Wednesday 19 May 2021 09:18 AM IST

സത്യനെ ബിഗ് ബോസിൽ ‘കൊണ്ടുപോയ’ ബി.ബി ഇതാണ്! കിടപ്പിലായപ്പോൾ ചെയ്ത വിഡിയോ ബിജുവിനെ വൈറലാക്കിയ കഥ

V.G. Nakul

Sub- Editor

biju-bahuleyan-2

മലയാളത്തിന്റെ മഹാനടൻ സത്യന് ഒരാഗ്രഹം – ബിഗ് ബോസില്‍ ഒന്നു പങ്കെടുക്കണം!. കൂട്ടുകാരനായ പ്രേംനസീറിനിനോട് സത്യൻ മാഷ് തന്റെ ബിഗ് ബോസ് മോഹങ്ങൾ പങ്കുവയ്ക്കുകയാണ്. നോബിയുടെ തമാശ കേക്കണം, മണിക്കുട്ടനെ കാണണം, ഡിംപലുമായി വഴക്കുണ്ടാക്കണം എന്നൊക്കെയാണ് മൂപ്പരുടെ ആഗ്രഹങ്ങൾ. ഇവർ തമ്മിലുള്ള സംസാരമാകട്ടെ, ഓരോ നിമിഷവും ചിരിയുടെ പൂത്തിരി കത്തിക്കുന്നതും. മലയാളികൾ ഏറ്റെടുത്ത ഈ രസികൻ വിഡിയോയുടെ പിന്നിൽ നടനും മിമിക്രി കലാകാരനുമായ ബിജു ബാഹുലേയനാണ്.

‘ഇംഗ്ലീഷ് സിനിമകളുടെ സീനുകൾ വച്ച് മലയാളത്തിൽ ട്രോളുന്ന വിഡിയോസ് ധാരാളം കണ്ടിട്ടുണ്ട്. അങ്ങനെയാണ് മലയാളം സിനിമയുടെ സീനുകൾ തന്നെ വേറെ രീതിയിൽ മാറ്റി ചെയ്തൂടേ എന്ന് ഞാൻ ചിന്തിച്ചത്. പഴയ നടൻമാരെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സത്യൻ സാറിന്റെയും പ്രേം നസീർ സാറിന്റെയുമൊക്കെ സംസാരം പ്രത്യേക ശൈലിയിലാണല്ലോ. ഞാന്‍ ശബ്ദത്തിന്റെ പൂർണതയെക്കാൾ അവരുടെ ശൈലികളെയാണ് കൂടുതൽ ഉപയോഗിക്കുന്നത്.’ – ഈ ചിരിക്കൂട്ടിന്റെ ചേരുവകൾ ബിജു ‘വനിത ഓൺലൈനോട്’ പങ്കുവച്ചു തുടങ്ങിയതിങ്ങനെ.

‘ആദ്യം സച്ചിന്‍ തെണ്ടുൽക്കറിന്റെയും പിണറായി വിജയൻ സാറിന്റെയും വിഡിയോയാണ് ചെയ്തത്. പക്ഷേ, ശ്രദ്ധിക്കപ്പെട്ടത് സത്യൻ സാറിന്റെയും പ്രേം നസീർ സാറിന്റെയും ‘ബിഗ് ബോസ്’ വിഡിയോയാണ്. സത്യൻ സാറിന്റെ ‘ചെമ്മീൻ’ സീൻ ഉപയോഗിച്ച് ചെയ്ത വിഡിയോയും ഹിറ്റായി. ‘ബിഗ് ബോസ്’ വിഡിയോ ഒരുപാട് പേർ കണ്ടു. എന്നെ അമേരിക്കയിൽ നിന്നു വരെ മലയാളികൾ വിളിച്ചു. ആരുടെ വിഡിയോയായാലും അവരോടുള്ള പൂർണ്ണ ബഹുമാനത്തോടെയാണ് ചെയ്യുക. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി എക്സ്ട്രാ ചില സംഗതികൾ ചേർക്കുന്നു എന്നു മാത്രം. അതും ആരെയും വേദനിപ്പിക്കുന്ന തരത്തിലാകരുതെന്ന് നിർബന്ധമുണ്ട്. ട്രോൾ വിഡിയോ ട്രോൾ വിഡിയോയായി കണ്ടാൽ‌ മതി. ഇതിനോടകം ഇരുപതോളം വിഡിയോകൾ ചെയ്തു. എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. ചിലപ്പോൾ ഭാര്യയും ഭാര്യയുടെ അനുജത്തിയുമൊക്കെ സഹായിക്കും. ’ – ബിജു വിഡിയോയയുടെ പിന്നിലെ കഥകൾ പറഞ്ഞു തുടങ്ങി.

biju-bahuleyan-5

കിടപ്പായി, ചാനൽ തുടങ്ങി

ആദ്യ ലോക്ക് ഡൗണിനു മുൻപ് ഒരു അപകടം പറ്റി സ്പൈനൽ ഇൻജുറിയായി ഞാന്‍ മൂന്നു മാസം കിടപ്പായിരുന്നു. എറണാകുളത്ത് ഒരു സിനിമയുടെ പൂജ കഴിഞ്ഞ് മടങ്ങി വരുമ്പോൾ ആയൂരിൽ വച്ച് ഞാൻ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ ഒരു മിനി ലോറി ഇടിക്കുകയായിരുന്നു. പിന്നിൽ ഇരുന്ന എന്റെ പരുക്ക് ഗുരുതരമായിരുന്നു. തലയ്ക്ക് പൊട്ടലുണ്ടായിരുന്നു. സീരിയലിലൊക്കെ അവസരങ്ങളുള്ള കാലമായിരുന്നു. കിടപ്പായതോടെ എല്ലാം പോയി. ചെറുതായി തല പൊക്കിത്തുടങ്ങിയപ്പോഴാണ് പ്രിയപ്പെട്ടവർ പറഞ്ഞിട്ട് ‘ബി.ബി ജങ്ഷൻ’ എന്ന പേരിൽ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയതും വിഡിയോകള്‍ ചെയ്തതും. തുടക്കത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോൾ 2500 ൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് ആയി.

biju-bahuleyan-3

മിമിക്രിയില്‍ 15 വർഷം

എടപ്പഴഞ്ഞിയാണ് നാട്. എം.ജി കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ മിമിക്രിയിൽ സജീവമായിരുന്നു. ഇപ്പോൾ 15 വർഷം കഴിഞ്ഞു. ‘സ്മൈൽ പ്ലീസ്’ ആണ് എന്റെ ആദ്യ ടെലിവിഷൻ പരിപാടി. ‘കോമഡി സ്റ്റാർസി’ലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യത്തെ സിനിമ ‘ഹിമാലയത്തിലെ കശ്മലൻമാരാ’ണ്. ഇപ്പോൾ റിലീസാകാനൊരുങ്ങുന്നത് ‘ക’ ആണ്. ‘പരസ്പരം’ എന്ന സീരിയൽ ചെയ്തു. ‘പൂക്കാലം വരവായി’ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആക്സിഡന്റുണ്ടായത്. മറ്റെന്തു ജോലിക്കു പോയാലും തിരികെ കലാരംഗത്തേക്കു തന്നെ വരുന്നതാണ് എന്റെ രീതി. മറ്റൊന്നും മാനസികമായി തൃപ്തി നൽകാറില്ല.

biju-bahuleyan-1

കുടുംബം

അച്ഛൻ – ബാഹുലേയൻ നായർ, അമ്മ – ശോഭന കുമാരി, ഭാര്യ – പ്രിൻസി. മകന്‍ ആരാധിന് ഒന്നര വയസ്സ്. ഞാനും പ്രിൻസിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു പരിപാടിക്ക് പോയപ്പോഴാണ് പരിചയപ്പെട്ടത്. മതത്തിന്റെ പേരിലൊക്കെ ചില പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് അവളഉടെ വീട്ടുകാർ എന്നെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വിവാഹം നടത്തിത്തന്നു. അച്ഛനിൽ നിന്നാണ് മിമിക്രി എന്നിലേക്ക് വന്നത്. അച്ഛൻ പ്രേം നസീർ സാറിനെയൊക്കെ മനോഹരമായി അവതരിപ്പിക്കുമായിരുന്നു. അച്ഛൻ മരിച്ചിട്ട് 10 വർഷം. സഹോദരൻ ഇടപ്പഴഞ്ഞി വേലപ്പൊനൊപ്പം ചേർന്ന് നിരവധി സിനിമകൾ അച്ഛൻ പ്രൊഡ്യൂസ് ചെയ്തിരുന്നു. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘കിളികൊഞ്ചൽ’ ഒക്കെ നിർമ്മിച്ചത് ഇരുവരും ചേർന്നാണ്. അവരൊക്കെ പോയതോടെ സിനിമയുമായുള്ള ബന്ധങ്ങളൊക്കെ മുറിഞ്ഞു.