Wednesday 12 August 2020 12:33 PM IST

പ്യാരിയുടെ ഭവാനി ഇവിടെയുണ്ട്! രണ്ടു സെന്റില്‍ പണിതീരാത്ത വീട്, ആകെ വരുമാനം ‘അമ്മ’യുടെ കൈനീട്ടം; പത്മരാജന്റെ നായികയുടെ ജീവിതത്തിൽ സംഭവിച്ചത്

V.G. Nakul

Sub- Editor

beena-4

ബീന എന്ന പേര് കേട്ടാൻ പുതിയ തലമുറയിലെ പ്രേക്ഷകർ പെട്ടെന്നു തിരച്ചറിയില്ല. പക്ഷേ, ‘കല്യാണരാമനി’ലെ ഭവാനിയെ അവർ മറക്കില്ല. പ്യാരിയുടെ പഞ്ചാരയടിയില്‍ മയങ്ങാത്ത വേലക്കാരി ഭവാനിയായി വന്ന് ചിരിയുടെ വിരുന്നൊരുക്കിയത് ബീനയാണ്. ബീന ജോസഫ് എന്ന ബീന കുമ്പളങ്ങി.

ബീന എന്ന അഭിനേത്രിയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പോകണം. നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ബീന പിന്നീട് ചെറിയ റോളുകളിലേക്ക് ഒതുക്കപ്പെടുകയായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നായ ‘കള്ളൻ പവിത്രനി’ലെ ദമയന്തി എന്ന നായികയാണ് ബീനയുടെ തുടക്കം. നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം കട്ടയ്ക്ക് നിന്ന 18 വയസ്സുകാരി സുന്ദരി. അന്നത്തെ ആ കൗമാരക്കാരിക്ക് ഈ നവംബർ 16 ന് 60വയസ്സ് തികയും. സിനിമയിലെത്തിയിട്ട് 42 വർഷങ്ങൾ പിന്നിടുന്നു. പക്ഷേ, അർഹിക്കുന്ന അംഗീകാരം ഒരിക്കലും അവരെ തേടിയെത്തിയില്ല. കരിയർ ചെറുവേഷങ്ങളിലേക്ക് ഒതുങ്ങി. അതിനിടെ ദീർഘമായ ഇടവേളയുമുണ്ടായി. തിരിച്ചു വരവിൽ ചെറുതെങ്കിലും ശ്രദ്ധേയമായ ചില വേഷങ്ങൾ തേടി വന്നെങ്കിലും പോകെപ്പോകെ അതും ഇല്ലാതെയായി. ഒപ്പം ജീവിതത്തിലെ ദുരിത ദിനങ്ങളും കടന്നു വന്നു. ഇപ്പോൾ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ കുമ്പളങ്ങിയിൽ ബീനയ്ക്ക് വീട് വച്ചുകൊടുക്കുന്നുണ്ടെങ്കിലും പണി പൂർത്തിയായിട്ടില്ല. സഹോദരങ്ങൾക്കൊപ്പമാണ് താമസം. ഭർത്താവ് മരിച്ചു. മക്കളില്ല. ‘അമ്മ’യുടെ കൈനീട്ടമായി കിട്ടുന്ന 5000 രൂപയാണ് ഏക വരുമാനം. ജീവിതത്തെക്കുറിച്ചും ദുരിതഘട്ടങ്ങളെക്കുറിച്ചും ബീന ‘വനിത ഓൺലൈനോ’ട് പറയുമ്പോൾ പലപ്പോഴും അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

beena-3

‘‘എന്റെ നാട് കുമ്പളങ്ങിയാണ്. ഭർത്താവ് മരിച്ചപ്പോൾ ഒറ്റയ്ക്കായി. 25 വർഷത്തോളം പല സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇപ്പോഴും സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയായിട്ടില്ല. ഒപ്പം അസുഖങ്ങളും ദുരിതങ്ങളും. എത്ര കാലം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും. മരിക്കണോ ജീവിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് ഞാൻ.

വാടകയ്ക്ക് താമസിച്ച വീടിന്റെ മുകൾനിലയിൽ നിന്ന് വീണാണ് ഭർത്താവ് സാബു മരിച്ചത്. 2004ൽ ചിക്കൻ പോക്സിനെ തുടർന്ന് ഇൻഫക്ഷൻ വന്ന് അരക്കു താഴേക്കു തളർന്നു പോയതാണ്. ഒപ്പം അസുഖങ്ങളും ഓർമ്മക്കുറവും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ മഴയത്ത് പൂച്ചയുടെ പിന്നാലെ ഭക്ഷണം കൊടുക്കാൻ പോയതാണ്. കാല് തെന്നി വീഴുകയായിരുന്നു...’’.– ഒരു നിമിഷം ബീനയുടെ വാക്കുകള്‍ ഇടറി.

നായികയായി തുടക്കം

beena-2

എന്റെ ആദ്യ സിനിമ ‘രണ്ട് മുഖങ്ങൾ’ ആണ്. തുടർന്ന് ‘മാമാങ്ക’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീടാണ് ‘കള്ളന്‍ പവിത്രനി’ൽ അഭിനയിച്ചത്. അതിനു ശേഷം നായിക വേഷങ്ങൾ കിട്ടിയില്ല. സിനിമയെക്കുറിച്ച് അക്കാലത്ത് വലിയ അറിവുണ്ടായിരുന്നില്ല. കിട്ടുന്ന വേഷം ചെയ്യുന്ന രീതിയായിരുന്നു. വേഷമെന്താണ് എന്ന് ചോദിക്കാനോ, നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനോ അന്ന് അറിയില്ലായിരുന്നു. അങ്ങനെ നായികയില്‍ നിന്ന് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മടുപ്പുതോന്നി. അങ്ങനെ 13 വർഷത്തോളം മാറി നിന്നു. അതിനിടെ വിവാഹവും നടന്നു. കല്യാണത്തിനു ശേഷം ‘ഷാർജ ടു ഷാർജ’യിലൂടെയാണ് തിരിച്ചു വന്നത്. അതിനു ശേഷം കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ച്ലർ‌ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചു. ‘സദാനന്ദന്റെ സമയ’ത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളാണ് കൂടുതൽ കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ കുറഞ്ഞു. പത്തു വർഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീൽഡ് ഔട്ട് ആയതു പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓർമയില്ല. 100 സിനിമ കഴിഞ്ഞിട്ടുണ്ടാകും.

വഴികാട്ടിയ എൻ.ഗോവിന്ദൻ കുട്ടി

സ്കൂളിൽ പഠിക്കുമ്പോൾ നൃത്തം വലിയ ഇഷ്ടമായിരുന്നു. പള്ളിയിലും കലാപരിപാടികളിൽ സജീവമായിരുന്നു. അങ്ങനെയാണ് എന്റെ അങ്കിളിന്റെ സുഹൃത്തും പ്രശസ്ത നടനുമായ എൻ.ഗോവിന്ദൻ കുട്ടി വഴി ‘രണ്ട് മുഖങ്ങളി’ൽ അവസരം കിട്ടിയത്. ആ സിനിമയിൽ ധനുജയുടെ മകളായാണ് അഭിനയിച്ചത്. അത് കഴിഞ്ഞ് ജേസി സാറിന്റെ സിനിമയിലേക്ക് നായികയായി വിളിച്ചെങ്കിലും അവസാന നിമിഷം എന്നെ മാറ്റി അംബികയെ നായികയാക്കി. ആ സിനിമയ്ക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ കണ്ടാണ് ‘കള്ളൻ പവിത്രനി’ലേക്ക് പത്മരാജൻ സാർ വിളിച്ചത്. അതിൽ ബ്ലൗസും മുണ്ടുമായിരുന്നു എന്റെ വേഷം. പിന്നീട് വന്ന എല്ലാ സിനിമകളിലും എനിക്ക് കിട്ടിയത് മുണ്ടും ബ്ലൗസും റോളുകളായിരുന്നു. പലരും നല്ല റോൾ എന്നു പറഞ്ഞ് വിളിക്കും. പക്ഷേ, അഭിനയിച്ച് തുടങ്ങുമ്പോൾ ചെറിയ വേഷങ്ങളാകും.

പ്രണയം, വിവാഹം

36 വയസ്സിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട്ട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ടുവേണമെന്ന് തോന്നിത്തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ടു പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ചു പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസ്സിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ടു വച്ചോളൂ വീട് വച്ചു തരാൻ ഏർപ്പാട് ചെയ്യാമെന്ന്. ഇപ്പോൾ ‘അമ്മ’ സംഘടന നൽകുന്ന കൈനീട്ടമുള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അതു മാത്രമാണ് പ്രാർഥന.