Thursday 07 July 2022 12:38 PM IST

മോണിങ് വാക്കിനു പോയപ്പോൾ അഭിനയിക്കാന്‍ ഒരു ചാൻസ്, ആ യാത്ര ലൊകാർണോ ചലച്ചിത്രമേളയിലേക്ക്...: ദിവ്യ പ്രഭ പറയുന്നു

V.G. Nakul

Sub- Editor

divya-prabha-1

ക്യാരക്ടർ റോളുകളിലൂടെ ഇതിനോടകം മലയാള സിനിമയിൽ ഇടമുറപ്പിച്ചു കഴിഞ്ഞ നടിയാണ് ദിവ്യ പ്രഭ. അവിചാരിതമായി അഭിനയരംഗത്തേക്കെത്തി, ടേക്ക് ഓഫ്, മാലിക്, തമാശ,നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ദിവ്യ ‘ഈശ്വരന്‍ സാക്ഷിയായി’ എന്ന സീരിയലിലെ അഭിനയത്തിന് 2015 ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും സ്വന്തമാക്കി.

divya-prabha-6

ഇപ്പോൾ കരിയറിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് താരം കടന്നു പോകുന്നത്. ദിവ്യ ആദ്യമായി നായിക വേഷത്തിലെത്തിയ ‘അറിയിപ്പ്’ 75 ആം ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ദിവ്യയുടെ അഭിനയ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവാകും.

മേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘അറിയിപ്പ്’. 17 വർഷത്തിനു ശേഷം പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും അറിയിപ്പിന് സ്വന്തം. 2011 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽക്കൂത്ത്’ ആയിരുന്നു ലൊകാർണോയിൽ അവസാനമായി പ്രദർശിപ്പിച്ച മലയാളം സിനിമ.

divya-prabha-5

നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ദമ്പതികളുടെ റോളിൽ.

‘‘ചലച്ചിത്രമേളകളിൽ സാന്നിധ്യമറിയിക്കാന്‍ തക്ക മികവുള്ള ഒരു സിനിമയാകും ‘അറിയിപ്പ്’ എന്ന് കഥ കേൾക്കുമ്പോഴും ചിത്രീകരണ ഘട്ടത്തിലുമൊക്കെ തോന്നിയിരുന്നു. ഒരു വെൽ റിട്ടൺ സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റെത്. അഭിനേതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അങ്ങനെയൊരു തിരക്കഥയും സംഭാഷണങ്ങളുമൊക്കെയാണ്. നമുക്ക് കൂടുതൽ അഭിപ്രായങ്ങളൊന്നും പറയേണ്ടതില്ല. വായിക്കുമ്പോഴേ അറിയാം ഡയലോഗുകളൊക്കെ വളരെ സ്വാഭാവികമായി പറഞ്ഞു പോകാവുന്നതാണെന്ന്. മേക്കിങ്ങിലും ഇപ്പോൾ കാണുന്ന മലയാള സിനിമകളിൽ നിന്നു മാറി മറ്റൊരു തലത്തിലാണ് ഈ ചിത്രം നിൽക്കുക’’. – ദിവ്യ ‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങിയതിങ്ങനെ.

ആഗ്രഹിച്ച തുടക്കം

ആദ്യമായാണ് ഞാൻ നായിക വേഷം ചെയ്യുന്നത്. തുടക്കം ഇങ്ങനെയൊരു നല്ല ടീമിനൊപ്പം വേണം എന്നുണ്ടായിരുന്നു.

2021 ഡിസംബറിലാണ് ‘അറിയിപ്പ്’ ചിത്രീകരണം തുടങ്ങിയത്. അതിന് ഒരു വർഷം മുമ്പേ മഹേഷ് എന്നെ തിരക്കഥ വായിച്ചു കേൾപ്പിച്ചിരുന്നു. കോവിഡും മറ്റു ബുദ്ധിമുട്ടുകളും കാരണമാണ് ഷൂട്ടിങ് നീണ്ടു പോയത്.

divya-prabha-3

കഥ കേട്ടപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു. മാത്രമല്ല, മഹേഷ് നാരായണന്റെ സിനിമയാകുമ്പോൾ കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ.

മഹേഷിന്റെ ‘ടേക്ക് ഓഫി’ലും ‘മാലിക്കി’ലും എനിക്ക് നല്ല ക്യാരക്ടർ റോളുകളാണ് കിട്ടിയത്. ഓഡിഷന്‍ വഴിയാണ് ‘ടേക്ക് ഓഫി’ൽ എത്തിയത്. ‘മാലിക്കി’ലും ഓഡിഷൻ ഉണ്ടായിരുന്നു.

തീർത്തും യാദൃശ്ചികം

പഠിക്കുന്ന കാലത്ത് കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിരുന്നെങ്കിലും, വളരെ യാദൃശ്ചികമായി അഭിനയരംഗത്തേക്കെത്തിയ ആളാണ് ഞാൻ. കൊച്ചിയിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ സുഭാഷ് പാർക്കിൽ മോണിങ് വാക്കിന് പോയതാണ്. അവിടെ ‘ലോക്പാൽ’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. ഒരു സീനിൽ മറ്റു കുറച്ചു പേർക്കൊപ്പം എന്നോടും അവിടെയൊന്ന് ഇരിക്കാമോ എന്ന് അതിന്റെ കോഡിനേറ്റർ ചോദിച്ചു. കൗതുകം തോന്നി ഓക്കെ പറഞ്ഞു. ‘ലോക്പാലി’ൽ എന്നെ കണ്ടെത്താൻ വലിയ പാടാണെങ്കിലും ആ കണക്ഷനിലാണ് ‘ഇതിഹാസ’യിൽ അവസരം കിട്ടിയത്.

divya-prabha-2

ആദ്യമൊക്കെ സിനിമ മതി കരിയർ എന്നൊന്നും തീരുമാനിച്ചിരുന്നില്ല. അവസരങ്ങൾ കിട്ടുകയും നല്ല അഭിപ്രായങ്ങളുണ്ടാകുകയും ചെയ്തതോടെയാണ്, ‘ഒാക്കെ... എനിക്ക് ഇത് പറ്റുന്ന സംഭവമാണ്... ഇനിയും ശ്രമിക്കാം...’ എന്ന് തോന്നിത്തുടങ്ങിയത്. സീരിയലിൽ സ്റ്റേറ്റ് അവാർഡ് കിട്ടിയതും വലിയ പ്രചോദനമായി.

ക്യാരക്ടർ റോളുകൾ തന്ന കരുത്ത്

എനിക്ക് കൂടുതലും കിട്ടിയിട്ടുള്ളത് ക്യാരക്ടർ റോളുകളാണ്. അതിലേക്ക് ഒതുങ്ങിപ്പോകും നായിക വേഷങ്ങൾ വരില്ല എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് അഭിനയം പഠിക്കാനും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമുള്ള അവസരമായിരുന്നു അത്തരം റോളുകൾ. കുറച്ച് ക്യാരക്ടർ റോളുകളൊക്കെ ചെയ്ത്, ഇത് എന്താ സംഭവം എന്നൊക്കെ മനസ്സിലാക്കിയിട്ട് ലീഡ് റോളുകളിലേക്ക് വരുന്നതാണ് നല്ലത്. ഇനിയും നല്ല റോളുകൾ വന്നാൽ ക്യാരക്ടർ വേഷങ്ങളിൽ അഭിനയിക്കും.

ഞാൻ പൂർണമായി ചെയ്ത ഒരു സീരിയൽ കെ.കെ രാജീവ് സാറിന്റെ ‘ഈശ്വരന്‍ സാക്ഷിയായി’ ആണ്. സിനിമയിലേക്ക് വന്ന ശേഷമാണ് അത്. കെ.കെ രാജീവിന്റെ സീരിയൽ ആയതുകൊണ്ടാണ് അഭിനയിച്ചതും. ബോബി–സഞ്ജയ് ആയിരുന്നു കഥ. പിന്നീട് കെ.കെ രാജീവിന്റെ ‘അമ്മമാനസ’ത്തിലും കുറച്ച് എപ്പിസോഡുകളിൽ ഉണ്ടായിരുന്നു. 

എന്റെ അടുത്ത സുഹൃത്തുക്കളായ കനി കുസൃതിയും ദർശനയും ശാന്തിയും യമയുമൊക്കെ നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകം ഞാനും അഞ്ച് സ്റ്റേജിൽ കളിച്ചിട്ടുണ്ട്.

ഡോൺ പാലത്രയുടെ പുതിയ സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകഴിഞ്ഞത്.

divya-prabha-4

ജനിച്ചു വളർന്നത് തൃശൂരാണ്. കോളജ് പഠനം കൊല്ലത്തായിരുന്നു. ബോട്ടണിയിൽ ഡിഗ്രിയെടുത്ത ശേഷം എം.ബി.എ ചെയ്തു. അതിനിടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. അച്ഛൻ ഗണപതി അയ്യർ ഒന്നരവർഷം മുമ്പ് മരിച്ചു. അമ്മ ലീലാമണിയമ്മ. രണ്ട് സഹോദരിമാരാണ്. അവരുടെ വിവാഹം കഴിഞ്ഞു.