മലയാളി പ്രേക്ഷകരുടെ ‘സൂഫി’യാണ് ദേവ് മോഹൻ. ‘സൂഫിയും സുജാതയും’ എന്ന ആദ്യ സിനിമയിലൂടെ വലിയ ആരാധക പിന്തുണ നേടിയ യുവതാരം. ഇപ്പോഴിതാ, സൂഫിയിൽ നിന്നു തീർത്തും വേറിട്ട ഒരു കഥാപാത്രത്തിനായുള്ള തയാറെടുപ്പിലാണ് ദേവ്.
ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’യാണ് ദേവ് നായകനായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘പ്രേമസൂത്രം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം ചിത്രീകരണം തുടങ്ങുന്ന ‘പുള്ളി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാണ്.
‘‘തൽക്കാലം കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാനാകില്ല. എന്തായാലും സൂഫിയിൽ നിന്നു തീർത്തും വ്യത്യസ്തമായിരിക്കും ‘പുള്ളി’യിലെ റോൾ. മൊത്തത്തില്‍ ഒരു ട്രാൻസ്ഫർമേഷൻ ഉണ്ടാകും’’. – ദേവ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

വൺലൈനിൽ ഇഷ്ടം തോന്നി
ജിജുവേട്ടൻ രണ്ടു മൂന്നു തിരക്കഥകൾ പറഞ്ഞു. എല്ലാം ഇഷ്ടപ്പെട്ടു. അതിൽ ഒന്നു രണ്ടെണ്ണം വലിയ ക്രൗഡ് ഒക്കെ ആവശ്യമുള്ളവയാണ്. തൽക്കാലം ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് ‘പുള്ളി’തിരഞ്ഞെടുത്തത്. വൺ ലൈന്‍ പറഞ്ഞപ്പോൾ എനിക്കു ഭയങ്കരമായി കണക്ട് ആയി. പിന്നീട് വിശദമായ തിരക്കഥ തന്നു. വലിയ പ്രതീക്ഷയുള്ള പ്രൊജക്ട് ആണ് ‘പുള്ളി’.
സൂഫിക്കു ശേഷം ഒരുപാട് തിരക്കഥകൾ കേട്ടു. എനിക്ക് കണക്ട് ആകുന്ന സിനിമകൾ വേണം എന്നുണ്ടായിരുന്നു. ചിലത് നല്ല ആശയമാണെങ്കിലും ഞാൻ ചെയ്താൽ ശരിയാകില്ല എന്നു തോന്നി. എനിക്കു വന്ന കഥകളൊക്കെ നായക വേഷങ്ങളാണ്. അല്ലാത്ത ഒരു ഓഫർ ആരും വച്ചില്ല. എന്നെ ആകർഷിക്കുന്ന അത്തരത്തിലൊരു റോൾ കിട്ടിയാൽ തീർച്ചയായും ചെയ്യും.

ഷാനവാസ് ഇക്കയെ മിസ് ചെയ്യുന്നു. ഇക്കയ്ക്ക് ‘പുള്ളി’യെക്കുറിച്ച് അറിയാമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലൊക്കെ ഈ പ്രൊജക്ട് ആക്ടീവായിരുന്നു. ഞാൻ ഇക്കയോട് ഇതിന്റെ വൺലൈൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായി. നന്നായിട്ടുണ്ട്, പുതുമയുണ്ട് എന്നു പറഞ്ഞു. സൂഫി കഴിഞ്ഞ് തീർത്തും വേറിട്ട ഒരു വേഷം ചെയ്യണം എന്നായിരുന്നു എന്റെയും ആഗ്രഹം.