Wednesday 16 December 2020 11:26 AM IST

ദേവിയുടെ നന്നു ഇനി സിദ്ധാർഥിന്റെ ജീവിതസഖി! മകളുടെ വിവാഹം: വിശേഷങ്ങൾ വങ്കുവച്ച് ദേവി അജിത്

V.G. Nakul

Sub- Editor

d1

മകള്‍ നന്നു എന്ന നന്ദനയാണ് ദേവി അജിത്തിന്റെ ലോകം.‘നന്നു’ എന്ന തന്റെ പൊന്നുമോളെപ്പറ്റി പറയുമ്പോൾ ആ അമ്മ തിരയടങ്ങാത്ത കടൽ പോലെ തുടിക്കുന്നു. മകള്‍ വളർന്ന് ജോലിയൊക്കെ നേടി വലിയ കുട്ടിയായെങ്കിലും ഇപ്പോഴും വീടിന്റെ സ്വീകരണ മുറിയിലെ ചിത്രത്തിൽ തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന ആ കുട്ടിക്കുറുമ്പിയാണ് അവൾ തനിക്കെന്ന് മലയാളത്തിന്റെ പ്രിയനടിയായ ദേവി പറയും.

ഇപ്പോൾ നന്നു പുതിയൊരു ജീവിതത്തിലേക്കു കടക്കുന്നതിന്റെ സന്തോഷത്തിലാണ് ദേവി. ജൂലൈ ഒന്നിന് നന്നു സിദ്ധാർഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.

‘‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്....’’.– നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയതിങ്ങനെ.

d4

സിദ്ധുവിനെ എനിക്കു കുട്ടിക്കാലം മുതൽ അറിയാം. തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കൺസ്ട്രക്ഷൻ ബിസിനസ്സാണ്. സിദ്ധുവിന്റെ അച്ഛൻ ഹരി ശാസ്തമംഗലം കൗൺസിലറായിരുന്നു. അദ്ദേഹം 4 വർഷം മുമ്പ് മരിച്ചു. ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛൻ പോയ ശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റമോനാണ്. അമ്മ കീർത്തി.

മോളിപ്പോൾ ചെന്നൈയിലാണ്. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ജൂലൈ ഒന്നിനാണ് വിവാഹം. അമ്പലത്തിൽ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കും.

d2

നന്നു... എന്റെ ലോകം

നന്ദന എന്നാണ് മോളുടെ പേര്. നന്നു എന്നാണ് ഞാൻ വിളിക്കുന്നത്. മോൾ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്. വേർപാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോൾക്ക്. എങ്കിലും അവൾ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത്.– ‘വനിത’യ്ക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മകളെക്കുറിച്ച് ദേവി മനസ്സ് തുറന്നിരുന്നു.

d3

‘‘മോൾക്ക് ഞാനാണ് പേരിട്ടത്. മകൾ എന്നാണ് നന്ദനയുടെ അർത്ഥം. എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം ഇറ്റലിയിലെ മിലാനിൽ ഉപരി പഠനവും കഴിഞ്ഞ് ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്നു. ഞാനാണ് മോളുടെ ബെസ്റ്റ് ഫ്രണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് അവളും. ഞങ്ങൾ ഒന്നിച്ച് ഒരുപാട് യാത്ര ചെയ്യും. ഞാൻ എല്ലാം മോളോട് ചോദിച്ചിട്ടാണ് ചെയ്യുക. അങ്ങനെ ഒരു കൂട്ടാണ് ഞങ്ങൾ തമ്മിൽ’’. – ദേവി പറഞ്ഞു.