Monday 18 January 2021 12:15 PM IST

‘സിനിമയിൽ ആദ്യം എത്തുന്നത് ഞാനാകും എന്നു കരുതി... അതിനും മുമ്പേ ഞാൻ ക്രിയേറ്റീവായി സമ്പാദിച്ചു തുടങ്ങി’! ദിയ കൃഷ്ണ പറയുന്നു

V.G. Nakul

Sub- Editor

diya-1

ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിനൊപ്പം സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനം കവർന്ന പുതുതലമുറക്കാരിൽ ഒരാർ. രസകരമായ ടിക്ടോക്ക് വിഡിയോസിലൂടെയും യൂ ട്യൂബ് ചാനലിലൂടെയും ഇൻഫ്ലുവൻസര്‍ മാർക്കറ്റിങ്ങിലൂടെയും ചുരുങ്ങിയ കാലത്തിനിടെ ധാരാളം ആരാധകകരെ ദിയ സ്വന്തമാക്കി. അച്ഛൻ കൃഷ്ണകുമാർ, അമ്മ സിന്ധു, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവർ അഭിനേതാക്കളാണ്. ഇനി മലയാളികളുടെ ഈ പ്രിയതാരകുടുംബത്തിൽ നിന്ന് ദിയ കൂടിയേ സിനിമയിലേക്കും അഭിനയ രംഗത്തേക്കും എത്താനുള്ളൂ.

diya-5

‘‘സിനിമയിലേക്ക് എന്നു വരും എന്നു ചോദിച്ചാൽ, അതു നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. കുട്ടിക്കാലം മുതല്‍ വീട്ടിൽ ഞങ്ങൾ‌ മൂന്ന് പേരില്‍ ആദ്യം സിനിമ സിനിമ എന്ന് ആഗ്രഹിച്ചു തുടങ്ങിയത് ഞാനാണ്. സ്കൂളിൽ സകല കലാപരിപാടികൾക്കും നാടകത്തിനുമൊക്കെ പങ്കെടുക്കും. നല്ല നടിക്കുള്ള സമ്മാനമൊക്കെ കിട്ടിയപ്പോൾ ഞാന്‍ വിചാരിച്ചു – ‘ആഹാ...വീട്ടിൽ നിന്ന് ഇനി ആദ്യം സിനിമയിലെത്താൻ പോകുന്നത് ഞാനാ’...എന്ന്. വീട്ടുകാരും അതു തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, ആദ്യം ചേച്ചി സിനിമയിൽ വന്നു. തൊട്ടു പിന്നാലെ ഹൻസികയും ഇഷാനിയും വന്നു. ഞാൻ മാത്രം ഇപ്പോഴും പ്ലിംഗ്!’’.– ഒരു നീണ്ട ചിരിയോടെ ദിയ ‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങി. ഈ ചിരി സംസാരത്തിലുടന്നീളമുണ്ടായിരുന്നു. എപ്പോഴും ചിരിക്കുന്ന, ഉറക്കെ സംസാരിക്കുന്ന, ഉൗർജസ്വലയായി ഇടപഴകുന്ന, വേറിട്ട ചിന്തകളുള്ള, ആർക്കും ഇഷ്ടം തോന്നുന്ന പെൺകുട്ടി – ദിയയെ ഇങ്ങനെ വിശേഷിപ്പിക്കാം.

diya-6

‘‘അവസരങ്ങൾ പലതും വന്നിരുന്നു. ഒന്നും എനിക്കു പറ്റിയ തുടക്കമാകുമെന്ന് തോന്നിയില്ല. ഇതിനോടകം 20 പടം ചെയ്യേണ്ട സമയം കഴിഞ്ഞു. ആർക്കുമറിയാത്ത 20 പടം ചെയ്യുന്നതിനെക്കാൾ ഭേദം എല്ലാവരുമറിയുന്ന ഒരു പടം ചെയ്യുന്നതല്ലേ. ഇനി ഒരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അതിനെ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നും എനിക്ക് ധാരണയുണ്ട്’’. – ദിയ പറയുന്നു.

ടിക്ക് ടോക്കിന് എതിരായിരുന്നു

സത്യത്തിൽ ഞാനാദ്യം ടിക്ക് ടോക്കിന് എതിരായിരുന്നു. ഇഷ്ടമല്ലായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒന്നു രണ്ടെണ്ണം ചെയ്തപ്പോള്‍ കൂട്ടുകാർ കളിയാക്കി. അതോടെ നിർത്തി. പിന്നീട് ഞാൻ കൂട്ടുകാരെ അവരുടെ വിഡിയോസ് കണ്ട് കളിയാക്കാൻ തുടങ്ങി. ലോക്ക് ഡൗൺ ആയപ്പോൾ ഹൻസിക നിർബന്ധിച്ചിട്ടാണ് വീണ്ടും ചെയ്തു തുടങ്ങിയത്. അത് ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ ധാരാളം വ്യൂസും ലൈക്കും കിട്ടി. അപ്പോൾ വീണ്ടും ചെയ്തു. അങ്ങനെ ചെയ്ത് ചെയ്ത് 100 വിഡിയോ കഴിഞ്ഞു.

diya-3

ലോക്ക് ഡൗൺ ആണ് യൂ ട്യൂബ് ചാനൽ എന്ന ആശയത്തിലേക്കും എത്തിച്ചത്. ചേച്ചിയാണ് ആദ്യം തുടങ്ങിയത്. എനിക്ക് അതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ചേച്ചി ചെയ്യുന്നതു കണ്ടപ്പോൾ എന്തിനാ ഇത്ര മെനക്കെടുന്നതെന്നാണ് ആദ്യം ചിന്തിച്ചത്. എന്തായാലും വെറുതെ ഇരിക്കുവല്ലേ ചെയ്തു നോക്കിയാലോ എന്ന് കുറച്ചു കഴിഞ്ഞപ്പോൾ തോന്നി. അങ്ങനെ തുടങ്ങിയതാണ്. ഇപ്പോൾ സജീവമായി. കുറേ വിഡിയോസ് ഇട്ടു. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ ഞാനാണെന്ന് പറയാം. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ എനിക്ക് വരുമാനം കിട്ടിത്തുടങ്ങി.

സോഷ്യൽ മീഡിയ കൃത്യമായി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പ്രമോഷൻ, കൊളാബ്രേഷൻ ഒക്കെ ചെയ്യുന്നുണ്ട്. വരുമാനവും വന്നു തുടങ്ങി. ഇൻസ്റ്റഗ്രാമിൽ ഞാനിപ്പോൾ ഒരു ഇൻഫ്ലുവൻസറാണ്. വലുതും ചെറുതുമായ ബ്രാൻഡുകൾ മാർക്കറ്റിങ്ങിനായി സമീപിക്കുന്നു. ഞാൻ പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾ ആളുകൾ സ്വീകരിക്കുന്നുമുണ്ട്.

പഠനത്തിന് ബ്രേക്ക്

ഇഗ്ലീഷ് ലിറ്ററേച്ചറിലാണ് ഗ്രാജുവേഷൻ. അതിനു ശേഷം ഒരു ബ്രേക്ക് എടുത്തു. തുടർന്ന് പഠിക്കാൻ തോന്നിയില്ല. 2019 ൽ മനപൂർവം ബ്രേക്ക് എടുത്തതാണ്. 2020 ൽ എന്തെങ്കിലും കോഴ്സ് ചെയ്യാം എന്നു കരുതിയപ്പോൾ കൊറോണയുടെ പ്രശ്നങ്ങൾ വന്നു, അങ്ങനെ 2020 ലും ബ്രേക്ക് ആയി. എനിക്ക് ഓൺലൈൻ പഠനം ശരിയാകില്ല. കോളജിൽ പോയിട്ടേ ശരിയാകാറില്ല. പിന്നെയാണ് ഓൺലൈൻ. അതു ചിന്തിക്കാനേ പറ്റില്ല. ഇടയ്ക്ക് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് നോക്കിയിരുന്നു. യാത്രകളോടുള്ള ഇഷ്ടമാണ് കാരണം. ഡിഗ്രി ഉണ്ടല്ലോ. സാധാരണ എല്ലാവരും ഒരു ജോലി ലഭിക്കുന്നതിനാണല്ലോ പഠിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാൻ ക്രിയേറ്റീവായി ജോലി ചെയ്യുന്നുണ്ട്. വരുമാനവും ലഭിക്കുന്നു.

diya-2

ചിന്തിച്ച് തീരുമാനം

വീട്ടിൽ ഞാനാണ് കുറച്ചു കൂടി എനർജറ്റിക്ക് എന്ന് എല്ലാവരും പറയും. ഞാൻ വീട്ടിലില്ലെങ്കിൽ അയലത്തുകാർക്ക് പെട്ടെന്ന് മനസ്സിലാകും.

എന്തുകാര്യവും കൃത്യമായി പഠിച്ച്, മനസ്സിലാക്കിയേ ഞാൻ ചെയ്യൂ. എല്ലാം മാറിനിന്ന് നിരീക്ഷിക്കും. അധികമായി ചിന്തിച്ചാണ് പല തീരുമാനവും എടുക്കുന്നത്.

ക്യാമറയോട് പേടിയില്ല. തെറ്റില്ലാതെ നൃത്തം ചെയ്യും. ജനിച്ച കാലം മുതൽ നമ്മൾ സിനിമയെക്കുറിച്ചാണല്ലോ കേൾക്കുന്നത്. അതുകൊണ്ടു തന്നെ സിനിമയിലേക്ക് വരുമ്പോൾ ഏറ്റവും മികച്ച തീരുമാനം എടുക്കണം എന്നാണ് താൽപര്യം. ഇപ്പോൾ ‘വണ്‍’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഇഷാനി അഭിനയിച്ച ആദ്യത്തെ സിനിമയാണത്.