൻ ഇരുപത്തി മൂന്നു വയസ്സുകാരൻ ബെൻ കോവിഡ് ബാധിച്ച് മരിച്ചത്. ബെൻ ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. ആ ഷോക്കിൽ നിന്നു ബീന ഇപ്പോഴും മോചിതയായിട്ടില്ല. ആശുപത്രിയിൽ പ്രവേശിച്ചാൽ ആ വിധി തനിക്കുമുണ്ടാകുമോയെന്ന് ബീന ഭയന്നു.

‘‘അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ. ഇരുപത്തി രണ്ട് വയസ്സ്. ബി.ടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഏതു പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഖം വളരെ വലുതാണല്ലോ’’. – ബീന ‘വനിത ഓൺലൈനോട്’ പറയുന്നു.

beena-antony-3

‘‘അസുഖമാണെന്നറിഞ്ഞ്, രണ്ട് ആഴ്ച കൂടിയേ അവൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ആള് പോയി. പെട്ടെന്ന് ഒരു ദിവസം അവന്റെ ദേഹം മുഴുവൻ നീര് വന്നു. ചേച്ചി എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഫോട്ടോയും അയച്ചു തന്നു. കണ്ടപ്പോൾ എനിക്ക് പേടിയായി. മുഖമൊക്കെ വീർത്തിരിക്കുന്നു. കാലിലൊക്കെ മന്ത് വന്ന പോലെ. വയറിലൊക്കെ നീര്. പെട്ടെന്ന് ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. ഞാൻ ഉടൻ കുഞ്ഞച്ഛനോട് (എന്റെ ഭർത്താവും നടനുമായ മനോജ് കുമാറിന്റെ അച്ഛന്റെ അനിയൻ ഡോക്ടറാണ്) സംസാരിച്ചു. ഇച്ചിരി പ്രശ്നമാണ്. നിസ്സാരമായി കാണരുത്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിച്ച് വിശദമായ പരിശോധന നടത്താൻ പറഞ്ഞു. അങ്ങനെ ആശുപത്രിയിൽ എത്തിച്ചു. ടെസ്റ്റുകൾ നടത്തിയ ശേഷം ഡോക്ടർ പറഞ്ഞത് ഫാറ്റി ലിവറിന്റെ ചെറിയ ലക്ഷണം കാണിക്കുന്നുണ്ട് എന്നാണ്. നല്ല തടിയുള്ളയാളാണ് മോൻ. അപ്പോൾ അതിന്റെയായിരിക്കുമെന്ന് സമാധാനിച്ചു. പക്ഷേ, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവൻ വളരെയധികം ക്ഷീണിച്ചു. ശാരീരികമായും മാനസികമായും തളർന്നു. വീണ്ടും ആശുപത്രിയിലെത്തിച്ചു. വിശദമായ പരിശോധനയിലാണ് കിഡ്നിക്ക് രണ്ടിനും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയത്. ക്രിയാറ്റിൻ വളരെ കൂടുതൽ. കുറച്ച് കാലം മുമ്പ് അവന് ഒരു ബൈക്ക് അപകടമുണ്ടായിരുന്നു. അപ്പോൾ കഴിച്ച മരുന്നുകളാണത്രേ കിഡ്നിയെ ബാധിച്ചത്. കടുത്ത മരുന്നുകളായിരുന്നു. അതിനു ശേഷം മറ്റൊരു അപകടമുണ്ടായപ്പോഴും കുറേ മരുന്നുകള്‍ കഴിച്ചിരുന്നു. ഇതു രണ്ടും കൂടിയായപ്പോൾ പ്രശ്നമായതാകാം. ഒരാഴ്ച കഴിഞ്ഞപ്പോൾ മോന് രുചി പോയി. പനിയുമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് ടെസ്റ്റ് ചെയ്തില്ല. ക്രിയാറ്റിൻ വീണ്ടും കൂടിയിരുന്നു. അതോടെ ടെൻഷനായി. വീട്ടിലെത്തി, പിറ്റേദിവസം വെളുപ്പിന് ഭയങ്കര ശ്വാസം മുട്ടലായി. ഉടൻ ആശുപത്രിയിൽ എത്തിച്ചു. കോവിഡ് പോസിറ്റീവായിരുന്നു. ഉടൻ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം രാത്രിയിൽ ആള് പോയി’’.– ഒരു കരച്ചിലിലേക്കാണ് ബീന പറഞ്ഞു നിർത്തിയത്.

beena-antony-2

ഞങ്ങളുടെ പൊന്നോമന

ബെൻ ഫ്രാൻസിസ് എന്നാണ് മോന്റെ പേര്. ഞങ്ങളുടെ വീട്ടിൽ മൂന്ന് പെൺകുട്ടികളാണല്ലോ. ആദ്യം ഉണ്ടായ ആൺകുട്ടിയാണ്. എല്ലാവരും കൂടി ഓമനിച്ചാണ് വളർത്തിയത്. ഞാൻ ഷൂട്ടിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ ബെന്നാച്ചി എന്നാണ് വിളിച്ചിരുന്നത്. ബിന്ദുവിന് ഒരു മോളുണ്ട്. അവൾ ഇപ്പോൾ പ്ലസ് ടൂവിനാണ്.

ഞങ്ങളുടെ വീട്ടിലെ ഓമനയായിരുന്നു ബെന്നാച്ചി. ആരോടും ദേഷ്യപ്പെടുകയൊന്നുമില്ല. എപ്പോഴും ചിരി നിറഞ്ഞ മുഖമാണ്. എപ്പോഴും കുടുംബങ്ങൾ ഒത്തു കൂടും. ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ സന്തോഷം. കഴിഞ്ഞ വര്‍ഷം പോകാൻ പറ്റിയില്ല. അവനതിൽ വലിയ സങ്കടമായിരുന്നു. ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ....അവന്റെ ബോഡി പോലും ആരും കണ്ടില്ല....ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകർന്നു പോയി...