Friday 17 July 2020 12:50 PM IST

താടിയും മുടിയും നീണ്ടപ്പോൾ ഓഫീസ് മീറ്റിങ്ങുകളിൽ നിന്ന് മുങ്ങി! ‘കോർപറേറ്റ് സൂഫി’യുടെ രഹസ്യം ആരും അറിഞ്ഞില്ല! വിശേഷങ്ങളുമായി ദേവ് മോഹൻ

Unni Balachandran

Sub Editor

soofi mass da1

ലോക്ഡൗൺ കാലത്ത് പ്രണയവും സംഗീതവും പറയാനെത്തിയ ‘സൂഫിയും സുജാതയും’ ഒടിടി റിലീസിലും സൂപ്പർഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിൽ സുജാതയായി വേഷമിട്ട അദിതി റാവുവിനും രാജീവായി എത്തിയ ജയസൂര്യയ്ക്കും ഒപ്പം, ഒരു പുതുമുഖ നടന്റെ പേര് കൂടി കയ്യടികൾക്കൊപ്പം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. സൂഫിയായെത്തിയ ദേവ് മോഹൻ. രണ്ടു വർഷത്തോളം നീണ്ട തയാറെടുപ്പുകളിൽ പൂർത്തിയായ സിനിമ പ്രേക്ഷകർ സ്വീകരിച്ചതിന്റെ ആവേശത്തിൽ ആദ്യ സിനിമയുടെ വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ദേവ് മോഹൻ. ‘2018ലാണ് ഞാൻ സൂഫിയുടെയും സുജാതയുടെയും കഥ കേൾക്കുന്നത്. അന്ന് എന്നെ സിനിമയിലേക്ക് സിലക്ട് ചെയ്തു എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഒരു ദിവസം നിർമാതാവ് വിജയ് ബാബു ചേട്ടൻ എന്നോട് പറഞ്ഞു, സൂഫിയാണ് ദേവ്, സുജാത അദിതി രാവുവാണ്. ഞാൻ ആദ്യം ചോദിച്ചത് എന്നെ പറ്റിക്കുകയാണോന്നാണ്.’ സൂഫിയുടെ മുഖത്ത് തെളിയുന്ന അതേ നിഷ്കളങ്കതയോടെ ദേവ് പറഞ്ഞു തുടങ്ങുകയാണ്, ഒരിക്കലും അവസാനിക്കാത്ത ആദ്യ സിനിമയുടെ വിശേഷങ്ങൾ.

ജയസൂര്യ, അതിഥി റാവു... വലിയ താരങ്ങൾ. ഭയമുണ്ടായിരുന്നോ?

സുജാതയുടെ റോളിന് നടിയെ കിട്ടാനുള്ള അന്വേഷണത്തിലായിരുന്നു സംവിധായകൻ നാരാണിപ്പുഴ ഷാനവാസും നിർമാതാവ് വിജയ് ബാബുവും. അങ്ങനെ എന്നെ സിനിമയിലെടുത്ത് കുറച്ചധികം കാലം കഴിഞ്ഞിട്ടാണ് അദിതി റാവു, ജയസൂര്യ എന്നിങ്ങനെ വലിയ പേരോക്കെ കേട്ടത്. എന്റെ റോൾ പ്രാധാന്യം പോലും അതിനു ശേഷമാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ അവിശ്വസനീയമായി തോന്നി. സന്തോഷം കൊണ്ട് ചങ്കുപൊട്ടുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ടൈറ്റിൽ റോളാണെന്ന പേരിൽ ഞെട്ടാനുള്ള ടൈം കിട്ടിയിട്ടില്ല.

എങ്ങനെയായിരുന്നു സൂഫിയുടെ റോളിലേക്ക് എത്തിയത്?

പണ്ട് മുതൽ സിനിമ കാണുമായിരുന്നു, അപ്പൊ തോന്നാറുണ്ട് സിനിമയിലെ വേറെ മേഖലയൊന്നും എനിക്ക് സെറ്റായില്ലെങ്കിലും അഭിനയത്തിൽ ഒരു ൈക നോക്കാമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് സൂഫിയും സുജാതയുടെ ഓഡിഷൻ കോൾ വരുന്നത്. സുഹൃത്താണ് ആദ്യം ഈ ഓഡിഷൻ കോൾ അയച്ചു തന്നത്. അതേ ദിവസം തന്നെ വേറെയും കുറച്ച് സുഹൃത്തുക്കള്‍ ഇതേ ഓഡിഷൻ കോൾ അയച്ചപ്പോ എനിക്കെന്തോ സ്പാർക് കിട്ടി. അത് ശ്രദ്ധിച്ചപ്പോഴാണ് അവർ കഥാപാത്രത്തിന് ആവശ്യപ്പെട്ടിരിക്കുന്ന പോലെ ആറടി പൊക്കവും മെലിഞ്ഞ ശരീരപ്രകൃതിയും ഒക്കെ എനിക്കുണ്ടെന്ന് ശ്രദ്ധിച്ചത്. അങ്ങനെ ആദ്യമായൊരു ബയോഡേറ്റ തയാറാക്കി അയച്ചു. ഓഡിഷന് ചെല്ലുമ്പോൾ വിജയ് ബാബുവിനെയും കാണാം, ഓഡിഷൻ നടക്കുന്നത് എങ്ങനെയാണെന്നും അറിയാമെന്നും കരുതി പോയതാണ്. പക്ഷേ, ആദ്യ റൗണ്ടിലും, പിന്നീടുള്ള സെഷൻസിലും എന്നെ ഷോർട്‌ലിസ്റ്റ് ചെയ്തു.

സൂഫിയുടെ ഡാൻസും വാങ്ക് വിളിയും എങ്ങനെ പഠിച്ചെടുത്തു?

സൂഫി ഡാൻസും വാങ്ക് വിളികളും പഠിക്കാനായി എനിക്ക് ധാരാളം റഫറൻസ് വിഡിയോകൾ തന്നിട്ടുണ്ടായിരുന്നു. 25 വർഷമായി സൂഫി നൃത്തം ചെയ്യുന്ന ആളുകളുടെ മെയ്‌വഴക്കത്തോടെ വേണം ഡാൻസ് ചെയ്യാനെന്നായിരുന്നു സംവിധായകന്റെ നിർദേശം. പണ്ട് മുതലെ സൂഫി പാട്ടുകൾ എനിക്കിഷ്ടമായിരുന്നു. അതുകൊണ്ട് എളുപ്പത്തിൽ പഠിക്കാമെന്ന് കരുതിയെങ്കിലും സംഭവം നല്ല ബുദ്ധിമുട്ടായിരുന്നു. വിരലുകളിൽ കാൽകുത്തിനിന്ന് കറങ്ങണം. ആദ്യമൊക്കെ നല്ല പ്രശ്നമായിരുന്നു. തലകറക്കം, തലവേദന, ഛർദി അങ്ങനെ നട്ടംതിരിഞ്ഞു. ഇതൊരു ഡാൻസിനേക്കാൾ ഉപരിയായി ഒരു തരം മെഡിറ്റേഷനാണ്. ആദ്യം എനിക്ക് പത്ത് സെക്കൻഡ് നേരം മാത്രമേ കറങ്ങാൻ പറ്റിയിരുന്നുള്ളൂ. പത്ത് ഇരുപതായി, അങ്ങനെ പ്രാക്ടീസ് കൊണ്ട് പത്ത് മിനിറ്റ് വരെ ചെയ്യാൻ പറ്റുന്ന അവസ്ഥയിലായി. പക്ഷേ, ഷൂട്ടിന് എത്തിയപ്പൊ ഒരു പണി കിട്ടി. ഞാൻ പ്രാക്ടീസ് ചെയ്ത് നോക്കിയതും കണ്ട് വിഡിയോകളിലും എല്ലാ വളരെ മിനിസമുള്ള സ്ഥലത്തായിരുന്നു സൂഫി നൃത്തം ചെയ്തിരുന്നത്. പക്ഷേ, സിനിമയിൽ ഡാൻസ് ചെയ്യേണ്ടിയിരുന്നു പ്രതലം വളരെ കട്ടിയുള്ളതായിരുന്നു. അവിടെ നൃത്തം ചെയ്ത് എന്റെ കാലിനടിയിലെ തൊലി മുഴുവൻ പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

അത്പോലെ വാങ്ക് വിളിയ്ക്ക് ഒരു കഥാപാത്രത്തിന് ഉള്ളതുപോലെ സവിശേഷത ഉണ്ടാകണമെന്നാണ് എന്നോട് പറഞ്ഞു തന്നിരുന്നത്. അതുകൊണ്ട് തന്നെ ഞാനൊരു ആയിരം തവണയെങ്കിലും വാങ്ക് വിളിയുടെ ട്രാക്ക് കേട്ട് നോക്കിയിട്ടുണ്ടാകും. എവിടെ നിർത്തണം, എവിടെ ഗ്യാപ് നൽകണം എന്നൊക്കെ അറിയാൻ. ഒറ്റ ടേക്കിൽ രണ്ടര മിനിറ്റിലെ വാങ്ക് ഞാൻ ചെയ്തപ്പോൾ നല്ല അഭിപ്രായം കിട്ടിയതോടെ ആത്മവിശ്വാസമായി. സൂഫിയായി മാറിയത് വളരെ എക്സൈറ്റിങ് പ്രോസ‌സ് ആയിരുന്നു.

ജോലിക്കിടയിലെ പ്രിപ്പറേഷൻ ബുദ്ധിമുട്ടായിരുന്നില്ലെ?

തൃശ്ശൂരിലെ മൊക്കാനിക്കൽ എൻജിനിയിങ് പഠനം കഴിഞ്ഞയുടൻ കുറച്ച് ദിവസം ട്രെയിന്ങ്ങിന് വേണ്ടി ബെംഗളൂരുവിലൊരു കമ്പനിയിൽ പോയതാണ്. അവരെന്റെ ആത്മാർഥത കണ്ട് പണിക്കെടുത്തതുകൊണ്ടാണ് സിനമയ്ക്ക് പകരം എൻജിനിയറിങ്ങിലേക്ക് തന്നെ ജീവിതം പോയത്. എന്തുകൊണ്ടോ സിനിമയിലേക്ക് ഓഡിഷന് പോയതും സിലക്ട് ആയതുമുള്ള കാര്യം ഞാൻ ഓഫിസിൽ ആരോടും പറഞ്ഞില്ല. ഓഡിഷന് പോയിരുന്ന സമയത്ത്് എന്റെ മുടി ഷോർട് ആയിരുന്നു, താടിയും നോർമൽ ട്രിമ് ലുക്ക്. സിനിമയ്ക്കു വേണ്ടി എന്നോട് മുടിയും താടിയും വളർത്താൻ പറഞ്ഞപ്പോഴും ഞാൻ വിചാരിച്ചത് രണ്ട് മാസത്തിനകം സിനിമ തുടങ്ങുമെന്നായിരുന്നു. പക്ഷേ, അവിടെയാണ് കണക്കൂകൂട്ടൽ തെറ്റിയത്. സിനിമ തുടങ്ങാൻ വൈകി.

soofi 2

പക്ഷേ, സിനിമയ്ക്ക് വേണ്ടിയുള്ള എന്റെ മുടിയും താടിയും വളർന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും ആളുകൾ കാര്യമാക്കിയില്ല. നന്നായി വളർന്നു തുടങ്ങിയപ്പൊ ചോദ്യങ്ങളൊക്കെയായി. ഒരു കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ആളുടെ ലുക്കുമായി സാദൃശ്യമേ ഇല്ലാതെയായി. സംഭവം കയ്യീന്നു പോയപ്പൊ ഞാൻ‌ എന്റെ സീനിയറിനോട് പറഞ്ഞു, ഒരു സിനിമയിൽ ചെറിയൊരു റോൾ കിട്ടിയിട്ടുണ്ട്. അതിന്റെ പ്രിപ്പറേഷനാണെന്ന്. സാർ അത് ഓകെ പറഞ്ഞെങ്കിലും ബാക്കിയാളുകൾ എന്തൊക്കെയോ സംശയിക്കാൻ തുടങ്ങി. സിനിമയ്ക്ക വേണ്ടി മുടിയും താടിയും വെട്ടിയാൽ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ട് ചില പ്രധാന ഓഫീസ് മീറ്റങ്സും സീനിയേഴ്സുമായുള്ള കോൺഫറൻസുകളും ഞാൻ മുങ്ങി. മൊത്തത്തിൽ രണ്ട് വര്‍ഷം ഈ താടിയും മുടിയുമായി എങ്ങനെയൊ ഒരു കോർപറേറ്റ് സ്ഥാപനത്തിൽ നിന്നു. എന്റെ ഭാഗ്യം. ഇതിനടിയൽ കിട്ടിയ ടൈമിലായിരുന്നു ബാക്കി പ്രാക്ടീസൊക്കെ. ഉള്ള ലീവ് ലാഭിച്ചിട്ട് ഒപ്പിച്ചെടുത്ത 28 ദിവസംകൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ്ങിന് പോയത്.

സിനിമയുടെ ട്രൈലർ പുറത്തിറങ്ങിയപ്പോഴായിരുന്നു ‍ഞാൻ അഭിനയിച്ച കാര്യ എല്ലാവരും അറിയുന്നത്. ഇതിനിടയിൽ ഞാനെപ്പൊ പോയി അഭിനയിച്ചെന്നായിരുന്നു മിക്കവരുടെയും സംശയം. ഒടിടി ഇറങ്ങിയ ശേഷം എല്ലാവരും വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

അതിഥി റാവുവിനൊപ്പമുള്ള സ്ക്രീൻ ഷെയറിങ് അനുഭവം?

എന്റെ വേഷത്തേക്കാളും ഞാൻ പേടിച്ചത് അതിഥിയോടൊപ്പമുള്ള സീനുകളെ പറ്റിയാണ്. ഇതുപോലെയൊരു സീനിയർ ആക്ട്രസ്സിനൊപ്പം അഭിനയിക്കുമ്പോൾ തെറ്റ് വരുത്തരുതെല്ലോ. അതിഥി വന്നപ്പോഴെ ഞാൻ ചെന്ന് പറഞ്ഞു, ആദ്യ സിനിമയാണ് എനിക്ക് പേടിയുണ്ട് എന്നൊക്കെ . പക്ഷേ, അവരത് വളരെ ഈസിയായി കൈകാര്യം ചെയ്തു. സമയമെടുത്ത് ചെയ്താൽ മതി, എത്ര ടേക്ക് പോയാലും കുഴപ്പമില്ലെന്ന് അവരെ പോലൊരു നടി പറഞ്ഞപ്പോഴുള്ള സന്തോഷം വളരെ വലുതായിരുന്നു. ജയേട്ടന്റെ ( ജയസൂര്യ) കൂടെ എനിക്ക് സീനുകൾ ഒന്നുമില്ലായിരുന്ു. എന്റെ ഷൂട്ട് തീർന്ന് പോകുന്ന ദിവസമാണ് ഞാൻ ജയേട്ടനെ കാണുന്നത്. അന്ന് കുറച്ച് നേരം സംസാരിച്ചു. പക്ഷേ, സിനിമ കഴിഞ്ഞ് ആദ്യം വിളിച്ചതും പുതുമുഖ നടന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ നന്നായി ചെയ്തെന്നും പറഞ്ഞും ജയേട്ടനായിരുന്നു.

ആദ്യ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമമുണ്ടൊ?

സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഞാൻ ക്യാമറമാനോട് ചോദിക്കുമായിരുന്നു, ഈ സീനെങ്ങനെയാണ് എടുക്കുന്നതെന്നൊക്കെ. ഈ ഷോട്ടിൽ നിന്റെ ടൈറ്റാണ് വരുന്നതെന്ന് പറയുമ്പൊ വല്ലാതങ്ങ് സന്തോഷം തോന്നും. തിയറ്ററിൽ എന്റെ തല, എന്റെ ഫുൾ ഫിഗർ കാണാല്ലോ എന്നോർത്ത്. കൊറോണ വന്നപ്പോഴും എനിക്ക് പേടിയൊന്നും തോന്നിയില്ല. രണ്ട് മാസത്തിൽ കൊറോണ പോകും അത് കഴിഞ്ഞ് പടം ഇറക്കാമല്ലോ എന്ന് കരുതി. പക്ഷേ, സിനിമ ഒടിടി ഇറങ്ങുകയാണെന്ന് കേട്ടപ്പോൾ ഞാൻ വല്ലാതെ ഡെസ്പായി. ഒരുപാട് ആഗ്രഹിച്ചതുകൊണ്ടാകാം. പിന്നെ, വിജയ് ചേട്ടനാണ്(വിജയ് ബാബു) സിറ്റുവേഷനെ പറ്റിയൊക്കെ പറഞ്ഞുതന്നത്. അത് കേട്ടപ്പോൾ സമാധാനമായി. ഒരു സിനിമയുടെ ലക്ഷ്യം അൾട്ടിമേറ്റ്ലി കൂടുതൽ ആളുകൾ കാണുകയെന്നതാണല്ലോ. അങ്ങനെ നോക്കിയാൽ ഒടിടിയിലെ പ്രശ്നങ്ങൾ എനിക്ക് ഓകെ ആയിതോന്നി.ഇനി അടുത്ത ചെയ്യുന്ന സിനിമയിലെങ്കിലും എനിക്ക് തിയറ്ററിൽ മുഖം കാണിക്കണം എന്നതാണൊരു ആഗ്രഹം.

ജോലി ഉപേക്ഷിച്ച് സിനിമയെത്തിയപ്പോൾ വീട്ടിലെന്തായിരുന്നു റിയാക്ഷൻ ?

ഉപേക്ഷിച്ചിട്ടില്ലല്ലോ. അച്ഛൻ കൃഷ്ണകുമാറിന് ബിസിനസ്സാണ്, അമ്മ വത്സലയും ചേച്ചി മാലിനിയുമാണ് വീട്ടിലുള്ളത്. എന്നെ ഒന്നിലേക്കും നിർബന്ധിക്കുകയോ പ്രഷർ നൽകുകയോ ചെയ്യുന്നവരൊന്നുമല്ല വീട്ടുകാർ. അതുകൊണ്ട് ഇതുവരെ പ്രശ്നമൊന്നുമില്ല. എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു, കൂടുതൽ നന്നാക്കണമെന്നും പറഞ്ഞു. ഇനി മുതൽ സിനിമയ്ക്ക് മൂൻഗണന നൽകാൻ പോകുന്നകാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. അവരതിനും സപ്പോർട്ടാണ്. കല്യാണം അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളും മുൻപിലുണ്ട്, എല്ലാം നല്ലൊരു സമയമാകുമ്പോൾ തുറന്നു പറയാമെന്ന് കരുതുന്നു. സിനിമയിൽ പുതിയ കഥകൾ കേൾക്കാൻ തുടങ്ങുകയാണ്. ഇനി എനിക്ക് ചേരുന്നവ നോക്കി തിരഞ്ഞെടുത്ത് സിനിമയോടൊപ്പം മുന്നോട്ട് പോകാനാണ് ആഗ്രഹം.

Tags:
  • Movies