നടൻ ചെമ്പൻ വിനോദ് ജോസിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. അതേസമയം വിവാഹ വാർത്തയോടൊപ്പം ചെമ്പന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ‘വനിത ഓൺലൈനോട്’ ഇതാദ്യമായി സംസാരിക്കുകയാണ് ചെമ്പൻ വിനോദ് ജോസ്.
അടുത്ത മാസം ഞാൻ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം വാർത്തകൾ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയിൽ പെട്ടു. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എന്റെ അറിവോടെ പുറത്തു വന്നതല്ല. ആരോ കാണിച്ച കുസൃതിയാണത്. എന്റെ അറിവോടെയല്ലാതെ പുറത്ത് വന്ന ചിത്രം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ല.– ചെമ്പൻ പറയുന്നു.
വിവാഹ തീയതി സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. എല്ലാം വഴിയേ അറിയിക്കാം. എല്ലാവരുടേയും പ്രാർത്ഥനകൾ ഉണ്ടായാൽ മതി– ചെമ്പൻ പറഞ്ഞു നിർത്തി.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.