മൂന്നു വർഷത്തെ ഇടവേള അവസാനിച്ചു. മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം ദിവ്യ വിശ്വനാഥ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയാണ്. തമിഴിലൂടെയാണ് റീ എൻട്രി. ‘കന്നത്തില്‍ മുത്തമിട്ടാൽ’ എന്ന പരമ്പരയില്‍ സുഭദ്ര എന്ന കഥാപാത്രമായാണ് ദിവ്യയുടെ മടങ്ങിവരവ്.
മലയാളത്തിന്റെ യുവസംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ദിവ്യയുടെ ജീവിത പങ്കാളി. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രതീഷ്. രണ്ടു വയസ്സുകാരി വേരദക്ഷിണയാണ് ഇവരുടെ മകൾ.
‘‘വിവാഹം കഴിഞ്ഞ ശേഷവും അഭിനയത്തിൽ തുടരുന്നുണ്ടായിരുന്നു. ഗർഭിണിയായതോടെയാണ് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ശേഷമുള്ള മൂന്നു വർഷവും ഞാൻ സൂപ്പർബിസിയായിരുന്നു. രതീഷും സിനിമകളുടെ വർക്കിലായതോടെ, മോളുടെ കാര്യങ്ങളും മറ്റും ശ്രദ്ധിച്ച് മുന്നോട്ടു പോയി. ഇപ്പോൾ മോളെ പ്ലേ സ്കൂളിൽ ചേർക്കാം എന്നായപ്പോഴാണ് തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ചത്. തമിഴിൽ നിന്നാണ് ആദ്യം അവസരം വന്നതെന്നതിനാൽ ഓക്കെ പറയുകയായിരുന്നു’’. – ദിവ്യ വിശ്വനാഥ് ‘വനിത ഓൺലൈനോട്’ തന്റെ മടങ്ങിവരവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതിങ്ങനെ.

അഭിനയത്തിന്റെ 15 വർഷം
‘ഗൗരി’ എന്ന പരമ്പരയിൽ അഭിനയിക്കവേയാണ് ബ്രേക്ക് എടുത്തത്. പത്ത് വർഷം മുമ്പ് ‘സ്ത്രീധന’ത്തിൽ അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ ശേഷവും സജീവമായിരുന്നു.
മാറിനിന്ന കാലം വളരെ പെട്ടെന്നാണ് പോയത്. ഇപ്പോൾ ചിന്തിക്കുമ്പോഴാണ് മൂന്നു വർഷം മാറി നിന്നല്ലോന്ന് ചിന്തിക്കുന്നത്. ഇത്രയും ഗ്യാപ്പ് ഉണ്ടായി എന്ന ഒരു തോന്നലുണ്ടാകുന്നില്ല.
2007 ല്‍ ആണ് ഞാന്‍ എന്റെ ആദ്യ സീരിയലായ ‘മനപ്പൊരുത്ത’ത്തിൽ അഭിനയിച്ചത്. ‘സ്ത്രീധന’ത്തോടെയാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അത് സൂപ്പർഹിറ്റായിരുന്നു. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, മാമാട്ടിക്കുട്ടിയമ്മ, വേളാങ്കണ്ണി മാതാവ്, മിഴിരണ്ടിലും തുടങ്ങി ഇരുപതോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചു.
എന്റെ യഥാർത്ഥ പേര് ദിവ്യ വിശ്വനാഥ് എന്നാണ്. തമിഴിൽ ‘അയ്യൻ’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ അവരാണ് ദിവ്യ പത്മിനി എന്ന പേര് നിർദേശിച്ചത്. പിന്നീട് ഞാൻ തന്നെ അത് മാറ്റി. പലരും ഇപ്പോഴും ദിവ്യ പത്മിനി എന്ന് ഉപയോഗിക്കാറുണ്ട്.

മലയാളത്തിൽ ‘ചന്ദ്രനിലേക്കൊരു വഴി’യാണ് എന്റെ ആദ്യ സിനിമ. പിന്നീട് ‘ഇന്ദ്രജിത്ത്’ എന്ന ചിത്രത്തിൽ അഭിനയിച്ചു.
പ്രണയമല്ല മാട്രിമോണി
ഞാനും രതീഷും തമ്മിലുള്ള വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. പലരുടെയും വിശ്വാസം അങ്ങനെയല്ല. അവർ ചോദിക്കുന്നത് നിങ്ങള്‍ പ്രണയത്തിലായിരുന്നോ എന്നാണ്. എന്നാൽ അല്ല. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ആലോചന വന്നത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു.
‘കനകം കാമിനി കലഹ’ത്തിലെ നായിക ഒരു സീരിയൽ നടിയാണ്. എന്റെ ചില റഫറൻസുകളൊക്കെ കക്ഷി അതിനായി ഉപയോഗിച്ചിട്ടുണ്ട്. തിരക്കഥ എഴുതിക്കഴിഞ്ഞ് എന്നോട് പറഞ്ഞപ്പോള്‍ അതിൽ പല കാര്യങ്ങളും ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുള്ളതാണെന്ന് തോന്നി. ഞങ്ങൾ വീട്ടിൽ സിനിമ ചർച്ച ചെയ്യാറുണ്ട്.
കട്ടപ്പനയാണ് എന്റെ നാട്. രതീഷിന്റേത് പയ്യന്നൂരും. അച്ഛൻ, അമ്മ, അനിയന്‍, അനിയത്തി എന്നിവരാണ് എന്റെ വീട്ടിൽ. അച്ഛൻ രണ്ട് വർഷം മുമ്പ് മരിച്ചു പോയി. അതിന്റെ വേദനയിൽ നിന്ന് ഇപ്പോഴും പുറത്തു വന്നിട്ടില്ല. അച്ഛൻ ഒപ്പമില്ലെന്ന് തോന്നുന്നില്ല.
ആ സംഭവം

സീരിയൽ രംഗത്ത് എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കൽ ഭയാനകമായ ഒരു സാഹചര്യത്തെ അതീജിവിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ അതെക്കുറിച്ച് വന്നപോലെയായിരുന്നില്ല കാര്യങ്ങൾ.
ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെ, താമസിച്ചിരുന്ന ഹോട്ടലിൽ നിന്നു അതിന്റെ പ്രൊഡ്യൂസർ എന്നെ തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി. എന്തായിരുന്നു അവരുടെ ഉദ്ദേശ്യം എന്ന് ഇപ്പോഴും എനിക്കറിയില്ല.
മദ്യപിക്കാനൊക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ് പോലെയുള്ള ഇടമായിരുന്നു അത്. ഒട്ടും സുരക്ഷിതമായ സാഹചര്യമായിരുന്നില്ല. സെക്യൂരിറ്റിയോ റിസപ്ഷനോ ഒന്നുമില്ല. ഞാൻ തനിച്ചാണ് അവിടെ. മതിലോ ഗെയിറ്റോ ഇല്ലാതെ, ഏക്കറ് കണക്കിന് സ്ഥലത്താണ് കെട്ടിടം.
വരാന്തയുടെ വശങ്ങളിൽ കുറേ മുറികളാണ്. ഭിത്തിക്കു പകരം ഗ്ലാസ്. കർട്ടൻ ഇട്ടാണ് അത് മറച്ചിരിക്കുന്നത്. അർദ്ധ രാത്രിയിൽ പുറത്തൂടെ ആളുകൾ നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും കേൾക്കാം. വാതിലിന് പൂട്ടില്ല. ബാത്ത് റൂമിന്റെ ജനൽ ഓപ്പണാണ്. ആർക്കു വേണമെങ്കിലും മുകളിലൂടെ ബാത്ത് റൂമിലേക്ക് ഇറങ്ങിവരാം. പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിച്ചു കൂട്ടിയത്.
മാറ്റണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഹോട്ടലിൽ മുറിയില്ലെന്നായിരുന്നു മറുപടി. ഞാൻ തിരക്കിയപ്പോൾ അവിടെ മുറിയുണ്ട് താനും. അതു ഞാൻ നിർമാതാവിന്റെ മകനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ പോയി. ഹോട്ടലിൽ തിരക്കിയപ്പോഴറിഞ്ഞത് ദിവ്യയ്ക്ക് റൂം കൊടുക്കണ്ടാന്ന് പ്രൊഡ്യൂസർ പറഞ്ഞെന്ന്. അതോടെ ഞാൻ അവിടെ നിന്നു തിരികെ വീട്ടിലേക്ക് പോയി. ഇതാണ് സത്യം. മീഡിയയിൽ മറ്റെന്തൊക്കെയോ ആണ് വന്നത്.