ADVERTISEMENT

നൊടിയിടയിൽ മിന്നിത്തിളങ്ങി മാഞ്ഞു പോയ ഒരു നക്ഷത്രമായിരുന്നു അവൾ. കുസൃതി തെളിയുന്ന കണ്ണുകളും പൂ വിരിയും പോലെ ചന്തമുള്ള ചിരിയുമായി, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നായികാസാന്നിധ്യം – ദിവ്യ ഭാരതി. തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലായി 3 വർഷത്തെ കരിയർ, 19 വയസ്സില്‍ ദുരൂഹതയുടെ ആവരണമുള്ള മരണം. ദിവ്യയുടെ ബയോഡേറ്റ ഇങ്ങനെ സംഗ്രഹിക്കാം.

ദിവ്യ മരിച്ചിട്ട്, ഈ വർഷം ഏപ്രിൽ അഞ്ചിന് 30 വർഷം തികയുമ്പോഴും ചില ചോദ്യങ്ങൾ വ്യക്തമായ ഉത്തരമില്ലാതെ അവശേഷിപ്പിക്കുന്നു – ആ മരണം ആത്മഹത്യയോ കൊലപാതകമോ ?

ADVERTISEMENT

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം മുതൽ, ദിവ്യയുടെ ഭർത്താവ് സാജിദ് നദിയാവാല വരെ സംശയത്തിന്റെ മുനയിൽ നിന്നെങ്കിലും ആ ‘കൊലപാതക സാധ്യത’ ഒരു സങ്കൽപ്പമായി ഒടുങ്ങി. ബോളിവുഡിന്റെയും അധോലോകത്തിന്റെയും പിന്നണിയിൽ ‘ഷോക്കിങ് റിപ്പോർട്ട്’ തേടി നടന്ന മുംബൈയിലെ ടാബ്ലോയിഡ് ജേണലിസത്തിനും അവയുടെ വായനക്കാർക്കും ചില ചൂടൻ അപസർപ്പക കഥകൾ സമ്മാനിച്ചു എന്നതിനപ്പുറം മറ്റൊന്നും കണ്ടെത്താത്ത ദുരൂഹത...

ഓം പ്രകാശ് ഭാരതിയുടെയും മീത ഭാരതിയുടെയും മകളായി 1974 ഫെബ്രുവരി 25 ന് മുംബൈയിലാണ് ദിവ്യ ഭാരതി ജനിച്ചത്. കുനാലും പൂനവും സഹോദരങ്ങൾ (ഓം പ്രകാശ് ഭാരതിയുടെ ആദ്യ ദാമ്പത്യത്തിലെ മകളാണ് പൂനം).

divya-2
ADVERTISEMENT

ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ ദിവ്യ, 16 വയസ്സിൽ ‘നിലാ പെണ്ണെ’ (1990) എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തുടർന്ന് വെങ്കിടേഷിനൊപ്പം തെലുങ്ക് ചിത്രം ‘ബൊബിലി രാജ’. ‘വിശ്വാത്മാ’ യിൽ (1992) സണ്ണി ഡിയോളിന്റെ നായികയായാണ് ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ ‘സാത് സമുന്തർ...’ എന്ന ഗാനവും ചിത്രവും വൻ വിജയമായതോടെ ദിവ്യ യുവാക്കളുടെ ഹരമായി. 1992 ൽ 12 ചിത്രങ്ങളിലാണ് ദിവ്യ അഭിനയിച്ചത്. മോഹൻ ബാബു, ഗോവിന്ദ, നന്ദമൂരി ബാലകൃഷ്ണ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി, ഋഷി കപൂർ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങി ഇന്ത്യൻ സിനിമയിലെ വലിയ താരങ്ങൾക്കൊപ്പമായിരുന്നു അവയിൽ ഏറെയും. 1993 ഡിസംബറിൽ തിയറ്ററുകളിലെത്തിയ ‘സത്രഞ്ജ്’ ആണ് അവസാന ചിത്രം. മരിക്കുമ്പോൾ, ദിവ്യ കരാറിലെത്തിയതും അഭിനയിക്കുന്നതുമായി പതിനൊന്നോളം സിനിമകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായിരുന്നു. പിന്നീട്, ഇതിൽ പലതും കഥയിൽ നേരിയ മാറ്റങ്ങളോടെ ദിവ്യയെ ഉൾപ്പെടുത്തിയോ, ഒഴിവാക്കിയോ പൂർത്തിയാക്കി.

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുമായുള്ള മുഖസാദൃശ്യം ദിവ്യയ്ക്ക് നേട്ടമായെന്ന വിലയിരുത്തലുമുണ്ട്. ഒരു ഘട്ടത്തിൽ ദിവ്യ ശ്രീദേവിയോളം വലിയ താരമാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. അതിനു തക്ക അഭിനയ ശേഷിയും സൗന്ദര്യവും അവർക്കുണ്ടായിരുന്നുവെന്നതിന് 3 ഫിലിം ഫെയർ അവാർഡുകൾ തെളിവാണ്. വർഷങ്ങൾക്കു ശേഷം വിക്രം സന്ധു ഒരുക്കുന്ന ‘ഡ്രീം’ എന്ന സിനിമ ദിവ്യ ഭാരതിയുടെ ബയോ പിക് ആണെന്ന അഭ്യൂഹങ്ങൾ പരന്നുവെങ്കിലും സംവിധായകൻ അതു നിഷേധിച്ചു.

ADVERTISEMENT

പ്രശസ്തിയുടെയും തിരക്കിന്റെയും ഉയരങ്ങളിൽ നിൽക്കേ, 1993 ഏപ്രില്‍ 5 നായിരുന്നു ദിവ്യ ഭാരതിയുടെ മരണം. അതിനകം പ്രശസ്ത നിർമാതാവും സംവിധായകനുമായ സാജിദ് നദിയാവാലയുടെ ജീവിതപങ്കാളിയായിരുന്നു അവർ. വിവാഹം കുടുംബങ്ങളിലുണ്ടാക്കിയേക്കാവുന്ന അമർഷങ്ങൾ ഒഴിവാക്കാനും സിനിമ ജീവിതത്തെ ബാധിക്കാതിരിക്കാനും തങ്ങളുടെ ബന്ധം ഇരുവരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് വളരെപ്പെട്ടെന്നാണ്.

സുഹൃത്തും ഡിസൈനറുമായ നീത ലുല്ലയുടെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തിയ ദിവ്യ നീതയ്ക്കും ഭർത്താവ് ശ്യാമിനുമൊപ്പം മദ്യപിച്ചു. നീതയും ശ്യാമും ഹാളിൽ ഇരുന്നു ടി.വി കാണുമ്പോൾ, ബാൽക്കണിയിൽ നിന്നു മദ്യപിക്കുകയായിരുന്ന ദിവ്യ അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു കാൽ തെറ്റി താഴെ വീണു മരിക്കുകയായിരുന്നുവത്രേ. എന്നാല്‍ അതിലത്ര വിശ്വാസ്യതയില്ലെന്നു തോന്നിയ മാധ്യമങ്ങൾ ദിവ്യയുടെ മരണത്തിൽ ഒരു കൊലപാതകത്തിന്റെ സാധ്യതയാണ് കൂടുതൽ ചികഞ്ഞത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും സാജിദും തമ്മിലുള്ള ബന്ധത്തിന് ദിവ്യയുടെ മരണത്തിൽ പങ്കുണ്ടെന്ന വാർത്തകള്‍ അങ്ങനെയാണ് പൊങ്ങി വന്നതും.

ദിവ്യ മരിച്ചെന്നറിഞ്ഞ സാജിദ് കുഴഞ്ഞു വീണു എന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏറെക്കാലം വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്നുമൊക്കെ അക്കാലത്ത് കഥകൾ പരന്നിരുന്നു. ‘സാജിദ് ദിവ്യയെ ഏറെ സ്നേഹിച്ചിരുന്നു. ഞാൻ ഒരിക്കലും ദിവ്യയ്ക്ക് പകരക്കാരി ആകാൻ ശ്രമിച്ചിട്ടില്ല’ എന്ന് സാജിദിന്റെ പിൽക്കാല ജീവിതപങ്കാളി വർദ ഖാൻ പറഞ്ഞതും ഇതിനോട് ചെർത്തു വായിക്കാം. നെറുകയിൽ കുങ്കുമം തൊട്ട്, ഒരു മണവാട്ടിയെപ്പോലെ ഒരുക്കിയാണ് ദിവ്യയുടെ മൃതദേഹം സംസ്കരിച്ചത്.

ദിവ്യയുടെ മരണം ഇന്ത്യൻ സിനിമയെയാകെ ഞെട്ടിച്ച ദുരന്തമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലാത്തതിനാൽ‌, നിറം പിടിപ്പിച്ച കഥകൾക്ക് പഞ്ഞമുണ്ടായില്ല. എന്നാൽ, ഓം പ്രകാശ് ഭാരതി മകളുടെ മരണത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായതോടെയാണ് വലിയ കോലാഹലങ്ങൾ അവസാനിച്ചത്.

divya-3

ദിവ്യയുടേത് അപകടമരണമാണെന്നും അതില്‍ ദുരൂഹതകളില്ലെന്നും അദ്ദേഹം വിശദമാക്കി. നീതയുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിൽ ഗ്രില്ലുകൾ ഇല്ലാത്തതിനാൽ, കാലുകൾ വഴുതി താഴേക്കു പതിച്ച ദിവ്യ തറയിൽ തലയടിച്ചു വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ മദ്യത്തിന് അടിമയായിരുന്നു എന്നും മദ്യമാണ് മകളുടെ ജീവനെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം ദിവ്യയുടെ അമ്മയും തുറന്നു പറഞ്ഞു.

1998 ൽ, ദിവ്യയുടേത് സ്വാഭാവികമായ ഒരു അപകട മരണം എന്ന തീർപ്പില്‍ പോലീസ് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. അപ്പോഴും സംശയങ്ങൾ പലതും ബാക്കിയായിരുന്നു. അതെല്ലാം ചെന്നെത്തിയത് ഒരേയൊരു ചോദ്യത്തിലേക്കും – ദിവ്യയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ?

ADVERTISEMENT