Thursday 13 August 2020 12:09 PM IST

സിനിമയിൽ 42 വർഷം, ബീനയുടെ സമ്പാദ്യം ഇതാണ്! ദുരിതക്കയത്തിൽ പത്മരാജന്റെ നായിക

V.G. Nakul

Sub- Editor

beenaa

42 വർഷമായി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങി മലയാള സിനിമയുടെ ഭാഗമായിട്ട്. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നായ, പി.പത്മരാജന്റെ ‘കള്ളൻ പവിത്രനി’ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി സുന്ദരിയെ മലയാളി മറക്കില്ല. ദമയന്തിയിലൂടെ ബീന എന്ന യുവനടി മലയാള സിനിമയുടെ ഭാവി പ്രതീക്ഷയായി വാഴ്ത്തപ്പെട്ടെങ്കിലും വിധി മറ്റൊന്നായിരുന്നു...

പുതിയ തലമുറ ബീനയെ തിരിച്ചറിയുക ‘കല്യാണരാമനി’ൽ പ്യാരിയുടെ പഞ്ചാരയടിയില്‍ മയങ്ങാത്ത ഭവാനിയെന്ന വേലക്കാരിയിലൂടെയാണ്. പക്ഷേ, രണ്ടാം വരവും അവരുടെ ജീവിതത്തിൽ നേട്ടമായില്ല.

ഈ നവംബർ 16 ന് 60വയസ്സ് തികയുന്ന ബീന ഇപ്പോൾ സിനിമയിൽ നിന്ന് ഏറെക്കുറേ ഫീൽഡ് ഔട്ട് ആണ്. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. ഭർത്താവ് മരിച്ചു. മക്കളില്ല. ഒപ്പം രോഗങ്ങളും അവരെ കീഴടക്കിയിരിക്കുന്നു. സഹോദരങ്ങൾക്കൊപ്പമാണ് ഇപ്പോൾ താമസം. താരസംഘടനയായ അമ്മ നൽകുന്ന കൈനീട്ടം മാത്രമാണ് ഏക വരുമാനം. അത് മരുന്നിനു പോലും തികയാറില്ലത്രേ.

‘‘ഞാനിപ്പോൾ ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ്’’.– നിറകണ്ണുകളോടെ ബീന ‘വനിത’യോട് പറയുന്നു.

beena k3

അർഹിക്കുന്ന അംഗീകാരം ഒരിക്കലും ബീനയെ തേടിയെത്തിയില്ല. ‘കള്ളൻ പവിത്രനി’ലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് കരിയർ ചെറുവേഷങ്ങളിലേക്ക് ഒതുങ്ങി. അതിനിടെ ദീർഘമായ ഇടവേളയുമുണ്ടായി. തിരിച്ചു വരവിൽ ചെറുതെങ്കിലും ശ്രദ്ധേയമായ ചില വേഷങ്ങൾ തേടി വന്നെങ്കിലും പോകെപ്പോകെ അതും ഇല്ലാതെയായി. ഒപ്പം ജീവിതത്തിലെ ദുരിത ദിനങ്ങളും കടന്നു വന്നു.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ കുമ്പളങ്ങിയിൽ ബീനയ്ക്ക് വീട് വച്ചുകൊടുക്കുന്നുണ്ടെങ്കിലും പണി പൂർത്തിയായിട്ടില്ല.

‘‘എന്റെ നാട് കുമ്പളങ്ങിയാണ്. വാടകയ്ക്ക് താമസിച്ച വീടിന്റെ മുകൾനിലയിൽ നിന്ന് വീണാണ് ഭർത്താവ് സാബു മരിച്ചത്. ഭർത്താവ് മരിച്ചപ്പോൾ ഒറ്റയ്ക്കായി. 25 വർഷത്തോളം പല സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇപ്പോഴും സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയായിട്ടില്ല. ഒപ്പം അസുഖങ്ങളും ദുരിതങ്ങളും. എത്ര കാലം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും’’.– ഒരു നിമിഷം ബീനയുടെ വാക്കുകള്‍ ഇടറി.

beena k2

നായികയായി തുടക്കം

എന്റെ ആദ്യ സിനിമ ‘രണ്ട് മുഖങ്ങൾ’ ആണ്. തുടർന്ന് ‘മാമാങ്ക’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീടാണ് ‘കള്ളന്‍ പവിത്രനി’ൽ അഭിനയിച്ചത്. അതിനു ശേഷം നായിക വേഷങ്ങൾ കിട്ടിയില്ല. സിനിമയെക്കുറിച്ച് അക്കാലത്ത് വലിയ അറിവുണ്ടായിരുന്നില്ല. കിട്ടുന്ന വേഷം ചെയ്യുന്ന രീതിയായിരുന്നു. വേഷമെന്താണ് എന്ന് ചോദിക്കാനോ, നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനോ അന്ന് അറിയില്ലായിരുന്നു. അങ്ങനെ നായികയില്‍ നിന്ന് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. ‘കള്ളൻ പവിത്രനി’ൽ ബ്ലൗസും മുണ്ടുമായിരുന്നു എന്റെ വേഷം. പിന്നീട് വന്ന എല്ലാ സിനിമകളിലും എനിക്ക് കിട്ടിയത് മുണ്ടും ബ്ലൗസും റോളുകളായിരുന്നു. പലരും നല്ല റോൾ എന്നു പറഞ്ഞ് വിളിക്കും. പക്ഷേ, അഭിനയിച്ച് തുടങ്ങുമ്പോൾ ചെറിയ വേഷങ്ങളാകും. കുറച്ചു കഴിഞ്ഞപ്പോൾ മടുപ്പുതോന്നി. അങ്ങനെ 13 വർഷത്തോളം മാറി നിന്നു. അതിനിടെ വിവാഹവും നടന്നു. കല്യാണത്തിനു ശേഷം ‘ഷാർജ ടു ഷാർജ’യിലൂടെയാണ് തിരിച്ചു വന്നത്. അതിനു ശേഷം കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ച്ലർ‌ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചു. ‘സദാനന്ദന്റെ സമയ’ത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളാണ് കൂടുതൽ കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ കുറഞ്ഞു. പത്തു വർഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീൽഡ് ഔട്ട് ആയതു പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓർമയില്ല. 100 സിനിമ കഴിഞ്ഞിട്ടുണ്ടാകും.

beena k1

പ്രണയം, വിവാഹം

36 വയസ്സിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട്ട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ടുവേണമെന്ന് തോന്നിത്തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ടു പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ചു പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസ്സിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ടു വച്ചോളൂ വീട് വച്ചു തരാൻ ഏർപ്പാട് ചെയ്യാമെന്ന്. ഇപ്പോൾ ‘അമ്മ’ സംഘടന നൽകുന്ന കൈനീട്ടമുള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അതു മാത്രമാണ് പ്രാർഥന.