Thursday 18 April 2019 10:38 AM IST

അപ്പോൾ അങ്ങനെയാണ് ’ഗോദ’യിലെ പൂച്ച ’എലി’യെ സ്വന്തമാക്കിയത്; പ്രേമിക്കാൻ ബേസിൽ വച്ച ഡിമാന്റുകൾ ഇങ്ങനെ!!

Lakshmi Premkumar

Sub Editor

basil-eli-vanitha
ഫോട്ടോ: ശ്യാം ബാബു

രണ്ടു സിനിമകൾ. ആദ്യ സിനിമ ഇരുപത്തിനാലാം വയസിൽ, രണ്ടാമത്തേത് ഇരുപത്തിയാറിൽ.. രണ്ടും ഹിറ്റ് ചാർട്ടിൽ ഇടംനേടി. അടുത്ത സീൻ വിവാഹമാണ്. ഷോട്ട് റെഡി, താലി കെട്ടാൻ പെണ്ണുണ്ടോയെന്ന് കൂടുതല്‍ അന്വേഷിച്ച് നടക്കേണ്ട കാര്യമൊന്നുമില്ല മലയാള സിനിമയുടെ ഹിറ്റ് ഡയറക്ടർ ബേസിൽ ജോസഫിന്. ബേസിലിന്റെ സ്വന്തം വയനാട്ടിൽ നിന്നും പുലർച്ചെ തിരിച്ചാൽ ഉച്ച കഴിയുമ്പോൾ കോട്ടയത്തെത്താം. പുതുപ്പള്ളിക്കാരി പുതുപെണ്ണവിടെ തയാറാണ്.

"ഇത് എലിസബത്ത്, എലി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കും. ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്നു. ആറു കൊല്ലമായിട്ടുള്ള  പ്രണയമാണ്. ഇനിയിവളാണ് എന്റെ ജീവിതത്തിന് സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ പറയേണ്ടത്." ബേസിന്റെ വാക്കുകളിൽ പ്രണയം നിറഞ്ഞു. അപ്പോൾ പ്രണയമാണോ സിനിമയാണോ ആദ്യം നടന്നത്? ’വനിത’യുടെ സംശയത്തിന് ആരോടും പറയാത്ത ആ രഹസ്യം ബേസിൽ വെളിപ്പെടുത്തി.

"നോ ഡൗട്ട് പ്രണയം തന്നെ. 2009ല്‍ തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ വച്ചാണ് ആദ്യമായി എലിയെ കാണുന്നത്. എന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് പരിചയപ്പെട്ടത്. എനിക്കപ്പോള്‍ തന്നെ കുറച്ച് പ്രണയമൊക്കെ തോന്നി തുടങ്ങിയിരുന്നു. പക്ഷെ എലിയുടെ ഭാഗത്തു നിന്നും യാതൊരു ഗ്രീൻ സിഗ്നലിന്റെയും  ലക്ഷണമില്ല. പ്രണയമുണ്ടെന്ന് കരുതി 24 മണിക്കൂറും അതിന്റെ പുറകെയൊന്നുമില്ല.

സത്യം പറഞ്ഞാൽ ഞാൻ പ്രണയിക്കുന്നതിന് കുറച്ച് മാനദണ്ഡങ്ങളൊക്കെ വച്ചിരുന്നു. പ്രധാന പ്രശ്നം പൊക്കം ഓക്കെയായി കിട്ടണം. എലിസബത്ത് മുന്നിൽ വന്നപ്പോൾ അത് ഓക്കെ, ഇപ്പോഴും എന്റെ തോൾ വരെയേയുള്ളൂ. പിന്നെ ക്രിസ്ത്യാനിയുമാണ്. ബ്രാഞ്ച് കൂടി ചോദിച്ചപ്പോള്‍ ദാ ഇലക്ട്രക്കലിൽ തന്നെ. എന്റെ സബ് ജൂനിയർ. ഇവളാണെന്റെ പെണ്ണെന്ന് അപ്പോഴേ ഉറപ്പിച്ചു. പിന്നെ ആകെയുള്ള ഒരു പ്രശ്നം, ആള് വേറെ ഒരു ലെവലാണ്. ജീസസ് യൂത്ത്, എൻഎസ്എസ് അങ്ങനെ. ആ വർഷം തൊട്ട് ഞാനും എല്ലാത്തിലും അഗംത്വമെടുത്തു. പിന്നെ സുഹൃത്തുക്കൾ. ഇവൾ കോളേജിൽ എവിടെയുണ്ടോ അപ്പോൾ എന്നെ വിളിക്കും. അളിയാ ദാ എലി കാന്റീനിലുണ്ട്. കണ്ണടച്ച് തുറക്കേണ്ട താമസം ഞാൻ കാന്റീനിലെത്തി. ലൈബ്രറിയിലാണെങ്കിൽ അവിടെ. ഒന്നുമറിയാത്ത പോലെ ചെന്ന് ഹലോ എലീ എന്തൊക്കെയുണ്ട് വിശേഷം ..ഹ ..ഹ  എന്നൊക്കെ ചിരിച്ച്… " ബേസിൽ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം